പുതിയ സിനിമ മാർക്കറ്റ് ചെയ്യാൻ തന്ത്രങ്ങൾ പലതും പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. കഥ മോഷണമാണെന്ന് പറഞ്ഞ് റിലീസ് തടയുക. പ്രത്യേക ഷോ നടത്തി ജഡ്ജി വിധി പറഞ്ഞതിന് ശേഷം പ്രദർശന ശാലകളിലെത്തിക്കുക, ഏതെങ്കിലും വിഭാഗത്തിന്റെ വികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞ് പത്ര മാധ്യമങ്ങളിലൂടെ പബ്ലിസിറ്റി നേടിയെടുക്കുക. ഇതു പോലൊരു സ്ട്രാറ്റജിയാണ് അനന്തപുരി എം.പി തന്റെ പുതിയ പുസ്തകമായ ദ പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തിന് വേണ്ടി ചെയ്യുന്നത്. അദ്ദേഹം തന്നെ ഇത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. ആവർത്തിച്ചാൽ പുതുമ നഷ്ടപ്പെടുമെന്നതിനാൽ നീളൻ വാക്കുകളുടെ ലോഞ്ചിംഗ് ഇടവേളകൾക്ക് ശേഷമേ ഉണ്ടാവുകയുള്ളൂ. വാക്കുകളുടെ അർഥമറിയാൻ മലയാളികൾ കൂട്ടത്തോടെ ഗൂഗിളും വിക്കിയും തിരയുന്നത് കാണുമ്പോഴാണ് അദ്ദേഹം ചെയ്യുന്ന സേവനത്തിന്റെ മഹത്വം ബോധ്യപ്പെടുക.
വായിൽ കൊള്ളാത്ത ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞ് മലയാളികളെ ശശി തരൂർ വട്ടം ചുറ്റിക്കുന്നത് ആദ്യത്തെ സംഭവമല്ല. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിൽ വന്ന വാർത്തയ്ക്കുള്ള പ്രതികരണത്തിൽ തരൂർ ഉപയോഗിച്ച പദവും മലയാളികളെ വെള്ളം കുടിപ്പിച്ചിരുന്നു. 'എക്‌സാസ്‌പെറേറ്റിംഗ് ഫെറാഗോ ഓഫ് ഡിസ്‌റ്റോഷൻസ്' എന്ന പ്രതികരണത്തിന്റെ അർത്ഥം തിരഞ്ഞ് പിടിച്ചപ്പോൾ പലരും ക്ഷീണിച്ചു. ആശയക്കുഴപ്പമുണ്ടാക്കുന്ന, കുഴപ്പിക്കുന്ന എന്നൊക്കെയായിരുന്നു ആ വാക്കിന്റെ അർത്ഥം. പുതിയ പുസ്തകത്തെ കുറിച്ച് ട്വിറ്ററിൽ ഇട്ട കുറിപ്പിലാണ് നാവുളുക്കിപ്പോകുന്ന ഫ്‌ലോക്‌സിനോസിനിഹിലിപിലിഫിക്കേഷൻ എന്ന വാക്ക് തരൂർ പ്രയോഗിച്ചത്.
ദ പാരഡോക്‌സിക്കൽ െ്രെപം മിനിസ്റ്റർ, 400 പേജ് നീണ്ട എന്റെ പുതിയ പുസ്തകം വൃഥാവ്യയത്തിനും അപ്പുറമാണ്. എന്തുകൊണ്ടാണ് എന്നറിയാൻ ഇപ്പോൾ തന്നെ പ്രീ ഓർഡർ ചെയ്യൂ എന്നാണ് തരൂരിന്റെ ട്വീറ്റ്. ട്വിറ്ററിൽ ട്രെൻറിങ് ആയി മാറിയിരിക്കുകയാണ് ഈ വാക്ക്. മൂല്യമില്ലാതെ കണക്കാക്കുന്ന പ്രവൃത്തിയെയോ ശീലത്തെയോ കുറിക്കുന്നതാണിത്. പ്രധാനമന്ത്രിയെ പരിഹസിക്കാൻ ഉപയോഗിച്ച വാക്ക് എന്തായാലും കൊള്ളാം എന്നാണ് ചിലരുടെ പ്രതികരണം.
*** *** ***
പത്രങ്ങളും ചാനലുകളുമെന്ന പോലെ ഓൺലൈൻ മാധ്യമങ്ങളും സൂക്ഷിക്കേണ്ട കാലമാണ് കടന്നു പോകുന്നത്. ഓൺലൈൻ സ്ഥാപനമായ ദി ക്വിന്റിന്റെ നോയ്ഡയിലെ ഓഫീസിൽ ആദായ നികുതി വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. ക്വിന്റിന്റെ സ്ഥാപകനും മാധ്യമ സംരംഭകനുമായ രാഘവ് ബഹലിന്റെ വീട്ടിലും പരിശോധന നടത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ രാവിലെ വീട്ടിലും ഓഫീസിലും 'സർവേ'ക്കായി എത്തിയപ്പോൾ താൻ മുംബൈയിലായിരുന്നു എന്ന് എഡിറ്റേഴ്‌സ് ഗിൽഡിന് അയച്ച സന്ദേശത്തിൽ രാഘവ് വ്യക്തമാക്കി. പൂർണമായും നികുതി അടച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് തങ്ങളുടേത്. ഉചിതമായ എല്ലാ രേഖകളും ഹാജരാക്കാം. താൻ തിരിച്ചെത്തുന്നതു വരെ അവിടെ നിന്ന് ഒന്നും പിടിച്ചെടുക്കരുത്. വളരെ ഗൗരവമേറിയ മാധ്യമ രേഖകളാണത്-രാഘവ് പരിശോധനയ്‌ക്കെത്തിയവരെ അറിയിച്ചു. ദ ക്വിന്റ്, നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എന്നിവയുടെ സ്ഥാപകനായ രാഘവ് ദേശീയ മാധ്യമ രംഗത്ത് ശ്രദ്ധേയനാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ന്യൂസ് മിനിറ്റിന്റെ ഓഫീസിലും റെയ്ഡ് നടന്നു. ക്വിന്റിന്റെ നടത്തിപ്പുകാരായ ക്വിന്റിലിയൻ ന്യൂസ് മിനിറ്റിലെ നിക്ഷേപകരാണ്. ആദായ നികുതി ഉദ്യോഗസ്ഥർ സർവേ നടത്തുകയാണ് ചെയ്തതെന്നും റെയ്‌ഡോ പരിശോധനയോ അല്ലെന്നും ന്യൂസ് മിനിറ്റ് വ്യക്തമാക്കി. ക്വിന്റ് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള വാർത്തകൾ കൂടുതലായി നൽകിയിരുന്നു. കഴിഞ്ഞ വർഷം എൻ ഡി ടി വിയുടെ ഓഫീസിലും സ്ഥാപകൻ പ്രണോയ് റോയിയുടെ വീട്ടിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
*** *** ***
വീണ്ടും ഒരു പീഡന സീസൺ സമാഗതമായി. സിനിമ, മീഡിയ, ബിസിനസ് എന്നീ രംഗങ്ങളിലെ പ്രമുഖർക്കായുള്ളതാണ് ഈ ഘട്ടം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എൺപതുകളിൽ വായനക്കാർക്ക് ദേശീയ രാഷ്ട്രീയം അടുത്തറിയാൻ എം.ജെ. അക്ബറിന്റെ സൺഡേയിലെ കോളം സഹായകമായി. ഏഴു വനിതകൾ ഉയർത്തിയ ലൈംഗിക ആരോപണങ്ങളിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ വിശദീകരണം നൽകണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. ആരോപണങ്ങളിൽ തന്റെ നിലപാട് എന്താണെന്ന് മന്ത്രി വ്യക്തമാക്കണം. വിഷയത്തിൽ അദ്ദേഹം പ്രസ്താവനയിറക്കണം -സ്മൃതി ഇറാനി പറഞ്ഞു. ദുരനുഭവങ്ങങ്ങൾ തുറന്നു പറഞ്ഞ വനിതകൾ അധിക്ഷേപത്തിനിരയാകാൻ ഇടവരരുതെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. അക്ബറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് കേന്ദ്ര മന്ത്രി മേനക ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
ലൈംഗിക ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ സന്ദർശനം വെട്ടിച്ചുരിുക്കി അടിയന്തരമായി മടങ്ങിയെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചുവെന്ന് ചാനലുകളിൽ വാർത്തയുണ്ടായിരുന്നു. സന്ദർശനം പൂർത്തിയാക്കി മന്ത്രി ഞായറാഴ്ച തിരിച്ചെത്തും. ആരോപണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയമായി മുതലെടുക്കുമെന്ന കണക്കുകൂട്ടലാണ് കേന്ദ്ര സർക്കാരിനുള്ളത്. വിഷയത്തിൽ ഔദ്യോഗിക പരാതി ഇല്ലെന്നതിനാൽ വിശദീകരണത്തിനോ നടപടികൾക്കോ ധാർമിക ഉത്തരവാദിത്തം മാത്രമേ ഉള്ളൂവെന്നാണ് ന്യായീകരണം.
വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവർത്തിച്ച കാലത്ത് എം.ജെ. അക്ബർ ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണങ്ങളുമായി ഏഴ് വനിത മാധ്യമ പ്രവർത്തകരാണ് രംഗത്തെത്തിയത്. മീ ടൂ കാമ്പയിന്റെ ഭാഗമായാണ് മന്ത്രിക്കെതിരായ ആരോപണങ്ങൾ വനിതകൾ സോഷ്യൽ മീഡിയകളിലൂടെ തുറന്നു പറഞ്ഞത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രി പദം രാജിവെച്ചൊഴിയണോ എന്ന വിഷയം മോഡി സർക്കാർ അക്ബറിനു വിട്ടുകൊടുക്കാനാണ് സാധ്യത.
*** *** ***
മലയാളത്തിലുമുണ്ടായി ഒരു സെലിബ്രിറ്റിയെ ലക്ഷ്യമാക്കിയുള്ള ആരോപണം. നടൻ മുകേഷിനെ സംശയങ്ങൾക്ക് നടുവിലെത്തിച്ച ടെസ് ജോസഫിനെ മലയാളികൾക്ക് സുപരിചിതമല്ല. ആരോപണം ഉയർന്നതോടെയാണ് പലരും ആ പേര് കേൾക്കുന്നത്. 19 വർഷം മുമ്പ് മുകേഷിൽ നിന്നുണ്ടായ അനുഭവമാണ് ടെസ് ജോസഫ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പരസ്യമാക്കിയത്. മലയാളിയായ ടെസ് ജോസഫ് ജനിച്ചത് കൊച്ചിയിലാണ്. വളർന്നത് കൊൽക്കത്തയിലും. ഇപ്പോൾ മുംബൈയിലാണ് ജോലി ചെയ്യുന്നത്. ടെസ് ജോസഫിന്റെ 20 ാം വയസ്സിലാണ് സംഭവം നടന്നത്. പല പ്രമുഖ സംവിധായകർക്കുമൊപ്പം ജോലി ചെയ്തിട്ടുണ്ട്. പീഡിയാട്രിക് സർജനാവാനായിരുന്നു ടെസ് ജോസഫ് ആദ്യം ആഗ്രഹിച്ചത്. പക്ഷേ, മെഡിക്കൽ പ്രവേശനം ലഭിച്ചില്ല. തുടർന്ന് മാസ് കമ്യൂണിക്കേഷൻ പഠിക്കാൻ തീരുമാനിച്ചത് അമ്മയുടെ നിർദേശ പ്രകാരമാണ്. ശേഷമാണ് ഡെറിക് ഒബ്രിയനൊപ്പം ജോലി തുടങ്ങിയത്. സാങ്കേതിക സഹായിയായി ഡെറിക് ഒബ്രിയനൊപ്പം ജോലി ചെയ്യുന്ന വേളയിലാണ് മുകേഷിൽ നിന്ന് ദുരനുഭവമുണ്ടായതെന്ന് ടെസ് ജോസഫ് പറയുന്നു. ഡെറിക് നടത്തുന്ന ഒട്ടേറെ പരിപാടികളിൽ സാങ്കേതിക സഹായിയായി ടെസ് പ്രവർത്തിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കോടീശ്വരൻ എന്ന പരിപാടിയിലും പ്രവർത്തിച്ചത്. കോടീശ്വരന്റെ അവതാരകനായിരുന്നു മുകേഷ്. അതേസമയം, മുകേഷിനെ മലയാളം ചാനലുകൾ കാര്യമായി ഉപദ്രവിച്ചില്ലെന്നതും ശ്രദ്ധേയമാണ്. കമ്പിളിപ്പുതപ്പ് മുതൽ നാറ്റിച്ച് പോലുള്ള ധാരാളം ക്ലിപ്പുകൾ ലഭ്യമായിട്ടും ആക്ഷേപ ഹാസ്യക്കാർ പോലും അതൊന്നും ഉപയോഗപ്പെടുത്തിക്കണ്ടില്ല.
*** *** ***
കുല മഹിമയുള്ള വനിതകളെ കാണണമെങ്കിൽ വടകര കോട്ടപ്പറമ്പിലേക്ക് ചെല്ലുക. ഷോപ്പിംഗ് മാളുകളും ഓൺലൈൻ വ്യാപാരവും വ്യാപകമാവുന്നതിന് മുമ്പ് കടത്തനാട്ടിലെ ഗ്രാമങ്ങളിലേക്ക് ആവശ്യമായ സാധനങ്ങൾ സമാഹരിച്ചിരുന്നത് ചൊവ്വാഴ്ച തോറും നടത്തിയിരുന്ന ആഴ്ച ചന്തയിൽ നിന്നാണ്. ഇവിടെ നിന്ന് സാധനങ്ങൾ തലച്ചുമടായി പല സ്ഥലങ്ങളിലേക്കും എത്തിച്ചിരുന്നത് ചന്തപ്പറമ്പിലെ കുല സ്ത്രീകളാണ്. അഞ്ചും ആറും നേന്ത്രവാഴക്കുലകൾ ഒരു കൊട്ടയിലാക്കി തലയിലേറ്റി കൊണ്ടുപോകാൻ സാധിച്ചിരുന്ന ഈ വനിതാ തൊഴിലാളികളെ പറ്റി അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ ധാരാളം ഫീച്ചറുകൾ വന്നിരുന്നു. കേരളത്തിൽ വനിതാ പോർട്ടർമാരുള്ള ഏക സ്ഥലം വടകര കോട്ടപ്പറമ്പാണ്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ തൊട്ടടുത്ത വേദിയിൽ പ്രസംഗിക്കുമ്പോഴും ഉച്ച വെയിലിന്റെ കാഠിന്യം വക വെക്കാതെ ജോലി ചെയ്തവരാണിവർ.
തച്ചോളി ഒതേനന്റെയും ഉണ്ണിയാർച്ചയുടെയും പാരമ്പര്യമുള്ള നാട്ടിലെ ഈ കുലസ്ത്രീകൾ നല്ല അന്തസ്സോടെയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. നിലവാരമില്ലാത്ത ഭാഷ ഇവർ പ്രയോഗിക്കുന്നത് കേട്ടിട്ടേയില്ല. ഒന്നിലേറെ തവണ വടകരയുടെ എം.പിയായിരുന്ന പി. സതീദേവിയെ ടെലിവിഷൻ ചർച്ചയിൽ മറ്റൊരു ചാർച്ചികൻ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോഴാണ് മഹിളാ തൊഴിലാളികളെ ഓർത്തുപോയത്. നിങ്ങളുടെ ജഡം പോലും കിട്ടില്ല, കൊത്തിനുറുക്കും എന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. ഇതെല്ലാം നടക്കുന്നത് കേരളത്തിലാണോ?