കൊച്ചി- താരസംഘടനയായ അമ്മയിൽനിന്ന് രാജിവെച്ചവരെ നിരുപാധികമായി തിരിച്ചെടുക്കില്ലെന്നും അവർ മാപ്പു പറയണമെന്നും നടൻ സിദ്ദീഖ്, കെ.പി.എ.സി ലളിത എന്നിവർ ആവശ്യപ്പെട്ടു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. രാജിവെച്ച് പുറത്തുപോയവർ ആദ്യം മാപ്പു പറയണം. മോഹൻലാലിനെ അപമാനിക്കുകയാണ് ഡബ്യു.സി.സി അംഗങ്ങൾ ചെയ്തത്. നടിമാരെന്ന് വിളിച്ചുവെന്ന ആരോപണം ശരിയല്ല. അമ്മയിലെ വില്ലനെ ഉടൻ കാണിക്കാമെന്ന പാർവതിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും ഉടൻ വെളിപ്പെടുത്തണമെന്നും സിദ്ദീഖ് പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ പേര് വെളിപ്പെടുത്തണം. മീ ടുവിന്റെ വിശ്വാസ്യത തകർക്കരുതെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. ഡബ്യു.സി.സി ആവശ്യപ്പെട്ടതനുസരിച്ച് അടിയന്തര ജനറൽ ബോഡി വിളിക്കില്ല. മുഴുവൻ വ്യക്തികൾക്കും അതീതമാണ് സംഘടന. അക്രമത്തിന് ഇരയായ നടിയെ മുൻനിർത്തി ചിലർ കളിക്കുകയാണെന്നും സിദ്ദീഖ് ആരോപിച്ചു. ഡബ്യു.സി.സി സ്ഥാപകയായ മഞ്ജു വാര്യർ എന്തുകൊണ്ടാണ് അവർക്കൊപ്പമില്ലാത്തത് എന്ന കാര്യം നിങ്ങളന്വേഷിച്ചില്ലേ എന്നും സിദ്ദീഖ് ചോദിച്ചു. കുറ്റം തെളിയുന്നത് വരെ ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. അദ്ദേഹത്തിന്റെ രാജി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അടുത്ത എക്‌സിക്യൂട്ടിവ് യോഗത്തിൽ ചർച്ച ചെയ്യും. കുറ്റം തെളിയുന്നത് വരെ ഒരാളെയും തള്ളിക്കളയാനാകില്ല. നേരത്തെ നടൻ ജഗതിക്കെതിരെയും സമാനമായ ആരോപണമുണ്ടായിരുന്നു. അന്നും സംഘടന നടപടി സ്വീകരിച്ചിരുന്നില്ല. ജയിലിൽ കിടന്ന ജഗതിയെ പിന്നീട് കോടതി വെറുതെവിടുകയായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. താൻ കാരണം സംഘടനയിൽ ഒരു പ്രശ്‌നമുണ്ടാകരുതെന്ന് പറഞ്ഞാണ് ദിലീപ് രാജിക്കത്ത് നൽകിയത്. ദിലീപ് ചെയ്തത് മാന്യമായ കാര്യമാണെന്നും നടി കെ.പി.എ.സി ലളിത പറഞ്ഞു.