കൊച്ചി- നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് താരസംഘടനയായ അമ്മയിൽനിന്ന് രാജിവെച്ചു. രാജിക്കത്ത് ദിലീപ് കഴിഞ്ഞ ദിവസം അമ്മ പ്രസിഡന്റ് മോഹൻലാലിന് കൈമാറിയതായി അമ്മ നേതൃത്വം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് രാജിക്കത്ത് ദിലീപ് മോഹൻലാലിന് കൈമാറിയത്. ദിലീപ് വിഷയത്തിൽ അമ്മ തീരുമാനം വൈകുന്നതിനെതിരെ വനിതാ കൂട്ടായ്മ വാർത്താ സമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അമ്മ നേതൃത്വം ദിലീപിന്റെ രാജിവാർത്ത പുറത്തുവിട്ടത്.
കേസിൽ പ്രതിയായതിനെ തുടർന്ന് പ്രത്യേക എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് ദിലീപിനെ സംഘടനയിൽ നിന്ന് സസ്‌പെന്റ് ചെയ്തുവെങ്കിലും ബൈലോ പ്രകാരം നടപടി നിലനിൽക്കില്ലെന്നതിനാൽ അടുത്ത എക്‌സിക്യൂട്ടീവ് തീരുമാനം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും അമ്മയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കി. എന്നാൽ വനിതാ കൂട്ടായ്മ ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചതോടെയാണ് ദിലീപ് രാജിക്കത്ത് നൽകിയിരിക്കുന്നത്.