34 വർഷത്തെ ആത്മാർഥ സേവനം അവഗണിച്ച്, നിരർഥകമായ കുറ്റം ചുമത്തി തന്നെ പുറത്താക്കിയെന്ന് ജിദ്ദ ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ
ജിദ്ദ- മൂന്നര പതിറ്റാണ്ടോളം ആത്മാർഥ സേവനം കാഴ്ച വെച്ചിട്ടും നീതി ലഭിക്കാതെയാണ് താൻ പടിയിറങ്ങിയതെന്ന് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ സെയ്ദ് മസൂദ് അഹമ്മദ് പറഞ്ഞു. പ്രിൻസിപ്പലെന്ന നിലയിൽ ഒരു നിയമ ലംഘനവും താൻ നടത്തിയിട്ടില്ല. സ്‌കൂളിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നിയമങ്ങൾക്കു അനുസൃതമായി മാത്രമേ പ്രവർത്തിച്ചിട്ടൂള്ളൂ.
അതിനാവശ്യമായ എല്ലാ തെളിവുകളും തന്റെ കൈവശം ഉണ്ട്. എന്നിട്ടും ചട്ടവിരുദ്ധമായ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് നീതി നിഷേധിച്ചുകൊണ്ടാണ് തന്നെ സർവീസിൽനിന്ന് മുന്നറിയിപ്പില്ലാതെ നീക്കം ചെയ്തതെന്ന് അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു.
അധ്യാപകനെന്ന നിലയിലും പ്രിൻസിപ്പലെന്ന നിലയിലും ഈ മഹത്തായ സ്ഥാപനത്തിന്റെ ഭാഗഭാക്കാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സഹപ്രവർത്തകരും വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ സഹകരണത്തിന് ഏറെ നന്ദിയും കടപ്പാടുമുണ്ട്. അതുകൊണ്ടു തന്നെ പൂർണ സംതൃപ്തനായാണ് മടക്കം. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത വിധം സ്‌കൂളിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യൻ സമൂഹത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിരുദാനന്തര ബിരുദത്തിനു ശേഷം ജിദ്ദയിലെത്തി 1984 ൽ ബയോളജി അധ്യാപകനായാണ് ഹൈദരാബാദ് സ്വദേശിയായ സെയ്ദ് മസൂദ് ഇന്ത്യൻ സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
1999 ൽ ഹയർ ക്ലാസ് ഹെഡ്മാസ്റ്ററായും 2006 ൽ വൈസ് പ്രിൻസിപ്പലായും 2008 ൽ പ്രിൻസപ്പൽ ഇൻ ചാർജ് ആയും 2009 ൽ പ്രിൻസിപ്പലായും സ്ഥാനക്കയറ്റം ലഭിച്ചു.
പ്രവേശനം കാത്ത് ആയിരക്കണക്കിനു കുട്ടികൾ പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ഒന്നാകെയുള്ള സമ്മർദത്തെ തുടർന്ന് കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകാനായി 2015 ൽ അന്നത്തെ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്ത കെട്ടിടത്തിന്റെ അഡ്വാൻസ് തുകയായ ഒരു ലക്ഷം റിയാലിന്റെ ചെക്കിൽ ഒപ്പുവെച്ചത് നിയമ വിരുദ്ധ പ്രവർത്തനമായി ചൂണ്ടിക്കാണിച്ചാണ് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടിൽ അവധിയിലായിരിക്കേ സർവീസിൽനിന്ന് നീക്കം ചെയ്തത്.
60 വയസ്സ് പൂർത്തിയായി 2018 ജൂലൈയിൽ സർവീസ് കാലാവധി പൂർത്തിയാകുമെങ്കിലും സി.ബി.എസ്.ഇ നിയമപ്രകാരവും സ്‌കൂൾ സർവീസ് റൂൾ പ്രകാരവും അക്കാദമിക് വർഷത്തിന് ഇടക്കു വെച്ചാണ് സർവീസ് കാലാവധി പൂർത്തിയാകുന്നതെങ്കിൽ ആ വർഷം അവസാനിക്കുന്നതു വരെ തുടരാൻ അനുവദിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ പിരിച്ചുവിട്ട മാനേജിംഗ് കമ്മിറ്റി ചെർമാനായിരുന്ന അഡ്വ. ഷംസുദ്ദീന്, തന്നെ സർവീസിൽ തുടരാൻ അനുവദിക്കേണ്ടതില്ലെന്നും നീക്കം ചെയ്തതായും അറിയിച്ചുകൊണ്ടുള്ള നിർദേശമാണ് ഹയർ ബോർഡിൽനിന്ന് ലഭിച്ചത്. നോട്ടീസ് കാലാവധി പോലും നൽകാതെ, ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു പിരിച്ചുവിട്ടത്. തന്റെ ഒമ്പതിലും പ്ലസ് വണ്ണിനും പഠിക്കുന്ന മക്കളുടെ തുടർ വിദ്യാഭ്യാസം പോലും പരിഗണിക്കാതെയായിരുന്നു ഈ നടപടി.
2015 ൽ അഡ്വ. മുഹമ്മദ് റാസിക് ചെയർമാനായുള്ള അന്നത്തെ മാനേജിംഗ് കമ്മിറ്റി സ്‌കൂൾ ഒബ്‌സർവർവറായിരുന്ന റാഖിബ് ഖുറൈഷിയുടെയും കോൺസൽ ജനറലിന്റെയും എംബസിയുടെയും അനുമതിയോടെയാണ് കെട്ടിടം ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇതിനായി നൽകിയ അഡ്വാൻസ് തുകയായ ഒരു ലക്ഷം റിയാലിന്റെ ചെക്കിൽ ഒപ്പു വെച്ചതാണ് എന്റെ പേരിൽ ആരോപിക്കപ്പെടുന്ന കുറ്റം.
പ്രിൻസിപ്പലിന് 20,000 റിയാൽ വരെയുള്ള ചെക്കിൽ ഒപ്പിടാനുള്ള അധികാരമേയുള്ളൂവെന്നാണ് ഇതിനു കാരണമായി പറയുന്നത്. എന്നാൽ പ്രിൻസിപ്പൽ പ്രവർത്തിക്കുന്നത് മാനേജിംഗ് കമ്മിറ്റിക്കു കീഴിലാണ്. സ്‌കൂൾ ഒബ്‌സർവറുടെയും എംബസിയുടെ മേൽനോട്ടത്തിലുള്ള ഹയർബോർഡിന്റെയും അനുമതിയോടെ മാനേജിംഗ് കമ്മിറ്റി എടുക്കുന്ന തീരുമാനം നടപ്പാക്കുക പ്രിൻസിപ്പലിന്റെ ഉത്തരവാദിത്തമാണ്. ഹയർ ബോർഡ് ചെയർമാൻ അവധിയിലായിരിക്കേ എംബസിയുടെയും കോൺസുലേറ്റിന്റെയും ഒബ്‌സർവറുടേയും അനുമതി ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലും മാനേജിംഗ് കമ്മിറ്റിയുടെ ഒന്നാകെയുള്ള തീരുമാനത്തിലുമാണ് ചെയർമാൻ ഒപ്പുവെച്ച ഒരു ലക്ഷം റിയാലിന്റെ ചെക്കിൽ താനും ഒപ്പിട്ടത്. അതാകട്ടെ, പിന്നീട് മാറാൻ കഴിയുന്ന ഡേറ്റഡ് ചെക്കുമായിരുന്നു.
സ്‌കൂൾ പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ അനുമതിയും കെട്ടിട ഉടമ സമ്പാദിച്ചു നൽകിയില്ലെങ്കിൽ അഡ്വാൻസ് തുക തിരികെ നൽകണമെന്നുമുള്ള കരാറും ഉണ്ടാക്കിയ ശേഷമായിരുന്നു ചെക്ക് കെട്ടിട ഉടമക്ക് നൽകിയത്. ഈ സംഭവം കഴിഞ്ഞ് മൂന്നു വർഷം ഒരു ചോദ്യവും നടപടിയും ഉണ്ടായിട്ടില്ല. അന്ന് എന്തെങ്കിലും എതിർപ്പുണ്ടായിരുന്നുവെങ്കിൽ ഒബ്‌സർവറും കോൺസൽ ജനറലും എംബസിയും ഇതിനു സമ്മതിക്കില്ലായിരുന്നു. സി.ജിയും ഒബ്‌സർവറുമെല്ലാം കെട്ടിടം സന്ദർശിച്ച് അനുയോജ്യമെന്ന റിപ്പോർട്ട് അംഗീകരിച്ചതുമാണ്.
അന്നത്തെ കരാറിന്റെ കോപ്പി എംബസിക്കും ഒബ്‌സർവർ അയച്ചിരുന്നു. വസ്തുത ഇതായിരിക്കേയാണ് തന്നെ കുറ്റാരോപിതനായി പുറത്താക്കിയത്.
അന്നേറ്റെടുത്ത കെട്ടിടം കരാർ വ്യവസ്ഥകൾ ഉടമ പാലിക്കതിരുന്നതിനാൽ പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതിനെതിരെ കെട്ടിട ഉടമ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിലും നിയമപരമായ എല്ലാ രേഖകളും സ്‌കൂളിന്റെ കൈവശമുള്ളതിനാൽ കേസിൽ അന്തിമ വിധിയുണ്ടാകുമ്പോൾ അഡ്വാൻസായി നൽകിയ ഒരു ലക്ഷം റിയാൽ തിരികെ കിട്ടാനുള്ള സാധ്യതകളാണുള്ളത്.
നീതി നിഷേധത്തിനെതിരെയുള്ള പരാതി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും അതിന്റെ കോപ്പി മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കർക്കും സി.ബി.എസ്.ഇ ചെയർമാനും അയച്ചിരുന്നു. അവരത് എംബസിക്ക് ഫോർവേർഡ് ചെയ്തിരിക്കാമെങ്കിലും തനിക്ക് ഒരു മറുപടിയും ഇതുവരെ ലഭിച്ചില്ലെന്ന് സെയ്ദ് മസൂദ് അഹമ്മദ് പറഞ്ഞു.
ആൺകുട്ടികളുടെ സ്‌കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട കേസിലെ പരാജയം ഇതാദ്യമല്ല. ഇതിനു മുൻപ് മൂന്നു തവണ കേസിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഭീമമായ സംഖ്യ സ്‌കൂളിന് നഷ്ടമായിരുന്നു.
1994 ജൂണിൽ അന്നത്തെ ഉടമ മൈമനിയുമായി 49 വർഷത്തെ കരാർ ഉണ്ടാക്കുമ്പോൾ സ്‌കൂൾ ഡയറക്ടർ ചുമതല കോൺസൽ അസ്ഹർഖാനായിരുന്നു. അദ്ദേഹമാണ് അന്ന് കരാറിൽ ഒപ്പിട്ടത്. അന്നത്തെ പ്രിൻസിപ്പൽ നഈമുള്ള ഖാനും മൈമനിയുടെ മകനും അതിനു സാക്ഷികളായിരുന്നു. അന്നു എംബസി സ്‌കൂൾ എന്നായിരുന്നു പേര്. കരാർ ഒപ്പിട്ട ശേഷം യഥാർഥ കോപ്പി അന്ന് മേലധികാരികൾക്ക് കൈമാറിയെന്നാണ് സ്‌കൂളിന് നൽകിയ കരാർ കോപ്പിയിൽ അസർഖാൻ കൈപ്പടയിൽ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. പിന്നീട് മൈമനി, അൽകറാമിന് കെട്ടിടം വിൽപന നടത്തുകയും അൽകറാം കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു. തുടർന്നാണ് ഏതാനും മാസം മുൻപ് 32 ദശലക്ഷം റിയാൽ അൽകറാമിന് നൽകാൻ കോടതി ഉത്തരവിട്ടതും അതു നൽകിയതും. കേസ് തുടർന്നും നടത്തി സ്‌കൂൾ ഒഴിപ്പിക്കുന്നതിനുള്ള അനുമതിയും അൽകറാം സമ്പാദിച്ചു. മൈമനിയുമായുണ്ടാക്കിയ കരാറിന്റെ ആ കോപ്പി സ്‌കൂളിലുണ്ടെങ്കിലും കോടതിക്ക് അതു സ്വീകാര്യമായില്ല. യഥാർഥ കോപ്പി ഹാജരാക്കാൻ കഴിയാതെ വന്നതിനെത്തുടർന്നായിരുന്നു കേസിലെ പരാജയം.
കേസിന്റെ നാൾവഴിക്കിടെ നാലോ അഞ്ചോ പ്രിൻസിപ്പൽമാർ മാറിമാറി വന്നിട്ടുണ്ട്.
പല ഘട്ടങ്ങളിലായി ലക്ഷക്കണക്കിനു റിയാൽ ചെലവഴിച്ചുവെങ്കിലും കെട്ടിടത്തിനുമേൽ സ്‌കൂളിന് ഒരു അധികാരവുമില്ലാത്ത സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്. ഇതു മനസ്സിലാക്കി കുട്ടികളുടെ പഠനത്തെ ഒരു നിലക്കും ബാധിക്കാത്ത വിധം സ്‌കൂൾ സംരക്ഷിക്കാൻ രക്ഷിതാക്കൾ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ഇവിടെയാണ് ചെലവഴിച്ചത്. അതുകൊണ്ടു തന്നെ ഇതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ലോകത്തിന്റെ എല്ലാ കോണുകളിലും ഇവിടെനിന്നു പഠിച്ചിറങ്ങിയ കുട്ടികളുണ്ട്. ഇത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. തുടർന്നും നാട്ടിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സെയ്ദ് മസൂദ് അഹമ്മദ് പറഞ്ഞു.
സെയ്ദ് മസൂദ് അഹമ്മദിന് ജിദ്ദ ഇന്ത്യൻ കമ്യൂണിറ്റി ഇന്ന് രത്രി 8.30ന് ട്രൈഡന്റ് ഹോട്ടലിൽ യാത്രയയപ്പ് നൽകും.