കൊച്ചി- രാജ്യത്തിനകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച ചേകനൂർ മൗലവി വധക്കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി പി.വി ഹംസയുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കോർപസ് ഡെലിക്റ്റി എന്ന സിദ്ധാന്തപ്രകാരമാണ് ഹൈക്കോടതിയുടെ വിധി. ഇതനുസരിച്ച് കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്ന പ്രതിയുടെ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കിൽ മരിച്ചുവെന്നതിന് സമാനമായ തെളിവോ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ചേകന്നൂർ മൗലവി അന്വേഷണക്കേസിലെ സംഘത്തിന് ഇതിൽ വിജയിക്കാനായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 1993 ജൂലൈ 29നാണ് ചേകനൂർ മൗലവിയെ മതപ്രഭാഷണത്തിന് എന്ന വ്യാജേന ഒരു സംഘം വീട്ടിൽനിന്ന് ഇറക്കികൊണ്ടുപോയത്. പിന്നീട് മൗലവിയെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. പത്തു പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്‌തെങ്കിലും പി.വി ഹംസക്ക് മാത്രമായിരുന്നു ശിക്ഷ ലഭിച്ചത്. ഹംസയുടെ ശിക്ഷ കൂടി റദ്ദാക്കിയതോടെ ഈ കേസിലെ മുഴുവൻ പ്രതികളും മോചിതരായി.