തിരുവനന്തപുരം-ദീര്‍ഘകാല അവധിയിലുള്ള 134 ഉദ്യോഗസ്ഥരെക്കൂടി കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണു പിരിച്ചുവിട്ടത്. 773 പേരെ നേരത്തേ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്തതാണു നടപടിക്കു കാരണം. തിരികെ വിളിച്ചിട്ടും ഹാജരാകാത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചുവരുന്നത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ലീവിലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത്. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളില്‍ അനധികൃതമായി ജോലിക്കു ഹാജരാകാത്ത ജീവനക്കാരെ പിരിച്ചുവിടുമെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവര്‍മാര്‍ക്കെതിരെയും 469 കണ്ടക്ടര്‍മാര്‍ക്കെതിരെയുമാണു നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. അഞ്ച് വര്‍ഷം വരെ ജീവനക്കാര്‍ക്കു ദീര്‍ഘകാല അവധിയെടുക്കാമെങ്കിലും ആവശ്യപ്പെട്ടാല്‍ ജോലിക്കു ഹാജരാകണമെന്നാണു നിബന്ധന.