ദുബായ്- വന്‍ കെട്ടിടങ്ങളില്‍ തീപ്പിടിത്ത ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍. പാം ജുമൈറയിലെ 15 നിലയുള്ള അഡ്രിയാട്ടിക് കെട്ടിടത്തില്‍ 50 ദശലക്ഷം ദിര്‍ഹം ചെലവില്‍ ഈയിടെ നടത്തിയ അഗ്നിരക്ഷാ സജ്ജീകരണങ്ങള്‍ ദുബായിലെ എല്ലാ വന്‍ കെട്ടിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്.
2016 വന്‍ തീപ്പിടിത്തമുണ്ടായ ഓഷ്യാന സമുച്ചയത്തിന്റെ ഭാഗമാണ് ഈ കെട്ടിടം. കെട്ടിടത്തിന്റെ പുറം ഭാഗത്ത് ഒട്ടിച്ചിരുന്ന ക്ലാഡിംഗ് ആണ് അന്ന് വില്ലനായത്. തീ പിടിക്കാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ക്ലാഡിംഗുകള്‍ മാത്രം കെട്ടിടങ്ങളില്‍ പതിക്കാനാണ് ആലോചിക്കുന്നത്.
തീപിടിക്കുന്ന തരത്തിലുള്ള ക്ലാഡിംഗുകള്‍ എമിറേറ്റിലെ പല കെട്ടിടങ്ങളിലും അഗ്നിബാധക്ക് കാരണമായിട്ടുണ്ട്. ചെറിയ തോതിലുള്ള തീപ്പിടിത്തം പോലും ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ ദുരന്തമായി മാറാന്‍ ഇത്തരം ക്ലാഡിംഗുകള്‍ ഇടയാക്കുന്നു. ഇതിനാലാണ് ഇത്തരം ക്ലാഡിംഗുകള്‍ ഒഴിവാക്കുന്നത്.