കൽപറ്റ- കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. മലപ്പുറം കണ്ണമംഗലം ജലാലുദ്ദീൻ(24), പുഴക്കാട്ടിരി മുഹമ്മദ് ആസിഫ് അലി(22), പെരിന്തൽമണ്ണ പൊരുപ്പൻവീട് അഷ്‌റഫ്(42) എന്നിവരെയാണ് സി.ഐ കെ.ജി. പ്രവീൺ, എസ്.ഐ. സി.എ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
വീടും സ്ഥലവും വിൽപ്പനയ്ക്കുെണ്ടന്നു പറഞ്ഞു കോഴിക്കോട് സ്വദേശികളെ കൽപറ്റ എമിലിയിലെ വീട്ടിൽ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നു പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശികൾ എത്തിയപ്പോൾ എമിലിയിലെ വീട്ടിൽ രണ്ടു സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇവരുമായി സംസാരിക്കവെ ഒരു സംഘം ആളുകൾ വീട്ടിലെത്തി കോഴിക്കോട് സ്വദേശികളെ സ്ത്രീകൾക്കൊപ്പം ഇരുത്തി ഫോട്ടോ എടുത്തു. ഈ ഫോട്ടോകൾ പരസ്യപ്പെടുത്താതിരിക്കുന്നതിനു 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ തുക നൽകാമെന്നേറ്റ കോഴിക്കോട് സ്വദേശികൾ രഹസ്യമായി പോലീസിൽ പരാതി നൽകിയതാണ് വെള്ളിയാഴ്ച രാത്രി പ്രതികളുടെ അറസ്റ്റിനു വഴിയൊരുക്കിയത്. ഇന്നലെ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിശദാന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.