കൊണ്ടോട്ടി- ഹജ് വിമാന സർവ്വീസ് നടത്താൻ വിമാന കമ്പനികളുമായി ഉണ്ടാക്കുന്ന കരാറിൽ കേന്ദ്ര ഹജ് കമ്മിറ്റിക്ക് വീഴ്ച. ഈ വർഷത്തെ ഹജ് സർവ്വീസിന് വിമാന കമ്പനികളിൽ നിന്ന് ഫെബ്രുവരിയിൽ ക്വട്ടേഷൻ ക്ഷണിക്കുകയും മെയ് മാസത്തിൽ കരാർ ഒപ്പിടുകയുമാണ് ചെയ്തത്.
ഡോളർ നിരക്കിലാണ് വിമാന ടിക്കറ്റിന്റെ കരാർ. ഡോളറിന് 65 രൂപയായി നിശ്ചയിച്ച് എയർ ഇന്ത്യ, സൗദി എയർലൈൻസ്, ഫ്‌ളൈ നാസ് എന്നീ വിമാന കമ്പനികളുമായി കരാറുണ്ടാക്കി.
എന്നാൽ വിമാന സർവ്വീസുകൾ ആരംഭിച്ച ഘട്ടത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യമിടിഞ്ഞതോടെ ഹജ് ടിക്കറ്റിന് അധികം തുക ഈടാക്കാനാണ് കേന്ദ്ര ഹജ് കമ്മറ്റിയുടെ ശ്രമം. ഇതിനായി വീണ്ടും തീർത്ഥാടകരിൽ നിന്ന് പണം ഈടാക്കാനുളള ശ്രമത്തിലാണ്.
സാധാരണ വിമാന ടിക്കറ്റുകൾ മുൻകൂട്ടി എടുത്ത് പിന്നീട് യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരനും അധികം തുക നൽകേണ്ട കാര്യമില്ല. മൂന്ന് മാസം മുമ്പ് വരെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനുമാവും. നേരത്തെ ടിക്കറ്റെടുത്തവർക്കും യാത്രയുടെ തലേന്നാൾ വിമാന ടിക്കറ്റെടുത്തവർക്കും നിരക്കിൽ വ്യത്യാസമുണ്ടാവാൻ കാരണമിതാണ്. മെയ് മാസത്തിൽ വിമാന കമ്പനികളുമായി കരാറുണ്ടാക്കുമ്പോൾ തന്നെ വിമാന ടിക്കറ്റ് ഏകീകരിക്കാതെ ഡോളറിൽ നിശ്ചയിക്കുന്നതാണ് ഹാജിമാർക്ക് മേൽ വീണ്ടും അധിക ബാധ്യത വരാൻ കാരണം. ഹജ് വിമാന കരാർ സാധാരണ ടിക്കറ്റുപോലെ ഇന്ത്യൻ നിരക്കിൽ നൽകാനും വിമാന കമ്പനികൾ തയ്യാറാണ്. മാത്രവുമല്ല, കരാർ പ്രകാരമുളള തുകയിൽ ടിക്കറ്റ് നിജപ്പെടുത്താനും കഴിയും. എന്നാൽ കരാറിന് ശേഷമുളള വിപണിയുടെ വീഴ്ച തീർത്ഥാടകർക്ക് താങ്ങേണ്ട ഗതികേടുണ്ടാവില്ല. ഹജ് നടത്തിപ്പിൽ ഇതാദ്യമായാണ് രൂപയുടെ മൂല്യം ഇടിഞ്ഞതു മൂലം കേന്ദ്ര ഹജ് കമ്മിറ്റിക്ക് 88 കോടിയുടെ അധിക ബാധ്യതയുണ്ടാകുന്നത്. ഹജിന് പോയി മടങ്ങിയെത്തിയതിന് ശേഷം മുഴുവൻ പേരും അധിക തുക അടയ്‌ക്കേണ്ട ഗതികേടുണ്ടാവുന്നതും ആദ്യാമായാണ്. 20 എംപാർക്കേഷൻ പോയന്റിൽ നിന്നും വ്യത്യസ്ത തുകയാണ് ഈടാക്കാൻ കേന്ദ്ര ഹജ് കമ്മറ്റി ഒരുങ്ങുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് പോയവർ 6205 രൂപയാണ് അധികമായി നൽകേണ്ടി വരിക. മറ്റുളള എംപാർക്കേഷൻ പോയന്റുകളിൽ പോയവർ നൽകേണ്ട തുക ഇങ്ങനെ. അഹമ്മദാബാദ് (5340), ഔറംഗബാദ് (6850), മംഗ്ലുവുരു (6515), ഭോപാൽ (7090), ചെന്നൈ (6390), ദില്ലി (5825), ഗയ(8060), ഗോവ(6650), ഗുവാഹത്തി (9540), ഹൈദരാബാദ്(5265), ജയ്പൂർ (6250), കൊൽക്കത്ത (7155), ലഖ്‌നൗ (6495), ബാഗ്ലൂർ(6720), നാഗ്പൂർ(5600), മുംബൈ(4670), റാഞ്ചി(8730), ശ്രീനഗർ(8320), വരാണസി(7360).