വിചാരണക്ക് ഹാജരാകുന്ന പ്രതി തീക്കുണ്ഡത്തിനും ജഡ്ജിക്കും മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ആരോപിക്കപ്പെടുന്നതു പോലുള്ള കുറ്റകൃത്യം നടത്തുകയോ ആസൂത്രണം ചെയ്യുകയോ അതിന് പ്രേരിപ്പിക്കുകയോ പങ്കാളിത്തം വഹിക്കുകയോ കാണുകയോ അറിയുകയോ ചെയ്തിട്ടില്ലെന്ന് മൂന്നു തവണ അല്ലാഹുവിന്റെ നാമത്തിൽ ആണയിടണം. ഇതിനു ശേഷം മൂന്നു തവണ വായ കഴുകുകയും വെള്ളം കുടിക്കുകയും വേണം. ഇതിനു ശേഷമാണ് ചുട്ടുപഴുപ്പിച്ച സ്പൂൺ നാവിലൂടെ മൂന്നു തവണ തടവുക.
കുറ്റവാളികളെ വേഗത്തിൽ തിരിച്ചറിഞ്ഞ് നീതി നടപ്പാക്കുന്നതിന് ഈജിപ്തിലെ ചില ഗ്രാമങ്ങളിൽ ഇക്കാലത്തും പ്രാകൃത കോടതികൾ പ്രവർത്തിക്കുന്നുണ്ട് എന്നത് പരിഷ്‌കൃത സമൂഹത്തിന് നാണക്കേടായിരിക്കാം. എന്നാൽ ഇത്തരം കോടതികളെ ഏറെ ആശ്വാസത്തോടെ നോക്കിക്കാണുന്ന വലിയ ജനസഞ്ചയം തന്നെ ഈജിപ്തിലുണ്ട്. അപരിഷ്‌കൃതവും ക്രൂരവുമായ വിചാരണാ ശൈലിയാണ് ഈ കോടതികളിൽ നടക്കുന്നത്. വേഗത്തിൽ നീതി നടപ്പാക്കിക്കിട്ടണമെന്ന് ആഗ്രഹിക്കുന്ന കക്ഷികളാണ് ഇത്തരം കോടതികളെ സമീപിക്കുന്നത്. ഇത്തരം കോടതികളെ സമീപിക്കുന്നവർ നൂറുകണക്കിന് വർഷങ്ങളായി നിലവിലുള്ള കഠിന വ്യവസ്ഥകളും ആചാരങ്ങളും അംഗീകരിക്കൽ നിർബന്ധമാണ്. സീനായിലെയും ഇസ്മായിലിയയിലെയും ചില പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഈ കോടതികൾ ഭീകരമെന്നും ബീഭത്സമെന്നും അർഥം വരുന്ന അൽബശിഅഃ എന്ന പേരിലാണ് അറിയപ്പെടുന്നത്.
തീർപ്പ് കൽപിക്കുന്ന ജഡ്ജി നേതൃത്വം നൽകുന്ന സഭയാണ് കോടതിയെ പോലെ പ്രവർത്തിക്കുന്നത്. വലിയ സ്പൂൺ പോലുള്ള ഇരുമ്പ് കഷ്ണം പതിനഞ്ചു മിനിറ്റോളം നേരം തീയിൽ ചൂടാക്കിയ ശേഷം പ്രതിയുടെ വായിൽ നാവിനു മുകളിലൂടെ മൂന്നു തവണ ഇത് ഉപയോഗിച്ച് തടവുകയാണ് ജഡ്ജി ചെയ്യുക. നിരപരാധിയും സത്യസന്ധനുമാണെങ്കിൽ പ്രതിയുടെ നാവിൽ പൊള്ളലേൽക്കില്ല. മറിച്ചാണെങ്കിൽ നാവിൽ പൊള്ളലേൽക്കുകയും ആൾക്കൂട്ടത്തിനു മുന്നിൽ വെച്ച് കള്ളി വെളിച്ചത്താകുമെന്നുമാണ് വിശ്വാസം.
ക്രൂരതയും ബീഭത്സതയും സൂചിപ്പിച്ചാണ് ഇത്തരം കോടതികളെ അൽബശിഅഃയെന്ന് വിശേഷിപ്പിക്കുന്നത്. മോഷണവും കൊലപാതകവും അടക്കമുള്ള കേസുകളിലെ പ്രതികളെ തിരിച്ചറിയുന്നതിനും അവിഹിത ബന്ധങ്ങളിൽ പിറക്കുന്ന കുഞ്ഞുങ്ങളുടെ പിതൃത്വം തെളിയിക്കുന്നതിനും ഈജിപ്തിലെ ചില ഗ്രാമപ്രദേശങ്ങളിൽ ഇത്തരം കോടതികളെ ആളുകൾ ആശ്രയിക്കുന്നു.
ഉത്തര, കിഴക്കൻ ഈജിപ്തിലെ ഇസ്മായിലിയ ഗവർണറേറ്റിലെ ഫായിദ് നഗരത്തിനു സമീപം സറാബിയോം ഗ്രാമത്തിൽ ഇത്തരത്തിൽ പെട്ട കോടതി പ്രവർത്തിക്കുന്നുണ്ട്. ഈജിപ്തിൽ വ്യാപിച്ചുകിടക്കുന്ന അൽഅയായിദ ഗോത്രത്തിന്റെ നേതാക്കളിൽ ഒരാളായ ശൈഖ് ഫസ്ൽ അൽഅയാദിയാണ് സറാബിയോമിലെ കോടതി ജഡ്ജി. ഈജിപ്തിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നും അയൽ രാജ്യങ്ങളിൽ നിന്നും ഡസൻ കണക്കിനാളുകൾ സത്യം തെളിയിക്കുന്നതിന് ഈ കോടതിയിൽ എത്തുന്നു.
അയ്യായിരം ഈജിപ്ഷ്യൻ പൗണ്ട് കവർന്ന തൊഴിലാളിയെ കഴിഞ്ഞ ദിവസം ഈ കോടതിയിൽ വിചാരണ ചെയ്യുന്നത് കാണാനായി. തന്റെ പണം തൊഴിലാളി കവർന്നതായി തൊഴിലുടമയാണ് പരാതിപ്പെട്ടത്. ചുട്ടുപഴുപ്പിച്ച ഇരുമ്പ് സ്പൂൺ നാക്കിനു മുകളിൽ വെച്ച് നടത്തിയ പരീക്ഷണത്തിൽ പൊള്ളലേൽക്കാതെ തൊഴിലാളി തന്റെ നിരപരാധിത്വം തെളിയിച്ചു. ഇതോടെ തൊഴിലാളിയോട് തൊഴിലുടമ പരസ്യമായി ക്ഷമാപണം നടത്തി. ഇതിനു ശേഷം മറ്റൊരു മോഷ്ടാവിന്റെ കേസിലും കോടതിയിൽ വിചാരണ നടന്നു. എന്നാൽ ഈ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞു.
ഇത്തരത്തിലുള്ള വിചാരണ തങ്ങളുടെ ഗോത്രത്തിൽ പുരാതന കാലം മുതൽ നിലവിലുണ്ടെന്ന് ശൈഖ് ഫസ്ൽ അൽഅയാദി പറഞ്ഞു. നൂറ്റാണ്ടുകൾക്കു മുമ്പ് തന്റെ പൂർവ പിതാവിന്റെ ഒട്ടകം മോഷണം പോയിരുന്നു. വല്യുപ്പാക്ക് കീഴിലുള്ള രണ്ടു തൊഴിലാളികളാണ് കവർച്ചക്ക് പിന്നിലെന്ന് അദ്ദേഹം സംശയിച്ചു. എന്നാൽ തൊഴിലാളികൾ ആരോപണം നിഷേധിച്ചു. അന്ന് രാത്രി ഉറക്കത്തിൽ പൂർവ പിതാവിന് സ്വപ്‌നദർശനമുണ്ടായി. വലിയ സ്പൂൺ പഴുപ്പിച്ച് തൊഴിലാളികളുടെ നാവിൽ വെക്കുന്നതിനും നാവ് പൊള്ളുന്ന തൊഴിലാളിയായിരിക്കും മോഷ്ടാവെന്നുമാണ് സ്വപ്‌ന ദർശനത്തിൽ വെളിപാടുണ്ടായത്. ഇത് അതേ പടി നടപ്പാക്കി യഥാർഥ മോഷ്ടാവിനെ വല്യുപ്പ തിരിച്ചറിഞ്ഞു. ഇതിനു ശേഷമാണ് ഈ രീതിയിൽ കേസുകൾ തെളിയിക്കുന്ന സമ്പ്രദായം പരമ്പരാഗതമായി തങ്ങളുടെ ഗോത്രാംഗങ്ങൾ കൈമാറിവന്നത്.
ആത്മവിശ്വാസവും സത്യസന്ധനാണെന്ന ഉറച്ച വിശ്വാസവും കാരണം നിരപരാധികളുടെ വായിൽ ഉമിനീര് നിറയുന്നതു മൂലമാണ് ചൂട്ടുപഴുപ്പിച്ച സ്പൂൺ വെച്ചാലും അവരുടെ നാവിൽ പൊള്ളലേൽക്കാത്തത്. എന്നാൽ ഭീതിയും മാനസിക സംഘർഷങ്ങളും മൂലം കുറ്റവാളികളുടെ വായിൽ സ്രവങ്ങൾ കുറയുകയും വായ വറ്റിവരളുകയും ചെയ്യും. ഇതുമൂലം ചുട്ടുപഴുപ്പിച്ച സ്പൂൺ വെച്ചാലുടൻ അവരുടെ നാവിൽ പൊള്ളലേൽക്കും.
കുറ്റവാളികളുടെ നാവിൽ പൊള്ളലേറ്റാലുടൻ വിധി പ്രസ്താവിക്കുകയാണ് ജഡ്ജി ചെയ്യുക. കുറ്റവാളികളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഗോത്ര നേതാക്കളും ശിക്ഷ നടപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ്. കുറ്റവാളികളുടെ പൊള്ളലേറ്റ പരിക്കുകൾ ഭേദമാകുന്നതിന് പതിനഞ്ചു ദിവസമെങ്കിലും എടുക്കും. പരിക്ക് വേഗത്തിൽ സുഖപ്പെടുത്തുന്ന പരമ്പരാഗത ചികിത്സയുമുണ്ട്.
വിചാരണക്ക് ഹാജരാകുന്ന പ്രതി തീക്കുണ്ഡത്തിനും ജഡ്ജിക്കും മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ആരോപിക്കപ്പെടുന്നതു പോലുള്ള കുറ്റകൃത്യം നടത്തുകയോ ആസൂത്രണം ചെയ്യുകയോ അതിന് പ്രേരിപ്പിക്കുകയോ പങ്കാളിത്തം വഹിക്കുകയോ കാണുകയോ അറിയുകയോ ചെയ്തിട്ടില്ലെന്ന് മൂന്നു തവണ അല്ലാഹുവിന്റെ നാമത്തിൽ ആണയിടണം. ഇതിനു ശേഷം മൂന്നു തവണ വായ കഴുകുകയും വെള്ളം കുടിക്കുകയും വേണം. ഇതിനു ശേഷമാണ് ചുട്ടുപഴുപ്പിച്ച സ്പൂൺ നാവിലൂടെ മൂന്നു തവണ തടവുക. തുടർന്ന് വായ മൂന്നു തവണ കഴുകുന്നതിന് ആവശ്യപ്പെടും. ഇതിനു പിന്നാലെ വായ തുറന്ന് നാവ് പരിശോധിച്ചാണ് പരിക്ക് പറ്റിയിട്ടുണ്ടോന്ന് നോക്കി കുറ്റവാളിയാണോ അതല്ല, നിരപരാധിയാണോയെന്ന കാര്യത്തിൽ വിധി പ്രസ്താവിക്കുക.
വിശ്വസ്തരും സത്യസന്ധരും സംശുദ്ധരും ഇസ്‌ലാമിക ശരീഅത്ത് പാലിക്കുന്നവരെയുമാണ് അൽബശിഅഃ കോടതി ജഡ്ജിയായി തെരഞ്ഞെടുക്കുന്നത്. തർക്കത്തിലുള്ള കക്ഷികളുടെ വാദങ്ങൾ ജഡ്ജി ആദ്യം പ്രത്യേകം പ്രത്യേകം കേൾക്കണം. ഇതിനു ശേഷമാണ് വിചാരണ ആരംഭിക്കുക. സ്പൂൺ ചുട്ടുപഴുപ്പിച്ച് സത്യം തെളിയിക്കുന്ന വിചാരണ എത്രമാത്രം അപകടകരമാണെന്ന കാര്യം ആദ്യം തന്നെ എല്ലാവരെയും ഉണർത്തും. വിചാരണക്കു മുമ്പായി പ്രതി കുറ്റം സമ്മതിക്കുകയാണെങ്കിൽ കേസ് അപ്പോൾ തന്നെ രമ്യമായി പരിഹരിക്കും. കുറ്റസമ്മതം നടത്താതിരിക്കുന്ന പക്ഷം സ്പൂൺ ചുട്ടുപഴുപ്പിച്ച് നാവിൽ വെക്കുന്ന വിചാരണക്ക് വിധേയനാക്കുകയാണ് ചെയ്യുക. വിചാരണയിൽ നിരപരാധിത്വം തെളിയിക്കപ്പെടുന്നവർ സത്യസന്ധരും സംശുദ്ധരുമാണെന്ന കാര്യം സ്വന്തം കുടുംബാംഗങ്ങൾക്കും ഗ്രാമവാസികൾക്കും മുന്നിൽ വെച്ച് പരാതിക്കാർ പ്രഖ്യാപിക്കൽ നിർബന്ധമാണ്.
പാരമ്പര്യമായി ലഭിച്ച ചുമതലയെന്നോണം സന്നദ്ധ സേവനമെന്ന നിലക്കാണ് ജഡ്ജി പ്രവർത്തിക്കുന്നത്. വളരെ തുഛമായ തുകയാണ് കക്ഷികളിൽ നിന്ന് ജഡ്ജിക്ക് ലഭിക്കുക. വിധി ജനങ്ങൾ അംഗീകരിക്കുന്നതിന്, അവരുടെ വിശ്വാസവും സ്‌നേഹവും ആർജിക്കുന്നവർക്കു മാത്രമേ ജഡ്ജിയായി പ്രവർത്തിക്കുന്നതിന് സാധിക്കുകയുള്ളൂ. അൽബശിഅഃ കോടതിക്ക് നിയമ സാധുതയൊന്നുമില്ല. ഇതൊരു പാരമ്പര്യ ആചാരമാണ്. കക്ഷികൾ സാധാരണ കോടതികളെ സമീപിക്കുന്ന പക്ഷം അൽബശിഅഃ കോടതി വിധിക്ക് വിലയുണ്ടാകില്ല. എന്നാൽ അൽബശിഅഃയെ സമീപിച്ചവരിൽ പെട്ട ആരും തന്നെ പിന്നീട് സാധാരണ കോടതിയെ സമീപിക്കുന്നതിന് നിർബന്ധിതരായ ചരിത്രമില്ല. വേഗത്തിൽ നീതി നടപ്പാക്കി കിട്ടുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് അൽബശിഅഃ കോടതി. കള്ളം കണ്ടെത്തുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമുള്ള ഏറ്റവും വേഗമേറിയ മാർഗമാണിതെന്നും ശൈഖ് ഫസ്ൽ അൽഅയാദി പറയുന്നു.