കൊച്ചി - ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് എതിരെ വിവിധ ഹൈന്ദവ സംഘടനകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ബ്രഹ്മാണ്ഡ നാമജപ യാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. മൂന്ന് മണിക്കൂറോളം നഗരത്തെ ഭക്തിസാന്ദ്രമാക്കിയ നാമജപ യാത്ര എറണാകുളം ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്നാരംഭിച്ച് നഗരം ചുറ്റി കിഴക്കേ നടയിൽ സമാപിച്ചു. ശരണമന്ത്രങ്ങൾ ഉരുവിട്ട് ആയിരക്കണക്കിന് സ്ത്രീകളാണ് നാമജപ യാത്രയിൽ പങ്കെടുത്തത്. എറണാകുളം കരയോഗത്തിന്റെയും എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപ യാത്രയിൽ 27 സമുദായ സംഘടനകളും മുപ്പതോളം ഹൈന്ദവ സംഘടനകളും പങ്കെടുത്തു.
കോൺഗ്രസ്, ബി.ജെ.പി നേതാക്കളും യാത്രയിൽ അണിചേർന്നു. പ്രായഭേദമെന്യേ ആയിരക്കണക്കിന് സ്ത്രീകളാണ് യാത്രയുടെ മുൻനിരയിൽ അണിനിരന്നത്. ആലങ്ങാട് സംഘത്തിന്റെ പ്രതിഷേധ പേട്ട തുള്ളലും ഭജനയും ശരണമന്ത്ര ധ്വനികളും അയ്യപ്പഭക്തരുടെ ശക്തമായ മുന്നറിയിപ്പായി മാറി. രാവിലെ പതിനൊന്ന് മണിക്ക് ഗുരുവായൂർ തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരി തിരിതെളിയിച്ചതോടെയാണ് നാമജപ യാത്രയ്ക്ക് തുടക്കമായത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എസ്.ജെ.ആർ. കുമാർ അയ്യപ്പ ചിത്രത്തിൽ മാല ചാർത്തി. തന്ത്രി പ്രമുഖരായ പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്, പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്, ചേന്നാസ് ചെറിയ നാരായണൻ നമ്പൂതിരിപ്പാട്, ഏഴിക്കോട് ശശി നമ്പൂതിരിപ്പാട്, എടമന ദാമോദരൻ നമ്പൂതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാർ വർമ്മ, സുരേഷ് ഗോപി എം.പി, പ്രൊഫ. കെ.വി. തോമസ് എം.പി, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എം.എൽ.എ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ഗായകൻ ബിജു നാരായണൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ക്ഷേത്ര കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് തന്ത്രി ആണെന്നും തന്ത്രി കുടുംബങ്ങളുമായി ആലോചിച്ചു മാത്രമേ ഇത്തരം കാര്യങ്ങളിൽ നിലപാടെടുക്കാൻ പാടുള്ളൂ എന്നും ചേന്നാസ് ദിനേശൻ നമ്പൂതിരി പറഞ്ഞു. തുടർന്ന് മേനക, ഹൈക്കോടതി ജംഗ്ഷൻ ചുറ്റി ടി.ഡി റോഡ് വഴി ശിവക്ഷേത്രത്തിന് കിഴക്കേ നടയിൽ യാത്ര സമാപിച്ചു. ദർബാർ ഹാൾ ഗ്രൗണ്ടിൽ ഒത്തുചേർന്ന ഭക്തർ ശരണമന്ത്രങ്ങൾ മുഴക്കിയും ശബരിമല സംരക്ഷണ പ്രതിജ്ഞ ചൊല്ലിയുമാണ് പിരിഞ്ഞത്. അൻപതിനായിരത്തിലേറെ അയ്യപ്പഭക്തർ നാമജപ യാത്രയിൽ പങ്കെടുത്തുവെന്ന് എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, ശിവക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് പി. രാജേന്ദ്രപ്രസാദ്, സി.ജി. രാജഗോപാൽ എന്നിവർ പറഞ്ഞു.
കൊച്ചിയിൽ നടന്ന നാമജപ യാത്രയ്ക്ക് ഡോ. കെ.എസ്. രാധാകൃഷ്ണൻ, അഡ്വ. ഗോവിന്ദ് കെ. ഭരതൻ, എൻ.എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് എം.എൻ. ഗോവിന്ദൻകുട്ടി മാസ്റ്റർ, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എൻ.കെ. മോഹൻദാസ്, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ, ടി.ആർ. ദേവൻ, ബി. ഗോപകുമാർ (ബി.ഡി.ജെ. എസ്), പി.എസ്. രാമൻ (ബ്രാഹ്മണ സഭ), പി. രംഗദാസ പ്രഭു (ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ വൈസ് പ്രസിഡണ്ട്), കൃഷ്ണബാലൻ പാലിയത്ത് (പാലിയത്ത് ട്രസ്റ്റി), എൻ. അനിൽ കുമാർ (മലയാള ബ്രാഹ്മണ സമാജം), ഹരികൃഷ്ണൻ പോറ്റി( ഉഡുപ്പി മാധ്വ ബ്രാഹ്മണ സഭ), കെ.പി. ഹരിഹര കുമാർ, കെ.പി.കെ മേനോൻ, അഡ്വ. സുബലക്ഷ്മി, ശ്രീകുമാരി രാമ
ചന്ദ്രൻ, ദീപ്തി മേരി വർഗീസ്, ടി.ജി. പത്മനാഭൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.