കണ്ണൂർ - എന്തൊക്കെ എതിർപ്പുകളുണ്ടായാലും വൃശ്ചികം ഒന്നിനു താൻ ശബരിമലയിലേക്കു പോകുമെന്ന് കണ്ണപുരം അയ്യോത്ത് സ്വദേശിനി രേഷ്മ നിഷാന്ത് പറഞ്ഞു. സുപ്രീം കോടതി വിധിക്കു ശേഷം സംസ്ഥാനത്ത് ആദ്യമായി ഈ മണ്ഡല കാലത്തു മല ചവിട്ടാൻ മാലയിട്ട് വ്രതമാരംഭിച്ച രേഷ്മ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെയും ഭീഷണിയെയും കുറിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. തനിക്കെതിരെ ഭീഷണിയുയർത്തുകയും വീടിനു മുന്നിൽ പ്രകടനം നടത്തുകയും ചെയ്തതു സംബന്ധിച്ച് കണ്ണപുരം പോലീസിൽ പരാതി നൽകിയതായും രേഷ്മ അറിയിച്ചു.
വൃശ്ചികം ഒന്നിനു അയ്യപ്പ ദർശനം നടത്തണമന്നാണ് ആഗ്രഹിക്കുന്നത്. തനിക്കൊപ്പം കൂടെ വരാൻ സ്ത്രീകളുണ്ട്. എന്നാൽ ഇപ്പോൾ അവരുടെ പേരു വെളിപ്പെടുത്തുന്നില്ല. നവ മാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന തെറി വിളികളെ കണക്കിലെടുക്കുന്നില്ല. എന്റെ വിശ്വാസവും ഭക്തിയും എന്റേതു മാത്രമാണ്. വിശ്വാസിയായ കമ്യൂണിസ്റ്റുകാരിയാണ് താൻ. ഭീഷണികളെ വകവെക്കുന്നില്ല. തനിക്കു എല്ലാ സംരക്ഷണവും സർക്കാർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് -രേഷ്മ പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ, രേഷ്മ തന്റെ ഫേസ് ബുക്കിലൂടെയാണ് താൻ വ്രതം നോക്കുന്ന കാര്യം അറിയിച്ചത്. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വെച്ചാണ് യുവതി തന്റെ പ്രാർഥന ആരംഭിച്ചത്. ഈ ക്ഷേത്രത്തിൽ നിന്നുള്ള ഫോട്ടോകളും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത്തവണ കോടതി വിധിയുടെ പശ്ചാത്തലത്തിൽ അയ്യപ്പനെ കാണാൻ തിരു സന്നിധിയിലെത്തണമെന്നുമാണ് തന്റെ ആഗ്രഹമെന്നും രേഷ്മ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. വിപ്ലവമല്ല, മറിച്ചു വിശ്വാസമാണ് തന്റെ ഈ തീരുമാനത്തിനു കാരണമെന്നും ഇത് നാളെ വിശ്വാസികളായ ലക്ഷക്കണക്കിനു യുവതികൾക്കു കരുത്താകുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്നും രേഷ്മ പറയുന്നു. ശബരിമലയിൽ പോകാൻ വ്രതം അനുഷ്ഠിക്കുന്ന കണ്ണപുരത്തെ രേഷ്മ നിഷാന്ത്