ജിദ്ദ- സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി തുര്‍ക്കിയില്‍ അപ്രത്യക്ഷനായ സംഭവത്തില്‍ സൗദി അറേബ്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയ ലോക രാഷ്ട്രങ്ങള്‍ക്ക് സൗദിയുടെ താക്കീത്. സംഭവത്തില്‍ സൗദിയെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നുവെന്നും വ്യാജ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് രാജ്യത്തെ ഭീഷണിപ്പെടുത്തുകയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് തിരിച്ചടി നല്‍കുമെന്നും സൗദി മുന്നറിയിപ്പു നല്‍കി. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയോ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളിലൂടെയോ വ്യാജ ആരോപണം ആവര്‍ത്തിച്ചോ എന്തെങ്കിലും നടപടി രാജ്യത്തിനെതിരെ ഉണ്ടായാല്‍ സൗദി തക്കതായ മറുപടി നല്‍കും. ആഗോള സമ്പദ്ഘടനയില്‍ സൗദിക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഖശോഗി കൊല്ലപ്പെട്ടെന്നു തെളിഞ്ഞാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. യുഎസിനു പുറമെ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഖശോഗിയുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ഇക്കാര്യം സൗദിയുമായി പങ്കുവച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.