Sorry, you need to enable JavaScript to visit this website.

അവിഹിത ബന്ധവും മലപ്പുറത്തെ ഞെട്ടിച്ച കൊലകളും

സവാദിനെ കൊലപ്പെടുത്തിയ ഭാര്യ സൗജത്തിനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ
താനൂർ തെയ്യാലയിലെ ലൈൻ മുറി - ഇവിടെയാണ് കൊലപാതകം നടന്നത്
സവാദ് കൊല്ലപ്പെട്ട ക്വാർട്ടേഴ്‌സിനു മുമ്പിലെ ആൾക്കൂട്ടം
സവാദ് വധക്കേസ്  പ്രതി ബഷീറിനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നു

വലിയ മരക്കഷ്ണവുമായി ഉറങ്ങിക്കിടക്കുന്ന സവാദിനരികിലെത്തിയ ബഷീർ അയാളുടെ തലയ്ക്ക് ആഞ്ഞടിച്ചു. സവാദിന്റെ തലയോട്ടി പൊട്ടി രക്തം ചീറ്റിത്തെറിച്ചത് മകളുടെ മുഖത്തേക്കായിരുന്നു. കുട്ടി ഉണർന്നതോടെ ബഷീർ ഇരുളിൽ മറഞ്ഞു. പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കരുതിയിരുന്ന വസ്ത്രങ്ങൾ മാറിയുടുത്ത് കാറുമായി ബഷീർ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണർന്ന മകളെ സൗജത്ത് റൂമിലാക്കി കതക് പുറമെ നിന്ന് പൂട്ടി. സവാദ് ഞരങ്ങുന്നതായി ഫോണിൽ സൗജത്ത് വിളിച്ചറിയിച്ചതോടെ മരണം ഉറപ്പ് വരുത്താനായിരുന്നു ബഷീറിന്റെ കൽപന. ഇതോടെ അടുക്കളയിലെ കറിക്കത്തിയെടുത്ത് സവാദിന്റെ കഴുത്തിലും നെഞ്ചിലും തലങ്ങും വിലങ്ങും അറുത്ത് സൗജത്ത് മരണം ഉറപ്പാക്കി.

പിശാചുക്കൾക്ക് ഉറക്കമുണ്ടാകില്ലെന്നാണ് മുത്തശ്ശിക്കഥകളിലൂടെയും മറ്റും നാം നേടിയ അറിവ്. മലപ്പുറം താനൂരിലെ ലൈൻ ക്വാർട്ടേഴ്‌സ് മുറിയിൽ അന്ന് ആ വീട്ടമ്മ മാത്രം ഉറങ്ങിയില്ല. 
അവസാനത്തെ രാത്രിയുറക്കമാണിതെന്ന് അവിടത്തെ ഗൃഹനാഥന് അറിയുമായിരുന്നില്ല. ഉപ്പയോടൊന്നിച്ചുള്ള ഉറക്കത്തിന്റെ അവസാനമാണിതെന്ന് ആ വീട്ടിലെ ഇളയ മകൾക്കുമറിയില്ലായിരുന്നു. സുഖസുഷുപ്തിയിലായിരുന്നു പിതാവും, നാലു മക്കളും. രാത്രിയുടെ മധ്യ യാമത്തിൽ ഇരുളിലൂടെ അരിച്ചെത്തിയ ഒരു രൂപം ഗാഢനിദ്രയിലായിരുന്ന ഗൃഹനാഥന്റെ ശിരസ്സ് തല്ലിത്തകർത്തു. പിതാവിന്റെ കൊഴുത്ത രക്തം മുഖത്തേയ്ക്ക് ചീറ്റിത്തെറിച്ചതോടെ മകൾ ഞെട്ടിയെണീറ്റു. രാത്രിഞ്ചരനായ ഒരു കറുത്ത രൂപം ഇരുളിലേക്ക് മായുന്നത് ആ കുട്ടി കാണുകയും ചെയ്തു. നിമിഷങ്ങൾക്കകം ചുടുചോരയുടെ രൂക്ഷമായ ചൂര് അവിടെ വിലയം പ്രാപിക്കുകയായിരുന്നു. താനൂരിലെ മത്സ്യത്തൊഴിലാളിയായ സവാദ് (38) ദാരുണമായി കൊല്ലപ്പെട്ടു. ഇതിന് സമാനമായി തന്നെയാണ് ഇക്കഴിഞ്ഞ ഏപ്രിൽ 20 ന് മലപ്പുറം മുണ്ടുപറമ്പിലെ വാടക ക്വാർട്ടേഴ്‌സിൽ ഭാര്യയോടൊത്ത് കിടന്നുറങ്ങുകയായിരുന്ന ഉമ്മത്തൂർ സ്വദേശി പോത്തഞ്ചേരി വീട്ടിൽ ബഷീറി (52) ന് മേൽ അയാളുടെ ഭാര്യ സുബൈദ ആസിഡൊഴിച്ച് അയാളെ കൊലപ്പെടുത്തിയ സംഭവമുണ്ടായതും. ഉറക്കത്തിനിടെ തന്നെയാണ് ബഷീറും അതിദാരുണമായി കൊല്ലപ്പെട്ടത്. ആസിഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത് മലപ്പുറം ജില്ലയിൽ ആദ്യത്തെ സംഭവമാണ്. ഈ രണ്ട് സംഭവങ്ങൾക്ക് പിന്നിലുമുള്ളത് വഴിവിട്ട അവിഹിത ബന്ധവും അതിൽ നിന്ന് ഉടലെടുത്ത പൈശാചിക പ്രേരണയുമാണ്. 


അവിഹിത ബന്ധങ്ങളുടെ അറിയാക്കഥകൾ
മലപ്പുറം കുടുംബ കോടതിയിൽ നിലവിലുള്ള ഒരു കേസുമായി ബന്ധപ്പെട്ട് പത്ത് വയസ്സുകാരി ബാലിക സ്വന്തം പിതാവിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കോടതി ഈയിടെ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. പിതാവ് ലൈംഗികമായി പീഡിപ്പിക്കാറുണ്ട് എന്നതായിരുന്നു പെൺകുട്ടിയുടെ ആരോപണം. പോലീസന്വേഷണത്തിൽ മാതാവ് നിർദ്ദേശിച്ചതനുസരിച്ചാണ് കുട്ടി ഇത്തരം ഒരാരോപണം ഉന്നയിച്ചതെന്ന് തെളിഞ്ഞു. ദുർനടത്തക്കാരിയായ ഭാര്യയെ മൊഴി ചൊല്ലിയതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ഇതിനാധാരവും.
സമൂഹം നിഷ്‌കർഷിക്കുന്ന ചട്ടക്കൂടുകൾ മറി കടന്ന് അന്യന്റെ സ്വകാര്യതയിലും അധീനതയിലുമുള്ള  ജീവിത പങ്കാളി, അത് പുരുഷനാകട്ടെ സ്ത്രീയാകട്ടെ തന്നിലേക്ക് ആകർഷിപ്പിച്ചും ആവാഹിച്ചും സ്വന്തമാക്കുക എന്നത് ഒരു വിജയ സങ്കൽപമായി കൊണ്ടുനടക്കുന്ന വേറിട്ട മാനസികാവസ്ഥയുള്ളവരാണ് ഇത്തരം ചെയ്തികൾക്ക് പിന്നിലെന്നാണ് മനഃശ്ശാസ്ത്ര പക്ഷം. ഇത്തരം ആളുകളുടെ മനോവൈകല്യം തിരിച്ചറിയുക സാധ്യമല്ല. മറ്റുള്ളവരോട് മാന്യമായി പെരുമാറുന്ന ഇവർ സാഹചര്യം അനുകൂലമാകുമ്പോൾ ലഭ്യമാകുന്ന വഴികളിലൂടെയെല്ലാം അവിഹിത സാഹസങ്ങൾക്ക് മുതിരുന്നു. ഇവരിൽ ഉറങ്ങിക്കിടക്കുന്ന ക്രിമിനൽ സ്വഭാവം അതോടെ പുറത്ത് വരികയും ചെയ്യും. പ്രത്യാഘാതങ്ങളെക്കുറിച്ചും സ്വന്തം ആശ്രിതരെക്കുറിച്ചും ഒരു വിചാരവും പുലർത്താതെ എല്ലാം തന്റെ കഴിവാണെന്ന് സങ്കൽപിച്ച് അതിൽ അഭിരമിക്കുന്നവരാണ് ഇത്തരക്കാരെന്നും മനശ്ശാസ്ത്രജ്ഞർ പറയുന്നു. 

പിടിമുറുക്കുന്ന അരാജകത്വം
അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നതിൽ പൊതുവെ കേരളീയ സ്ത്രീസമൂഹം പിറകിലായിരുന്നെങ്കിലും ആ സ്ഥിതിയിൽ ഇന്ന് കാര്യമായ മാറ്റം വന്നിട്ടുള്ളതായി ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമെന്നോണമാണ് കേരളീയ ജീവിത പരിസരങ്ങളിൽ മൂടിക്കിടക്കുന്ന പല സ്വഭാവ വൈചിത്ര്യങ്ങളും അടുത്ത കാലത്തായി നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ജീവിത വിശുദ്ധി എന്നത് കേവലം ഒരു വിശേഷണത്തിലേക്ക് വഴിമാറിപ്പോകുന്ന ദുരവസ്ഥ. നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ അസ്വസ്ഥവും മലീമസവുമാക്കുന്ന തരത്തിലുള്ള ലൈംഗിക അരാജകത്വം നിരന്തരം വളർച്ച പ്രാപിക്കുകയാണെന്ന് സാമൂഹിക നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. സൈബർ ലോകം കാട്ടിത്തരുന്ന ലൈംഗിക അരാജകത്വം അവിഹിത ബന്ധങ്ങൾക്കും അതിന് മുതിരുന്ന സാഹസത്തിനുമൊക്കെ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. മുൻകാലത്ത് അശ്ലീല വീഡിയോ കാസറ്റുകൾ പോലീസിന് റെയിഡ് നടത്തി പിടികൂടാമായിരുന്നു. ടെക്‌നോളജിയുടെയും വിവര സാങ്കേതിക വിദ്യയുടെയും വികാസം മൂലം കൊച്ചു കുട്ടികൾക്ക് പോലും എവിടെ വെച്ചും എപ്പോൾ വേണമെങ്കിലും അശ്ലീല രതി ആസ്വദിക്കാനുള്ള സാമൂഹികാവസ്ഥ കൈവന്നു. ഇക്കാരണങ്ങളിലൂടെ രൂപമെടുക്കുന്ന പ്രശ്‌നങ്ങൾ പല തരത്തിലുമുള്ള പ്രത്യാഘാതങ്ങളാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. 
സെപ്റ്റംബർ അവസാന വാരം ആലപ്പുഴ-തണ്ണീർമുക്കം സ്വദേശിയായ 15 കാരൻ വിദ്യാർത്ഥിയെയും കൂട്ടി ഒളിച്ചോടിയ 41 കാരിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഏറെ ഗൗരവതരമാണ്. ചെന്നൈയിൽ നിന്നാണ് പോലീസ് ഇരുവരെയും പിടികൂടിയത്. ചേർത്തല സ്വദേശിനിയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുമായ സ്ത്രീക്ക് 10 വയസ്സുള്ള ഒരു മകനുമുണ്ട്. തന്റെ വിദ്യാർത്ഥിയായ ബാലന് ഫോണും വസ്ത്രങ്ങളും വാങ്ങി നൽകിയാണ് അധ്യാപിക പയ്യനെ വശത്താക്കിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. 
രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന സുപ്രധാനമായ രണ്ട് വിധികളാണ് ഈയിടെ സുപ്രീം കോടതി പുറപ്പെടുവിച്ചത്. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ല എന്നതാണ് അതിലൊന്ന്. 157 വർഷം പഴക്കമുള്ള, നിലവിലുണ്ടായിരുന്ന ഐ.പി.സി 377 ാം വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ ചരിത്ര വിധിയുണ്ടായത്. വിവാഹേതര ലൈംഗിക ബന്ധവും ക്രിമിനൽ കുറ്റമല്ല എന്നതാണ് മറ്റൊരു വിധി. എന്നാൽ വിവാഹേതര ലൈംഗികത വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ട് സുപ്രധാന വിധികളും ജനാധിപത്യ രാജ്യമെന്ന നിലയിൽ സ്വാഗതാർഹമെങ്കിലും കേരളീയ സമൂഹത്തിൽ ഇതേറെ ആശങ്കയുണ്ടാക്കുന്നു. 


സവാദിനെ കൊലപ്പെടുത്തിയ സൗജത്ത്
നാല് കുട്ടികളുടെ പിതാവായ താനൂർ പാറകത്ത് വീട്ടിൽ കമ്മുവിന്റെ മകൻ സവാദിന്റെ കൊലയ്ക്ക് പിന്നിലുള്ള കാരണവും അവിഹിത ബന്ധം തന്നെ. ഒരു വ്യാഴവട്ടക്കാലമായി സവാദ്-സൗജത്ത് ദമ്പതിമാർ ജീവിതം ആരംഭിച്ചിട്ട്. ഏതാണ്ട് അഞ്ച് വർഷം മുമ്പ് വരെ സന്തുഷ്ടമായിരുന്നു ഇവരുടെ ജീവിതം. ഓമച്ചപ്പുഴ സ്വദേശി കൊളത്തൂർ ബഷീർ, സവാദുമായി ചങ്ങാത്തത്തിലാവുകയും വീട്ടിൽ നിത്യസന്ദർശകനാവുകയും ചെയ്തതോടെയാണ് സവാദിന്റെ കുടുംബ ജീവിതത്തിൽ ദുരന്തത്തിന്റെ പിറവി. സൗജത്തിന് ഭർത്താവിനേക്കാൾ പ്രിയം ഭർത്താവിന്റെ കൂട്ടുകാരൻ ബഷീറിനോടായി. അയാളുടെ പെരുമാറ്റം, സംസാരം, സ്വഭാവം എന്നു വേണ്ട എല്ലാമെല്ലാം സൗജത്തിനെ നിരന്തരം ആകർഷിച്ചുകൊണ്ടിരുന്നു. ഭർത്താവ് ജോലിക്ക് പോകുമ്പോൾ കൃത്യമായി സൗജത്തിന്റെ വീട്ടിലെത്തിയിരുന്ന ബഷീർ 'കലവറയില്ലാത്ത സ്‌നേഹവും ചൂടും ചൂരും' അവൾക്ക് പകർന്നി നൽകി. ക്രമേണ ബഷീറിനോടൊപ്പം സൗജത്ത് പുറത്ത് കറങ്ങാനും പോയിത്തുടങ്ങി. ഈ വേളയിലാകട്ടെ, താനടക്കമുള്ള ആറ് വയറുകൾ നിറയ്ക്കുന്നതിനായി സവാദ് കടലിൽ തിരമാലകളോട് മല്ലിടുകയായിരുന്നു. സവാദിന്റെ അസാന്നിധ്യത്തിൽ വീട്ടിലേക്കുള്ള ബഷീറിന്റെ നിരന്തര സന്ദർശനം സവാദിന്റെ പിതാവിനെയും സഹോദരങ്ങളെയും അസ്വസ്ഥരാക്കി. അക്കാര്യം അവർ സവാദിനോടും സൂചിപ്പിച്ചു. സവാദ്, ബഷീറിനോട് ഇക്കാര്യത്തെക്കുറിച്ച് തിരക്കി. സ്വന്തം വീട്ടുകാർ അപവാദം പ്രചരിപ്പിക്കുകയാണെന്നും അവിടെ നിന്ന് മാറിത്താമസിക്കുന്നതാണ് ഉത്തമമെന്നുമായിരുന്നു കുതന്ത്രശാലിയായ ബഷീർ സവാദിനെ ധരിപ്പിച്ചത്. സവാദിനും കുടുംബത്തിനും താമസിക്കുന്നതിനായി വാടക ക്വാർട്ടേഴ്‌സ് കണ്ടെത്തിപ്പിടിച്ചതും ബഷീർ തന്നെയായിരുന്നു. ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങി അധികം വൈകാതെ സവാദിന് കാര്യങ്ങളുടെ വസ്തുത ഏറെക്കുറെ മനസ്സിലാക്കാനായി. 


ഇതോടെ സവാദ് ഭാര്യയുമായി ശണ്ഠ പതിവായി. ഇതിനിടെ ബഷീർ സൗജത്തുമായി ഏർവാടിയിലേക്ക് ഒളിച്ചോട്ടം നടത്തി. തുടർന്ന് കുടുംബവും വീട്ടുകാരും പോലീസുമൊക്കെ വിഷയത്തിൽ ഇടപെട്ടു. ദുർനടത്തക്കാരിയായിട്ട് കൂടി സവാദിന് ഭാര്യയെ ഒഴിവാക്കാനാകുമായിരുന്നില്ല. നാല് മക്കളുടെ പിതാവായ സവാദ് എന്നും ആഗ്രഹിച്ചത് ശാന്തമായ കുടുംബ ജീവിതമാണ്. അത് മോഹിച്ചാണ് ഭാര്യയുടെ തെറ്റുകൾക്ക് മാപ്പ് നൽകി അയാൾ തുടർന്നും അവളോടൊപ്പം ജീവിച്ചുപോന്നത്.
നേരത്തെ ദുബായിലും സൗദിയിലുമൊക്കെ ജോലി നോക്കിയ ബഷീർ 2017 ഒക്‌ടോബറിലാണ് ഷാർജയിലേക്ക് പോയത്. തുടർന്ന് നിരന്തരം സൗജത്തുമായി ഫോണിൽ ബന്ധപ്പെട്ടു വരികയായിരുന്നു. ഇത് പല തവണ വിലക്കിയ സവാദ് ഒരു ഫലവുമില്ലാതെ തീർത്തും നിസ്സഹായനായി മാറി. സവാദിന്റെ ശല്യം ഒഴിവാക്കാനായി 'ലളിതമായ മാർഗ'മാണ് പിന്നീട് ബഷീറും സൗജത്തും ചേർന്ന് പ്ലാനിട്ടത്. 'സവാദിനെ കൊല്ലുക-വെട്ടി നുറുക്കി കുഴിച്ചിടുക-ഭർത്താവിനെ കാണാതായെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകുക, ശേഷം ബഷീറുമായി അടിപൊളി ജീവിതം നയിക്കുക' എന്നതായിരുന്നു ഇരുവരുടെയും പ്ലാൻ. പ്രേമവിവശനായ ബഷീർ സ്വന്തം ഭാര്യയെയും കുട്ടികളെയും കുറിച്ച് ചിന്തിച്ചില്ല. അനുരാഗ ലഹരിയിൽ സൗജത്ത് നാല് മക്കളെക്കുറിച്ചും ചിന്തിച്ചില്ല. നാടും വീടും കുടുംബവും പോലീസ്, കോടതി, കാരാഗൃഹം അതൊന്നും ഇരുവരും ഒട്ടും കാര്യമാക്കിയില്ല. ആസൂത്രണം ചെയ്ത കൃത്യം അതിവേഗം നടപ്പാക്കാനായിരുന്നു ഇരുവരും ഉറച്ച തീരുമാനമെടുത്തത്.


കൊല, രക്ഷപ്പെടൽ, കീഴടങ്ങൽ
ആരോരുമറിയതെ ഒക്‌ടോബർ രണ്ടിന് മംഗലാപുരത്ത് വിമാനമിറങ്ങിയ ബഷീർ കാസർകോട്ടെ തന്റെ സുഹൃത്തായ സുഫിയാനെയും കൂട്ടി നേരെ കോഴിക്കോട്ട് വന്നു. അന്നവിടെ ലോഡ്ജിൽ തങ്ങുകയായിരുന്നു. രാത്രി സവാദിനെ കൊലപ്പെടുത്താനായി താനൂരിലെത്തിയെങ്കിലും സവാദ് ടെറസിന് മുകളിലാണ് കിടന്നിരുന്നത്. കൃത്യം നടത്താൻ ബഷീർ ഒരുങ്ങിയെങ്കിലും സവാദ് ഉണർന്ന് മൂത്രമൊഴിക്കാൻ ഇറങ്ങിയതോടെ പദ്ധതി പാളി. ബഷീർ കോഴിക്കോട്ടേക്ക് തന്നെ മടങ്ങി.
പിറ്റേന്ന് കാലത്ത് സൗജത്തിനെ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി. വൈകും വരെ ഇരുവരും ലോഡ്ജിൽ തങ്ങി. നടപ്പാക്കേണ്ട പദ്ധതിയെക്കുറിച്ച് അന്തിമ ചർച്ചയും നടത്തി. 
അന്ന് പതിവുപോലെ മത്സ്യബന്ധന ജോലി കഴിഞ്ഞെത്തി സവാദ് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. കറന്റ് പോയതിനാൽ ക്വാർട്ടേഴ്‌സിലെ മുൻവശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാൻ കിടന്നത്. ചൂടെടുക്കുന്നുവെന്ന് പറഞ്ഞ് ഇളയ മകളും സവാദിന്റെ കൂടെയാണ് കിടന്നത്. സൗജത്തുമായുണ്ടാക്കിയ ധാരണ പ്രകാരം പുലർച്ചെ ഒരു മണിയോടെ അവിടെയെത്തിയ ബഷീർ തുറന്നിട്ടിരിക്കുന്ന പിൻവശത്തെ കതക് വഴി അകത്തെത്തി.
സവാദും നാല് കുട്ടികളും നല്ല ഉറക്കത്തിലായിരുന്നു. വലിയ മരക്കഷ്ണവുമായി ഉറങ്ങിക്കിടക്കുന്ന സവാദിനരികിലെത്തിയ ബഷീർ അയാളുടെ തലയ്ക്ക് ആഞ്ഞടിച്ചു. സവാദിന്റെ തലയോട്ടി പൊട്ടി രക്തം ചീറ്റിത്തെറിച്ചത് മകളുടെ മുഖത്തേക്കായിരുന്നു. കുട്ടി ഉണർന്നതോടെ ബഷീർ ഇരുളിൽ മറഞ്ഞു. പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കരുതിയിരുന്ന വസ്ത്രങ്ങൾ മാറിയുടുത്ത് കാറുമായി ബഷീർ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണർന്ന മകളെ സൗജത്ത് റൂമിലാക്കി കതക് പുറമെ നിന്ന് പൂട്ടി. സവാദ് ഞരങ്ങുന്നതായി ഫോണിൽ സൗജത്ത് വിളിച്ചറിയച്ചതോടെ മരണം ഉറപ്പ് വരുത്താനായിരുന്നു ബഷീറിന്റെ കൽപന. 
ഇതോടെ അടുക്കളയിലെ കറിക്കത്തിയെടുത്ത് സവാദിന്റെ കഴുത്തിലും നെഞ്ചിലും തലങ്ങും വിലങ്ങും അറുത്ത് സൗജത്ത് മരണം ഉറപ്പാക്കി. തുടർന്ന് സൗജത്ത് അയൽക്കാരെ വിളിച്ചുണർത്തി ഭർത്താവിനെ ആരോ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു.
കാറിൽ മംഗലാപുരം എയർപോർട്ടിലെത്തിയ ബഷീർ ഷാർജയിലേക്ക് പറന്നു. എന്നാൽ കാര്യങ്ങൾ ഒട്ടും പന്തിയായിരുന്നില്ല. സവാദിന്റെ ഖബറടക്കം കഴിഞ്ഞ ഉടൻ തന്നെ സൗജത്തിനെ പോലീസ് പൊക്കി. പോലീസ് നടത്തിയ പ്രേത പരിശോധനയിൽ സവാദിന്റെ തലയിൽ ഗുരുതരമായ ക്ഷതമേറ്റിരുന്നതായും ജഡത്തിന്റെ കഴുത്തിലും നെഞ്ചിലുമായി എട്ടിടത്ത് കത്തി കൊണ്ട് വെട്ടിയതായും കണ്ടെത്തി. എല്ലാ കാര്യങ്ങളും സൗജത്ത് കൃത്യമായി തന്നെ പോലീസിന് മൊഴി നൽകി. ബഷീറിന് സഹായങ്ങൾ ചെയ്തു കൊടുത്ത സുഹൃത്ത് ഓമച്ചപ്പുഴ സ്വദേശി സുഫിയാനെ കാസർകോട്ട് നിന്നാണ് പോലീസ് പൊക്കുന്നത്. ഷാർജ ഫയർ സ്റ്റേഷനിൽ കുക്കായി ജോലി നോക്കുന്ന ബഷീർ സവാദിന്റെ ജീവനെടുക്കാനായി മൂന്നു ദിവസത്തെ ലീവിന് സ്വന്തം വീട്ടുകാർ പോലും അറിയാതെ എത്തിയതായിരുന്നു. പത്രവാർത്ത കണ്ടാണ് ബഷീറിന്റെ വീട്ടുകാർ കാര്യമറിയുന്നത്. ഇതിനകം സോഷ്യൽ മീഡിയ വഴി വിഷയം പ്രചരിച്ചതോടെ ബഷീറിന് ഷാർജയിൽ നിൽക്കക്കള്ളി ഇല്ലാതായി. ആളെ തിരിച്ചറിയാതിരിക്കാൻ ക്ലീൻ ഷേവ് നടത്തി വേഷപ്പകർച്ചയും ബഷീർ നടത്തിയിരുന്നു. വിവിധ മലയാളി സംഘടനകൾ ബഷീറിനെ തിരയുകയാണെന്ന് വ്യക്തമായതോടെ, ഷാർജയിൽ നിന്ന് ചെന്നൈ എയർപോർട്ടിലെത്തി പിന്നീട് തീവണ്ടി മാർഗം നാട്ടിലെത്തി അയാൾ താനൂർ പോലീസിൽ കീഴടങ്ങുകയായിരുന്നു. സവാദിനെ കൊലപ്പെടുത്താൻ മംഗലാപുരത്തു നിന്ന് താനൂർ തെയ്യാലയിലേക്കു വരാനും പോകാനും ഉപയോഗിച്ച കെ.എൽ-60 ഡി 6415 റിറ്റ്സ് കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കാറിൽ രക്തക്കറ പുരണ്ടതായി ഫോറൻസിക് ഉദ്യോഗസ്ഥർ കണ്ടെത്തി.   

ഉരുകിത്തീരുന്ന ബാല്യങ്ങൾ
കൊല്ലപ്പെട്ട സവാദിന്റെ നാല് കുട്ടികളെ ഖത്തർ കെ.എം.സി.സി ദത്തെടുത്തിരിക്കുകയാണ്. എട്ടിലും ഏഴിലും നാലിലും ഒന്നിലുമായി പഠിക്കുന്ന ഈ കുട്ടികൾ സവാദിന്റെ സഹോദരനോടൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. കുട്ടികളുടെ മുഴുവൻ ചെലവുകളും വിദ്യാഭ്യാസമുൾപ്പെടെയുള്ള കാര്യങ്ങളും താനൂർ മുനിസിപ്പൽ കെ.എം.സി.സി ഏറ്റെടുത്തിരിക്കുകയാണ്. താനൂർ മണ്ഡലം സെക്രട്ടറി ഇബ്രാഹിംകുട്ടി സവാദിന്റെ സഹോദരന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. താനൂർ മുനിസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികളായ ടി.പി.എം. അബ്ദുൽ കരീം, അഡ്വ. കെ.പി. സൈതലവി, കുഞ്ഞാവ, അബ്ബാസ്, നൗഷാദ്, ഹംസക്കുട്ടി, മൊയ്തീൻ കോയ, ഇസ്മയിൽ, സലാം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. 
ആകസ്മികമായി അപകടങ്ങളിലും മറ്റും അനാഥരായി മാറുന്ന എത്രയോ ബാല്യങ്ങളുണ്ട്. അപരിചിതരിൽ നിന്നുണ്ടാകുന്ന ആക്രമണാനുഭവത്തിൽ മാതാപിതാക്കളിൽ നിന്ന് അതേക്കുറിച്ച് സാന്ത്വനമുണ്ടാകുമ്പോൾ കുട്ടികൾ ക്രമേണ എല്ലാം മറക്കുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി സ്വന്തം മാതാവിൽ നിന്നുണ്ടായ ഭീതിദമായ ദുരനുഭവത്തിന്റെ ചിന്തയും ദുഃഖവും കുട്ടികളുടെ മനസ്സിൽ വിഷാദത്തിന്റെ വറ്റാത്ത നീരുറവ സൃഷ്ടിക്കുന്നു. ലോക്കപ്പിൽ കഴിയുന്ന ബഷീറിനും സൗജത്തിനും അതിന്റെ തീവ്രതയറിയില്ല. കുട്ടികളുടെ മനസ്സിലെ മുറിവുകൾ മാറ്റുക ദുഷ്‌കരമാണ്. എത്രമാത്രം കൗൺസലിംഗ് നൽകിയാലും ബാലമനസ്സുകളിൽ അതിന്റെ ഒരംശം ബാക്കി നിൽക്കും. സ്വന്തം വീട്ടിൽ നിന്നുണ്ടായ അരുതാത്ത ദുരനുഭവങ്ങൾ ആരോടും പങ്കു വെയ്ക്കാൻ പോലുമാകാതെ നിസ്സഹായരായ കുട്ടികൾ സ്വയം ഉരുകിക്കൊണ്ടിരിക്കും. 
കൊല നടന്ന വാടക ക്വാർട്ടേഴ്‌സിൽ പോലീസും നാട്ടുകാരും തിങ്ങിക്കൂടിയപ്പോൾ വിഹ്വലമായ മനസ്സുമായി നാല് കുട്ടികൾ പരിഭ്രമത്തോടെ നിലകൊള്ളുകയായിരുന്നു. 
അന്നം തന്ന പിതാവിന്റെ ജഡം വാടക ക്വാർട്ടേഴ്‌സിലെ വരാന്തയിൽ വിറങ്ങലിച്ച് കിടന്നപ്പോൾ, ഇനിയെന്ത് എന്ന ചോദ്യവുമായി നാലു കുട്ടികളും പരസ്പരം ഒട്ടിപ്പിടിച്ച് നില കൊള്ളുകയായിരുന്നു.  അവിഹിത ബന്ധങ്ങളിൽ സംതൃപ്തി തേടിപ്പായുന്നവർക്ക് സമൂഹ മനസ്സാക്ഷിയുടെ പിടച്ചിലിന് ഉത്തരം നൽകാനാകുമോ....?

 

 

 

 

 

Latest News