ഫലസ്തീനി പ്രതിരോധ നിരയിൽ ജൂത അധിനിവേശത്തിനെതിരെയുള്ള പോർമുഖം തുറന്നവരിൽ രാജ്യാഭിമാനം സിരകളിലോടുന്ന നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. ഗൂഢാലോചനക്കുറ്റം ചുമത്തി അവരെയത്രയും തടവിലിട്ട് കഠിനമായി പീഡിപ്പിക്കുന്ന കൊടുംക്രൂരത ഇന്നും തുടരുന്നു. 1467 ബാലികാ ബാലന്മാരെ കഴിഞ്ഞ വർഷം മാത്രം (2017) ഇസ്രായിലി ഭരണകൂടം ജയിലിലടച്ചു. പതിനാറാം വയസ്സിൽ കാരാഗൃഹത്തിലടയ്ക്കപ്പെട്ട അഹദ് തമീമി എഴുതുന്ന ജയിൽ ഡയറിയുടെ ചില ഭാഗങ്ങൾ.
പന്ത്രണ്ടുകാരിയായ ഹനാദിയും പതിനാലുകാരിയായ റാണാ മസ്‌രിയും ഇസ്രായിലി പട്ടാളത്തിന്റെ ബുള്ളറ്റുകൾ മാറിൽ തറച്ച് നിലംപതിക്കുന്ന കാഴ്ച കണ്ട് മാസങ്ങളോളം ഉറങ്ങാതെ, പൊട്ടിക്കരഞ്ഞ എന്റെ ബാപ്പയുടെ മുഖം എനിക്ക് മറക്കാനാവില്ല. വെസ്റ്റ് ബാങ്കിലെ സൈനിക ക്യാമ്പിൽ നിന്ന് ഫലസ്തീനി യുവാക്കളുടെയും യുവതികളുടെയും മാതാപിതാക്കളുടെ അവസാനത്തെ തേങ്ങലുകൾ കേട്ടാണ് ഞങ്ങളുടെ രാപ്പകലുകൾ കൊഴിഞ്ഞുവീണത്.
ഹൃദയ രക്തത്തിൽ മുക്കിയെടുത്ത പേന കൊണ്ട് ഫലസ്തീന്റെ പടനായകനായ കവി മഹ്മൂദ് ദർവിഷ് കുറിച്ചിട്ടത് ഞാൻ വായിച്ചിരുന്നു.
അടർക്കളത്തിൽ മരിച്ചുവീണ ഫലസ്തീനികളുടെ കുഴിമാടത്തിൽ ദൈവം ഓരോ ചെടി നട്ടുവളർത്തും. പച്ചത്തഴപ്പുകളുമായി മുള പൊട്ടുന്ന ആ ചെടികളുടെ സാഫല്യത്തിലൂടെ, പിറക്കാനിരിക്കുന്ന തലമുറ സ്വന്തം രക്തം തിരിച്ചറിയും. പൂക്കളായി, പഴങ്ങളായി രക്തസാക്ഷികൾ പുനർജനിച്ചുകൊണ്ടേയിരിക്കും.
എന്റെ സുഹൃത്തിന്റെ ഉമ്മ പറഞ്ഞുകേട്ട മറ്റൊരു സംഭവ കഥ:
പതിനാറുകാരിയായ ഹനയുടെ കഥ. അവളും കൂട്ടുകാരികളും ഒലീവ് കായ് പറിച്ചെടുത്ത് വരികയായിരുന്നു. പെട്ടെന്നാണ് ഇസ്രായിലി സൈനിക വാഹനം മുന്നിൽ വന്ന് ബ്രേക്കിട്ടത്.
ആ വാഹനത്തിൽ നിന്നുയർന്ന ബ്യൂഗിളൊച്ച ഒരു സാത്താന്റെ അലർച്ച പോലെയാണ് തോന്നിയത്.
ആയുധധാരികളായ രണ്ടു പേർ തോക്ക് ചൂണ്ടി ചാടിയിറങ്ങി. ഹനയും കൂട്ടുകാരികളും പേടിച്ച് വിറച്ചു. അവരുടെ കരച്ചിൽ പൊങ്ങിയില്ല. ശബ്ദം തൊണ്ടയിൽ കുരുങ്ങി. രംഗം കണ്ട് അവിടെയെത്തിയ ചില സ്ത്രീകൾ അലമുറയിട്ട് കരഞ്ഞു.
പട്ടാളക്കാരുടെ നേതാവ് വാക്കിടോക്കി വഴി ചോദിച്ചു: ഇവരെ എന്ത് ചെയ്യണം?
അയാൾ ഒരു നിമിഷം കാതോർക്കുന്നു. അപ്പോഴേക്കും അവിടെ വലിയൊരു ആൾക്കൂട്ടം രൂപപ്പെട്ടു. മുതിർന്ന രണ്ടു സ്ത്രീകളുടെ നേരെ തോക്ക് ചൂണ്ടി അയാൾ ഗർജിച്ചു.
തട്ടിക്കളയൂ ഇവരെ...
നിമിഷങ്ങൾക്കകം ആ രണ്ടു സ്ത്രീകൾ പിടഞ്ഞുമരിക്കുന്നത് എന്റെ സുഹൃത്തിന്റെ ഉമ്മ അകലെ നിന്നു കണ്ടു. ബയണറ്റുമായി അവരിലൊരാൾ ആ ഉമ്മയുടെ പിന്നാലെയുമെത്തിയെങ്കിലും അവരുടെ ആയുർബലം കൊണ്ടാവാം, സൈന്യം പതുക്കെ പിന്തിരിഞ്ഞു.
*** *** ***
എട്ടു മാസത്തെ തടവിനു ശേഷം, കൊടിയ പീഡനങ്ങൾക്കൊടുവിൽ ഇസ്രായിലി ജയിലിൽ നിന്ന് പരോളിലിറങ്ങിയ അഹദ് തമീമി ആ അനുഭവ കഥനത്തിന്റെ വേട്ടയാടലിൽ നിന്ന് ഇന്നും മുക്തയായിട്ടില്ല. അവർ എഴുതുന്നു:
2004 ൽ എന്റെ പിതാവിനെ ജൂത സൈന്യം പിടിച്ചുകൊണ്ടുപോയി. അന്നെനിക്ക് മൂന്നു വയസ്സ്. മോചിതനായെങ്കിലും വീണ്ടും രണ്ടു തവണ അവർ ബാപ്പയെ കൊണ്ടുപോയി. പ്രത്യേകിച്ച് ചാർജൊന്നുമില്ല. ഇസ്രായിലി ഭറണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റം ചുമത്തിയതെന്ന് പിന്നീടറിഞ്ഞു. ജൂതപ്പോലീസിനും ജൂതപ്പട്ടാളത്തിനുമെതിരെ ഞങ്ങൾ കുട്ടികളുടെ മനസ്സിൽ അമർഷം തിളച്ചുമറിഞ്ഞു.
പിന്നീടൊരിക്കൽ, അന്ന് എനിക്ക് 16 വയസ്സ്, ഞങ്ങളുടെ വീട്ടുമുറ്റത്ത് തോക്കുമായി ഉലാത്തുന്ന ജൂത ഭടനോട് ഞാൻ ദ്വേഷ്യപ്പെടുകയും എന്നോട് അശഌല ഭാഷയിൽ ആംഗ്യം കാണിച്ച അയാളുടെ മുഖം നോക്കി ഞാൻ അടിക്കുകയും ചെയ്തു. ഇത് കണ്ട് പിന്നിൽ നിന്ന് ഓടിയെത്തിയ മറ്റൊരു പട്ടാളക്കാരൻ എന്നെ പൊക്കി പുറത്ത് നിർത്തിയിട്ട വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. മുഖം കുത്തിയാണ് ഞാനാ പോലീസ് വണ്ടിയിൽ വീണത്. വാഹനം എന്നെയും കൊണ്ട് ജയിലിലേക്കാണ് പോയത്.
ജയിലിലെത്തിയപ്പോൾ എന്റെ പ്രായക്കാരായ മുപ്പതോളം പെൺകുട്ടികൾ. ജയിൽ ജീവിതം എനിക്ക് നരകതുല്യമായി. പുറത്തിറങ്ങാനാകാതെ ദുരിതമനുഭവിച്ച ഞങ്ങളെത്തേടി രക്ഷിതാക്കൾ ആഴ്ചയിലൊരിക്കലുള്ള സന്ദർശനത്തിനെത്തി. അത് മാത്രമായിരുന്നു ഏക ആശ്വാസം. ഇസ്രായിൽ അധിനിവേശ മേഖലയിലെ വിവിധ ജയിലുകളിൽ മുന്നൂറോളം കുട്ടികൾ കഴിയുന്ന വിവരം പിന്നീടാണ് ഞങ്ങളറിയുന്നത്. ഒരു പക്ഷേ ലോകം ഇന്നുമറിയാത്ത ദുഃഖസത്യം. ആംനെസ്റ്റി ഇന്റർനാഷനലിനു പോലുമറിയാത്ത ഭീകരതയുടെ പീഡാനുഭവങ്ങൾ.
ഞങ്ങളുടെ തൊട്ടടുത്ത സെല്ലിൽ കഴിയുന്ന നുർഹാന്റെ കഥയും ഹൃദയത്തിൽ മുറിവേൽപിച്ചു.
നുർഹാനും ബന്ധുവും കൂടി നഗരമധ്യത്തിലൂടെ നടക്കുമ്പോൾ ഒരു കാരണവുമില്ലാതെ ഇസ്രായിലി പട്ടാളക്കാരൻ ആ ബന്ധുവിന് നേരെ വെടിയുതിർത്തു. തന്റെ മുന്നിൽ വീണു മരിച്ച ബന്ധുവിന്റെ മുഖം നുർഹാന്റെ രാപ്പകലുകളെ സദാ ഭയചകിതമാക്കുന്നു. ആ പട്ടാളക്കാരനു നേരെ കല്ലെറിഞ്ഞ നുർഹാനു നേരെയും വെടിയുണ്ട ചീറിപ്പാഞ്ഞു. പക്ഷേ ഭാഗ്യത്തിന് രക്ഷപ്പെട്ടു. നുർഹാന് പ്രാണൻ തിരിച്ചുകിട്ടി. കള്ളക്കേസ് ചുമത്തി 13 കൊല്ലത്തെ തടവിനു ശിക്ഷിക്കുകയായിരുന്നു നുർഹാനെ. ഇനിയും ആറു കൊല്ലം കൂടി കഴിയണം, അവർക്ക് പുറംലോകം കാണണമെങ്കിൽ.
ജയിലിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരിയെയും കണ്ടു -ഹാദിയ അരിനെറ്റ്. ഇതിനകം മൂന്നു കൊല്ലം ഹാദിയ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. നാലു മാസത്തിനകം മോചിതയാകാമെന്ന പ്രതീക്ഷയുടെ വെളിച്ചം ആ മുഖത്ത് എനിക്ക് കാണാനായി.
ജെറീക്കോ നഗരത്തിലെ വിദ്യാലയത്തിലേക്ക് പോകും വഴി തന്നെ ചോദ്യം ചെയ്ത ജൂതപ്പട്ടാളക്കാരനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചുവെന്നാണത്രേ ഹാദിയക്കെതിരായുള്ള കുറ്റം. എന്തായാലും ജയിലിനു വെളിയിലിറങ്ങുന്ന ആ നിമിഷം തൊട്ട് ഞാൻ ഫലസ്തീൻ വിമോചനത്തിന്റെ സമര വ്യൂഹത്തിൽ പങ്കാളിയാകും.. ഇത് പറയുമ്പോൾ ഹാദിയയുടെ കണ്ണുകളിൽ രോഷത്തിന്റെ കനലുകൾ ജ്വലിച്ചു. എത്രയോ ഫലസ്തീനി കുട്ടികൾ, യുവതീയുവാക്കൾ.. ഇപ്പോഴും ഇസ്രായിലി തടവറകളിൽ സ്വാതന്ത്ര്യത്തിന്റെ പുലരി വിടരുന്നതും കാത്തിരിക്കുന്നു.