ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ പ്രളയം കേരളം അനുഭവിച്ച ഏറ്റവും തീവ്രമായ ദുരന്തമായിരുന്നു. അണക്കെട്ടുകൾ തുറക്കുന്നത് സംബന്ധിച്ച് മാധ്യമ പ്രവർത്തകരെ പരിഹസിക്കുന്ന മന്ത്രിയെ നമ്മൾ കണ്ടു. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരാമർശിക്കുന്ന ട്രോളുകളും പ്രളയ നാളുകളിൽ പിറന്നു.
കേരളത്തെ വെള്ളത്തിൽ മുക്കിത്താഴ്ത്തിയ പ്രളയത്തിൽ നല്ലൊരു ഭാഗം സംഭാവന ചെയ്തത് മനുഷ്യൻ തന്നെയാണെന്നതിൽ സംശയമില്ല. പ്രധാനമായും നമ്മുടെ ജലസംഭരണികളുടെ മാനേജ്‌മെന്റിലുണ്ടായ പാളിച്ച. ഇതു തിരിച്ചറിയാൻ അധികം ഗവേഷണം നടത്തേണ്ടതില്ല. പത്തനംതിട്ടയെ ശ്വാസംമുട്ടിച്ച വെള്ളം വന്നതെവിടെ നിന്ന്? ആലുവയെയും എറണാകുളത്തെയും മുക്കിത്താഴ്ത്തിയ വെള്ളം വന്നതെങ്ങനെ? ചാലക്കുടിയിൽ ചെളി നിറച്ച വെള്ളം വന്നതെവിടെ നിന്ന്? ഇങ്ങനെ പരിശോധിച്ചാൽ പ്രളയത്തിന്റെ കാരണം കണ്ടെത്താനാകും. വയനാട്ടിലെ ബാണാസുര സാഗർ തുറന്നുവിട്ടത് കലക്ടറെ പോലും അറിയിക്കാതെയാണെന്ന വിവാദവും മറക്കാറായിട്ടില്ല.
നഷ്ടപ്പെട്ട മനുഷ്യ ജീവനുകൾക്കു മേൽനിന്ന് ഉത്തരവാദിത്ത രഹിതമായി സംസാരിച്ച അധികൃതരുണ്ടായിരുന്നു. ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ മുതൽ വൈദ്യുതി മന്ത്രി വരെ അക്കൂട്ടത്തിലുണ്ട്. വീഴ്ചയെ അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ തലയിൽ വെച്ചുകെട്ടി രക്ഷപ്പെടാനുള്ള ഒരു ശ്രമമെന്ന ന്യായം പറയാം. എന്നാൽ ആദ്യത്തെ അനുഭവത്തിനു ശേഷവും അതിൽനിന്നു പാഠങ്ങളൊന്നുമുൾക്കൊണ്ടിട്ടില്ലെന്നു കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ കാണിച്ചു തരുന്നു. ജലസംഭരണികൾ പരിപാലിക്കുന്നതിലും നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ഒരു സംവിധാനം ആവശ്യമാണ്. സംവിധാനങ്ങൾ കാര്യക്ഷമമാണെന്നു പറയുമ്പോഴും നിറയുന്നത് കെടുകാര്യസ്ഥതയുടെ അടയാളങ്ങളാണ്. ദുരന്ത നിവാരണ അതോറിറ്റി മഴ മുന്നറിയിപ്പു നൽകിയതിനെത്തുടർന്നു നടന്ന സംഭവങ്ങൾ വീഴ്ചകൾ വ്യക്തമാക്കുന്നതാണ്. ഡാമുകളിലെ വെള്ളമെത്ര? തുറക്കുമ്പോൾ ഒഴുകുന്ന വെള്ളമെത്ര? ഷട്ടർ തുറക്കത്തക്ക വെള്ളം ഡാമിലുണ്ടോ? ഇക്കാര്യങ്ങളിലൊന്നും ആർക്കും ഒരു നിശ്ചയവുമില്ല. വീഴ്ചയുടെ ഉത്തരവാദിത്തം തങ്ങളുടെ തലയിൽ വരരുതെന്നു കരുതി വെള്ളമില്ലാത്ത ഡാമുകൾ തുറക്കുന്നതിനു കേരളം സാക്ഷിയായി.
483 പേരുടെ ജീവഹാനിയും 25,000 കോടി രൂപയുടെ നഷ്ടവും വരുത്തി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം കടന്നുപോയി. ഈ മഹാപ്രളയത്തിന്റെ കാരണമെന്തെന്നു വിദഗ്ധർക്കിടയിലും രാഷ്ട്രീയക്കാർക്കിടയിലും വിവിധ അഭിപ്രായങ്ങളുണ്ട്. ഈ വെള്ളപ്പൊക്കം തടയാമായിരുന്നോ എന്നതിനെ സംബന്ധിച്ചും ഭിന്നാഭിപ്രായങ്ങളുണ്ട്. 1924 ലെ മഹാ പ്രളയത്തിനു ശേഷം 94 വർഷം കഴിഞ്ഞാണ് അതേ തോതിലുള്ള ഒരു വെള്ളപ്പൊക്കം ഉണ്ടായത് എന്നതു ശരിയാണ്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ഇനിയുള്ള വർഷങ്ങളിൽ അതിതീവ്ര മഴ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. 1924 ലെയും 2018 ലെയും ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം 1924 ൽ കേരളത്തിലാകെ ഒരു അണക്കെട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. എന്നാൽ 2018 ൽ, കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ 82 അണക്കെട്ടുകൾ ഉണ്ട്. അവയെല്ലാം കൂടി കോടിക്കണക്കിനു ക്യൂബിക് മീറ്റർ ജലമാണ് ശേഖരിച്ചു വെച്ചിരിക്കുന്നത്. സാധാരണ നിലയിൽ മഴ പെയ്യുന്ന വർഷങ്ങളിൽ, ഈ അണക്കെട്ടുകൾ വെള്ളപ്പൊക്കത്തെ തടയുന്നു. മഴ പരിധി വിട്ടാൽ ഈ അണക്കെട്ടുകൾ ഒന്നിച്ചു തുറന്നുവിടേണ്ട സ്ഥിതി ഉണ്ടാകും, വെള്ളപ്പൊക്കം അതീവ ഗുരുതരമായി മാറുകയും ചെയ്യും. ഓഗസ്റ്റ് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിൽ കേരളത്തിൽ സംഭവിച്ചത് ഇതാണ്. ദൃശ്യമാധ്യമങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇടുക്കി റിസർവോയറും മലമ്പുഴ അണക്കെട്ടും ഒഴിച്ച് മറ്റൊരു സ്ഥലത്തും ശാസ്ത്രീയമായ രീതിയിലല്ല അണക്കെട്ടുകൾ തുറന്നുവിട്ടത്. കേരളത്തിൽ 44 പ്രധാന നദികൾ ഉണ്ടെങ്കിലും അഞ്ചു മേഖലകളിൽ മാത്രമാണ് കടുത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ടത്. ഒന്നിനു താഴെ മറ്റൊന്നായി അണക്കെട്ടുകളുടെ ശൃംഖലകളുള്ള വലിയ നദീ തടങ്ങളിലാണ് മഹാ പ്രളയമുണ്ടായത്. വയനാട്, കോഴിക്കോട്, പാലക്കാട്, ചാലക്കുടി, ആലുവ, പറവൂർ റാന്നി, ചെങ്ങന്നൂർ എന്നിവയാണ് ഈ മേഖലകൾ. വയനാട്ടിലുള്ള ബാണാസുര സാഗറിൽ നിന്നാണ് കുറ്റിയാടി വൈദ്യുതി നിലയത്തിലേക്കു വെള്ളമെത്തുന്നത്. ആ വെള്ളം ഒഴുകിയെത്തുന്ന കക്കയം ഡാമും പെരുവണ്ണാമൂഴി അണക്കെട്ടും തുറന്നു വിട്ടപ്പോഴാണ് കോഴിക്കോട് ജില്ലയിൽ പ്രളയം രൂക്ഷമായത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയിലുള്ള മലമ്പുഴ അണക്കെട്ട് തുറന്നപ്പോൾ പാലക്കാട്ടും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. ഷോളയാർ അണക്കെട്ടും പെരിങ്ങൽകുത്ത് അണക്കെട്ടും കവിഞ്ഞൊഴുകിയപ്പോൾ ചാലക്കുടി മുങ്ങിപ്പോയി. ആലുവയെയും പറവൂരിനെയും ബാധിച്ചത് മാട്ടുപ്പെട്ടി, കല്ലാർകുട്ടി, മുല്ലപ്പെരിയാർ, ചെറുതോണി, ഇടമലയാർ എന്നീ അണക്കെട്ടുകൾ ഒറ്റയടിക്കു തുറന്നതാണ്. റാന്നിയെയും ചെങ്ങന്നൂരിനെയും നശിപ്പിച്ചത് പമ്പയും ആനത്തോടും ചുറ്റുമുള്ള മറ്റു അണക്കെട്ടുകളും അനിയന്ത്രിതമായി തുറന്നുവിട്ടതാണ്. ഇത്തരമൊരു സാഹചര്യത്തിൽ അണക്കെട്ടുകളുടെ സമഗ്രമായ നിയന്ത്രണത്തിലൂടെ വെള്ളപ്പൊക്ക നിയന്ത്രണം സാധ്യമാവും. ഇതിനാവശ്യമായ ഡിസ്ട്രിബ്യൂട്ടേഡ് കൺട്രോൾ സിസ്റ്റം (ഡി.സി.എസ്.) നമുക്കു വികസിപ്പിച്ച് എടുക്കാവുന്നതേയുള്ളൂ. ഇത്തരം നിയന്ത്രണ സംവിധാനം, ചാലക്കുടി പുഴയും പെരിയാറും കടലിൽ ചേരുന്നത് അടുത്തടുത്ത പ്രദേശങ്ങളിലായതുകൊണ്ട്, അതിനു പ്രത്യേക പരിഗണന കൊടുക്കണം. അണക്കെട്ടുകളുടെ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുമ്പോൾ പത്തു ഘടകങ്ങൾ സമഗ്രമായി ഉൾപ്പെടുത്തേതുണ്ട്. (1) കാലാവസ്ഥാ പ്രവചനം (2) പ്രതിദിന മഴയുടെ അളവ് (3) ഓരോ ഡാമിന്റെയും സംഭരണ ശേഷി (4) ഓരോ അണക്കെട്ടിലെയും ഷട്ടർ തുറക്കുമ്പോഴുള്ള വിടവിലൂടെ ഒഴുക്കാവുന്ന ജലത്തിന്റെ അളവ് (5) വൃഷ്ടി പ്രദേശത്തെ മഴയുടെ അളവ് ഓരോ അണക്കെട്ടിലും ഉയർത്തുന്ന ജലനിരപ്പിന്റെ തോത് (6) വൈദ്യുതി നിലയത്തിലെ ഉപയോഗത്തിലൂടെ നീക്കാവുന്ന ജലത്തിന്റെ അളവ് (7) അണക്കെട്ടിൽനിന്ന് തുറന്നു വിടുന്ന വെള്ളം പ്രധാന കേന്ദ്രങ്ങളിൽ ഒഴുകിയെത്താനുള്ള സമയം (8) പ്രതിദിന വേലിയേറ്റ, വേലിയിറക്ക ചക്രം സമയവും ഉയരവും സഹിതം (9) പ്രധാന കേന്ദ്രങ്ങളിലെ ജലനിരപ്പ് (10) വിവിധ കേന്ദ്രങ്ങളിലെ പ്രളയ ജലനിരപ്പിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതം.
അഞ്ചു പ്രളയ സാധ്യതാ മേഖലകൾ വിവിധ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ മേഖലകളുടെ ചുമതല അഞ്ചു കാബിനറ്റ് മന്ത്രിമാരെ ഏൽപിച്ചാൽ മാത്രമേ ഫലപ്രദമായ ഏകോപനം സാധ്യമാകൂ. പ്രളയ കാലത്ത് എല്ലാ ജലവൈദ്യുത നിലയങ്ങളിലും പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുക എന്നതാണ് ഉടനെ ചെയ്യാവുന്ന ഒരു കാര്യം. ഇതു പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്തുകയും കെ.എസ്.ഇ.ബിയുടെ വരുമാനം ഉയർത്തുകയും ചെയ്യും. ഇക്കഴിഞ്ഞ ആഴ്ചകളിൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ ശരാശരി പ്രതിദിന ഉൽപാദനം 15 ദശലക്ഷം യൂനിറ്റായിരുന്നു. എന്നാൽ ആറു ജനറേറ്ററുകളും പൂർണ തോതിൽ പ്രവർത്തിപ്പിച്ചിരുന്നെങ്കിൽ 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാമായിരുന്നു.മണലും ചെളിയും നിറഞ്ഞ് കേരളത്തിലെ പ്രധാന അണക്കെട്ടുകളുടെ സംഭരണ ശേഷി കുറഞ്ഞു. ജല സംഭരണികളിൽനിന്നു ചെളിയും മണലും നീക്കം ചെയ്യണം എന്ന ആശയം മുമ്പോട്ടുവെച്ചത് ഇപ്പോഴത്തെ ധനമന്ത്രി തന്നെയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നൂറുകണക്കിനു കോടി രൂപ വിലമതിക്കുന്ന ലക്ഷക്കണക്കിനു ക്യൂബിക് മീറ്റർ മണൽ നമുക്ക് ഇത്തരത്തിൽ വീണ്ടെടുക്കാം. ഇത്തരം നടപടികളെല്ലാം ഭാവിയിലുണ്ടായേക്കാവുന്ന പ്രളയങ്ങളുടെ പ്രഹര ശേഷി കുറയ്ക്കാൻ ഉപകരിക്കും.
കേരളത്തിൽ കഴിഞ്ഞ ദിവസത്തെ റെഡ് അലർട്ടിനെത്തുടർന്നുണ്ടായ സംഭവങ്ങളും ഉത്തരവാദിത്ത ബോധമുള്ളവരെ ലജ്ജിപ്പിക്കുന്നതാണ്. കാലാവസ്ഥാ മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും ജനദ്രോഹമാകുന്ന അവസ്ഥയാണ്. മുന്നറിയിപ്പിനും മുന്നൊരുക്കങ്ങൾക്കുമപ്പുറം ഉത്തരവാദിത്തമൊഴിവാക്കൽ എന്ന അവസ്ഥയിലേക്കു മാറിയിരിക്കുന്നു ഈ അറിയിപ്പുകൾ. സംസ്ഥാനത്തിന്റെ പുനർനിർമാണത്തിലും തുല്യ നീതി ഉറപ്പ് വരുത്തേണ്ടതുണ്ട്.