മനാമ- ശ്രുതിമധുരമായ ഈണങ്ങളുമായി ഹിന്ദി ഗായകരായ ഉദിത്ത് നാരയനും സാധന സര്‍ഗവും ബഹ്‌റൈനില്‍ എത്തുന്നു. ഒക്‌ടോബര്‍ 26ന് വൈകിട്ട് ആറരക്ക് ഇന്ത്യന്‍ സ്കൂള്‍ ഇസാ ടൗണ്‍ കാമ്പസില്‍ ഇരുവരും ലൈവ് സംഗീത സന്ധ്യയൊരുക്കും. റാമി പ്രൊഡക്ഷന്‍ മിഡില്‍ ഈസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം ഡയരക്ടര്‍ റഹീം ആതവനാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബോളിവുഡ് സംഗീത ലോകത്തെ അതികായകരായ ഇരുവരുടെയും ബഹ്‌റൈനിലെ ആദ്യ സ്‌റ്റേജ്‌ഷോയാണിത്. 1980 ല്‍ ഇതിഹാസ ഗായകനും ഗുരുവുമായ മുഹമ്മദ് റഫിയോടൊപ്പം "ഉനീസ് ബീസ്' എന്ന സിനിമയില്‍ പാടി അരങ്ങത്തേക്കു കടന്നുവന്ന ഉദിത്ത് നാരായന്‍ 38 വര്‍ഷക്കാലമായി ഇന്ത്യന്‍ സിനിമ ഗാന രംഗത്തെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നു. മലയാളമടക്കം 31 ഭാഷകളിലായി 25,000 ലേറെ പാട്ടുകള്‍ ആലപിച്ച ഉദിത്ത് നാരായനെ 2016 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
സിനിമാ പിന്നണി ഗാനത്തിനൊപ്പം മൂന്നു പതിറ്റാണ്ടു പിന്നിട്ട ഗാനാര്‍ച്ചനയാണ് സാധന സര്‍ഗത്തിന്റേത്. മലയാളമടക്കം 34 ഭാഷകളിലായി 15,000 ഗാനങ്ങള്‍ ആലപിച്ച അവര്‍ ശാസ്ത്രീയ സംഗീതം, ഗസല്‍ എന്നീ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായ അവര്‍ മലയാളത്തില്‍ നാലു സിനിമകളില്‍ പാടിയിട്ടുണ്ട്
ഹിന്ദി മെലഡി ഗാനങ്ങളുടെ ഉത്സവമായിരിക്കും ഇരുവരുടെയും ലൈവ് ഇന്‍ സംഗീത മേളയെന്ന് റഹീം ആതവനാട് പറഞ്ഞു.