കൊണ്ടോട്ടി- ഹജുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശീലനങ്ങൾക്ക് കേരളത്തിന്റെ മാതൃക സ്വീകരിക്കാൻ കേന്ദ്ര ഹജ് കമ്മിറ്റി തയാറെടുക്കുന്നു. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, കോഡിനേറ്റർ എൻ.പി.ഷാജഹാൻ എന്നിവർ കേന്ദ്ര ഹജ് കമ്മിറ്റി സി.ഇ.ഒ ഡോ.മഖ്‌സൂദ് അഹമ്മദ് ഖാൻ, ഡെപ്യൂട്ടി സി.ഇ.ഒ സയീദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന ഹജ് കമ്മിറ്റി ഏറ്റെടുക്കുകയാണെങ്കിൽ ഇതിന് വേണ്ട ചെലവുകളും മറ്റു നടപടികളും കേന്ദ്ര ഹജ് കമ്മിറ്റി നൽകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഹജ് വേളയിലുണ്ടായ വെളളപ്പൊക്കത്തിൽ വന്ന അധിക ചെലവുകളും നഷ്ടങ്ങളും കേന്ദ്ര ഹജ് കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷം സാമ്പത്തിക സഹായം സംസ്ഥാനത്തിന് നൽകും.
കരിപ്പൂർ ഹജ് ഹൗസിൽ സിവിൽ സർവീസ് എൻട്രൻസ് എക്‌സാമിനേഷൻ സെന്റർ ആരംഭിക്കും. നിലവിൽ കേരളത്തിൽ നിന്നുളള വിദ്യാർഥികൾ ബംഗ്‌ളൂർ
സെന്ററിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കരിപ്പൂർ ഹജ് ഹൗസിൽ സ്ഥിരം ഹജ് ട്രെയിനിങ് സെന്റർ ആക്കാനുളള നടപടികളും ആരംഭിച്ചു വരികയാണ്.