കോഴിക്കോട്- അദിവാസികളുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി വിട്ടു. വയനാട്ടിലെ ആദിവാസി നേതാവ് സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാര്‍ട്ടിയാണിത്. ബി.ജെ.പി മുന്നണിയില്‍ ചേരുന്നതിന്റെ ഭാഗമായിരുന്നു ഈ പാര്‍ട്ടിയുടെ രൂപീകരണം. ബി.ജെ.പി തങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതാണ് മുന്നണി വിടാന്‍ കാരണമെന്നും ഭാവിയില്‍ ഏതു മുന്നണിയുമായും ചര്‍ച്ചയ്ക്കു തയാറാണെന്നും ജാനു അറിയിച്ചു. ബോര്‍ഡ്, കോര്‍പറേഷന്‍ പദവികളിലേക്ക് പരിഗണിച്ചില്ല, ഷെഡ്യൂള്‍ ഏരിയാ നിയമം പാസാക്കണമെന്ന് ആവശ്യവും നടപ്പാക്കിയില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഇവ ചര്‍ച്ച നടത്തിയിരുന്നതാണെന്നും ജാനു പറഞ്ഞു.
കടുത്ത അവഗണന നേരിട്ട് മുന്നണിയില്‍ തുടരേണ്ടെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ മാസങ്ങളായി ഉയര്‍ന്നിരുന്നുവെന്നും ജാനു പറഞ്ഞു. പ്രതീക്ഷ ഉണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും കാലം തുടര്‍ന്നത്. അവഗണിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി മാറി നില്‍ക്കാനാണ് പാര്‍ട്ടി കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. എന്‍.ഡി.എ ചര്‍ച്ചയ്ക്കു വന്നാല്‍ തങ്ങള്‍ ഒരുക്കമാണെന്നും ജാനു വ്യക്തമാക്കി. ഏതു മുന്നണി ചര്‍ച്ചയ്ക്കു വിളിച്ചാലും തയാറാണെന്നും അവര്‍ പറഞ്ഞു.