Sorry, you need to enable JavaScript to visit this website.

മോഹൻലാൽ മുറിവേൽപ്പിച്ചു-സിനിമയിലെ വനിത പ്രവർത്തകർ

കൊച്ചി- മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്യു.സി.സി അംഗങ്ങളുടെ വാർത്താ സമ്മേളനം തുടങ്ങി. നടിമാരായ രേവതി, പത്മപ്രിയ, പാർവതി, ജാനകി രാമൻ, അഞ്ജലി മേനോൻ, സജിത മഠത്തിൽ, ബീന പോൾ ദീദി ദാമോദരൻ, രമ്യാ നമ്പീശൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നത്. മലയാള സിനിമയിലും മീടു പ്രഖ്യാപനമുണ്ടായേക്കുമെന്ന് സാഹിത്യകാരൻ എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തിരുന്നു. നടിക്കെതിരായ അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ സിനിമാ സംഘടനയായ എ.എം.എം.എ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്നാണ് കടുത്ത നടപടിക്ക് ഡബ്യു.സി.സി രംഗത്തെത്തിയത്.  
മലയാള സിനിമയിലെ നടി അക്രമത്തിനിരയായിട്ട് അവർക്ക് നീതി ലഭിക്കാത്തതിനെ തുടർന്നാണ് ഡബ്യു.സി.സി രൂപീകരിച്ചതെന്ന് ഓർമപ്പെടുത്തിയാണ് പത്രസമ്മേളനം തുടങ്ങിയത്. സ്ത്രീകൾ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന കാലമാണെന്നും അതിനോട് കേരളം കുറച്ചുകൂടി വികാരപരമായ സമീപനം സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കുറച്ചുദിവസം മുമ്പ് അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ നടിമാർ എന്നാണ് വിളിച്ചതെന്ന് രേവതി ആരോപിച്ചു. ഞങ്ങളുടെ പേര് പോലും പറയാൻ അയാൾക്ക് കിട്ടിയില്ല. ഞാനൊരു വാണിജ്യ ലാഭത്തിന് പറ്റിയ വ്യക്തിയായതിനാൽ അമ്മയുടെ ഒരു ചടങ്ങിനും എന്നെ വിളിച്ചിട്ടില്ല. പതിനഞ്ച് മാസമായിട്ടും അക്രമത്തിന് ഇരയായ നടിക്ക് നീതി ലഭിച്ചില്ല. പീഡനം നടത്തിയ വ്യക്തി ഇപ്പോഴും സംഘടനക്ക് അകത്താണ്. അക്രമത്തിന് ഇരയായ നടി അമ്മക്ക് നൽകിയ രാജിക്കത്തും പാർവതി പത്രസമ്മേളനത്തിൽ വായിച്ചു. കുറ്റാരോപിതനായ വ്യക്തി നേരത്തെയും തന്റെ സിനിമാഭാവി തകർത്തുവെന്നും അയാളെ ഇപ്പോഴും സംഘടന സംരക്ഷിക്കുന്നുവെന്നും കത്തിലുണ്ട്. 
കുറ്റാരോപിതനായ വ്യക്തിയുടെ അമ്മയിലെ അംഗത്വത്തെ പറ്റി ഇപ്പോഴും കൃത്യമായ വിവരമില്ലെന്ന് പാർവതി പറഞ്ഞു. കുറ്റാരോപിതനായ വ്യക്തിയെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിനെ പറ്റി സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അമ്മയുമായി ചർച്ച നടത്താനുള്ള തീരുമാനവുമുണ്ടായി. തെറ്റായ തീരുമാനമുണ്ടെങ്കിൽ അത് തിരുത്തുമെന്ന ഉറപ്പിനെ തുടർന്നാണ് യോഗത്തിൽ പോയത്. എന്നാൽ തുടക്കം മുതൽ കുറ്റപ്പെടുത്തുന്ന സമീപമാണ് സ്വീകരിച്ചത്. ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ പോലും തയ്യാറായില്ല. ഇരയെയും കുറ്റപ്പെടുത്തുന്ന സമീപനം സ്വീകരിച്ചു. തുടർന്ന് അക്രമത്തിന് ഇരയായ നടി വോയ്‌സ് നോട്ട് അയച്ചു. അത് തികഞ്ഞ നിശബ്ദതയോടെയാണ് യോഗംകേട്ടത്. അഞ്ഞൂറ് അംഗങ്ങളുണ്ടെങ്കിലും പതിനേഴ് പേരുള്ള എക്‌സിക്യൂട്ടിവ് അംഗങ്ങളാണ് അവിടെ തീരുമാനങ്ങൾ എടുക്കുന്നത്. അമ്മയിലെ മുഴുവൻ ചർച്ചകളിലും ഇരക്കെതിരെയാണ് നടന്നത്. അമ്മയിലെ ചർച്ചക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നും നിർദ്ദേശിച്ചു. അമ്മയിലെ യോഗം കൊണ്ട് ഒരു കാര്യവുമുണ്ടായിരുന്നില്ല. എത്രയോ കലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഫീൽഡാണ് സിനിമ. ഭാവി തലമുറക്കും ഇപ്പോഴുള്ളവർക്കും വേണ്ടിയുള്ള ഭദ്രമായ കേന്ദ്രമുണ്ടാക്കുകയാണ് ലക്ഷ്യം. 
ഒന്നരവർഷം മുമ്പ് പതിനേഴുകാരിയായ പെൺകുട്ടി തന്റെ മുറിയുടെ വാതിൽക്കൽ വന്ന് രക്ഷിക്കണമെന്ന് അഭ്യർഥിച്ചുവെന്ന് രേവതി വെളിപ്പെടുത്തി. ഇനിയാർക്കും ഈ ഗതി ഉണ്ടാകരുതെന്നും അവർ പറഞ്ഞു. 
പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് നീതി കൊടുക്കാതെ എന്താണ് നാം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് രേവതി ചോദിച്ചു. അവളുടെ ചിത്രമോ പേരോ നമുക്ക് പ്രസിദ്ധീകരിക്കാൻ പോലും പറ്റുന്നില്ലെന്നും ഡബ്യു.സി.സി അംഗങ്ങൾ അറിയിച്ചു. അമ്മയുടെ യോഗത്തിൽ ഇനിയും പങ്കെടുക്കുമെന്നും അതിനെ കണ്ണടച്ച് വിശ്വസിക്കില്ലെന്നും പാർവതി പറഞ്ഞു. ശാന്തരായി ഇരിക്കുമെന്ന് കരുതേണ്ടതില്ലെന്നും ഇവിടെ തന്നെയുണ്ടാകും വർഷങ്ങളായി കണ്ടുവരുന്ന അനീതിയോട് കണ്ണടച്ച് മിണ്ടാതിരിക്കില്ല. അമ്മയിലുള്ള വിശ്വാസമല്ല നഷ്ടമായത്. അതിന്റെ നേതൃത്വത്തിലുള്ള വിശ്വാസ്യതയാണ് ഇല്ലാതായത്. ഇപ്പോഴുള്ള നേതൃത്വം അതിനെ നയിക്കുന്നത് നേരായ വഴിക്കല്ല-പാർവതി വ്യക്തമാക്കി.
 

Latest News