കൊച്ചി- അമ്മയുടെ ട്രഷററായ ജഗദീഷ് ഔദ്യോഗിക വക്താവ് എന്ന വിശേഷണത്തോടെ ഇന്നലെ രാവിലെ വാർത്താക്കുറിപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് അതിന് വിരുദ്ധമായ നിലപാടുകളുമായി അമ്മ സെക്രട്ടറി സിദ്ദീഖ് വാർത്താസമ്മേളനം നടത്തിയത്. ഇതോടെ അമ്മ നേതൃത്വത്തിൽ ദിലീപ് വിഷയത്തിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വന്നു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും വൈകാതെ പ്രത്യേക ജനറൽ ബോഡി വിളിച്ചു ചേർക്കുമെന്നുമായിരുന്നു ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്. എന്നാൽ രാജിവെച്ച നടിമാർ ഇനി പടിക്ക് പുറത്തായിരിക്കുമെന്ന നിലപാട് സ്വീകരിച്ച സിദ്ദീഖ്, പ്രത്യേക ജനറൽ ബോഡി വിളിച്ചു ചേർക്കില്ലെന്നും വ്യക്തമാക്കി. ഇരുവരും അമ്മ പ്രസിഡണ്ട് മോഹൻലാലുമായി സംസാരിച്ചു തീരുമാനിച്ച കാര്യങ്ങളെന്ന നിലയിലാണ് നിലപാടുകൾ പുറത്തുവിട്ടത്. അതോടെ മോഹൻലാലിന്റെ നിലപാട് എന്താണെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്.
സംഘടനയുടെ ഖജാൻജി ജഗദീഷ് വാർത്താകുറിപ്പ് ഇറക്കിയത് സംഘടനയുടെ നിർദേശപ്രകാരമല്ലെന്നും അദ്ദേഹം അമ്മയുടെ വക്താവല്ലെന്നും സിദ്ദീഖ് പറയുന്നു. മോഹൻലാൽ, വൈസ് പ്രസിഡന്റ് ഗണേശ് കുമാർ, ഇടവേള ബാബു എന്നിവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് താൻ വാർത്താസമ്മേളനം വിളിച്ചു ചേർത്തതെന്നും സിദ്ദീഖ് പറഞ്ഞു.
എന്നാൽ താൻ അമ്മയുടെ വക്താവ് തന്നെയാണെന്നും പ്രസിഡന്റ് മോഹൻലാലിനോട് ചർച്ച ചെയ്തതിന് ശേഷം തന്നെയാണ് വാർത്താക്കുറിപ്പിറക്കിയതെന്നും ജഗദീഷ് പറഞ്ഞു. സിദ്ദീഖടക്കം എല്ലാ ഭാരവാഹികൾക്കും ഇതയച്ച് നൽകിയിരുന്നു. അച്ചടക്കമുള്ള അംഗമെന്ന നിലയിൽ താൻ കൂടുതൽ പറയുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.