കോഴിക്കോട്- കോടതി വിധി വന്നാൽ പിറ്റേന്ന് തന്നെ അത് നടപ്പാക്കാനാകില്ലെന്നും വിധി സൂക്ഷ്മമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ടി.പി സെൻകുമാറിനെ ഡി.ജി.പിയായി പുനർനിയമിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് കോടതി വിധി വന്നാൽ നാളെ തന്നെ നടപ്പാക്കണമെന്ന് കരുതുന്നവരാണ് സെൻകുമാറിന്റെ നിയമനം സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്നത്.
സെൻകുമാറിനെ ഡി.ജി.പിയായി പുനർനിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുറത്തുവന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇതേ തുടർന്ന് ചീഫ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് സെൻകുമാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്നലെയാണ് സെൻകുമാർ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്തത്.