അങ്കമാലി- നടി ആക്രമണക്കേസിലെ പ്രധാന പ്രതി പൾസർ സുനിക്ക് ജയിലിൽ സിംകാർഡ് എത്തിച്ച് നൽകിയ കേസിലെ പ്രതിയെ, ബൈക്കിൽ എത്തി മാല പൊട്ടിച്ച കേസിൽ അങ്കമാലി പോലീസ് പിടികൂടി. കാക്കനാട് അമ്പാടി ഗോകുലത്തിൽ വെച്ച് മലപ്പുറം താനൂർ ചെമ്പൻ പുരയ്ക്കൽ ഇമ്രാൻ ഖാനെ (33) യാണ് അങ്കമാലി പോലീസ് പിടികൂടിയത്.
കുറെ നാളുകളായി ബൈക്കിൽ യാത്ര ചെയ്ത് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് മാലയും മറ്റും മോഷണം നടത്തിയതിന് വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. അങ്കമാലി, നെടുമ്പാശേരി പോലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകളിലായി മുപ്പത് പവനോളം സ്വർണം കവർന്ന കേസുകളിൽ പ്രതിയാണ്. അങ്കമാലിയിൽ അഞ്ച് കേസുകളിലും നെടുമ്പാശേരിയിൽ മൂന്ന് കേസുകളിലും സംഭവം നടത്തിയത് പ്രതിയാണെന്ന് സമ്മതിച്ചിട്ടുണ്ട്.
വീഡിയോഗ്രാഫറായി ജോലി നോക്കിയിരുന്ന പ്രതി 2011 ൽ ഒരു വിവാഹത്തിന് വീഡിയോ പിടിക്കുന്നതിനായി സുഹൃത്തിന്റെ കാറിൽ പോകവേ കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് ഒടിയുകയും വണ്ടിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പോസ്റ്റ് നന്നാക്കുന്നതിന് 10,000 രൂപയും കാർ നന്നാക്കുന്നതിന് 40,000 രൂപയും വേണ്ടി വന്നു. ഇതിന് വേണ്ട പണം കണ്ടെത്തുന്നതിനാണ് പ്രതി കൂട്ടുകാരായ വിഷ്ണു, തവള അജിത്ത് എന്നിവരും ചേർന്ന് മാല പൊട്ടിക്കാൻ പദ്ധതിയിട്ടത്. അന്ന് പ്രതി കളമശേരി, തൃക്കാക്കര, പാലാരിവട്ടം, ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ 17 കേസുകളിൽ 35 ഓളം പവൻ സ്വർണം കവർന്നിരുന്നു. ഈ കേസുകളിൽ ശിക്ഷ കിട്ടാതിരിക്കാൻ സ്വർണം നഷ്ടപ്പെട്ടവർക്ക് പണം നൽകുന്നതിനാണ് വീണ്ടും മോഷണം നടത്തിയിരുന്നത്.