- ബ്രസീൽ 2 - സൗദി 0
റിയാദ്- പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പർ താരം നെയ്മാർ മഞ്ഞക്കുപ്പായമണിഞ്ഞ് കളത്തിലിറങ്ങിയപ്പോൾ ആരാധകർക്ക് ആവേശം. റിയാദ് അമീർ ഫൈസൽ സ്റ്റേഡിയത്തിൽ സൂപ്പർ താരത്തിന്റെ ഓരോ നീക്കത്തിനും ആർപ്പുവിളി. സ്വന്തം ടീമിനും കലവറയില്ലാത്ത പിന്തുണ നൽകി സൗദി ആരാധകർ. ചതുർരാഷ്ട്ര മത്സരത്തിൽ ബ്രസീലിന് 2-0 വിജയം. രണ്ട് ഗോളിനും വഴിയൊരുക്കിയത് നെയ്മാർ.
43-ാം മിനിറ്റിൽ നെയ്മാർ നൽകിയ പാസിൽനിന്ന് ഗബ്രിയേൽ ജീസസാണ് ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത്. ഇൻജുറി ടൈമിന്റെ ആറാം മിനിറ്റിൽ നെയ്മാറിന്റെ മനോഹരമായ ക്രോസിൽനിന്ന് അലെക്‌സ് സാൻഡ്രോ രണ്ടാം ഗോൾ നേടി. 89-ാം മിനിറ്റിൽ നെയ്മാർ മറ്റൊരു സുവർണാവസരം സൃഷ്ടിച്ചെങ്കിലും പാസ് ലഭിച്ച വാലസിന്റെ ഹെഡർ പുറത്തു പോയി. മത്സരത്തിന്റെ വാശിയേക്കാൾ പ്രിയപ്പെട്ട താരങ്ങളുടെ പ്രകടനം കാണാനായിരുന്നു മലയാളികളടക്കമുള്ള കാണികൾ സ്റ്റേഡിയത്തിലെത്തിയത്. ബ്രസീലിന് പിന്തുണയുമായി നിരവധി അറബ് വനിതകളടക്കം ഗാലറിയിലുണ്ടായിരുന്നു.
നെയ്മാർ, ഫിലിപ്പെ കുട്ടീഞ്ഞോ, ഗബ്രിയേൽ ജീസസ്, ഫ്രെഡ്, കാസിമിറോ തുടങ്ങിയവരുടെ സാന്നിധ്യം തന്നെ അവർക്ക് ആവേശമായി. മുഴുവൻ സമയവും കളിച്ച നെയ്മാർ നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്. അർജന്റീനക്കാരനായ കോച്ച് പിസ്സിയുടെ പരിശീലനത്തിൽ ഇറങ്ങിയ സൗദിയും ഏതാനും അവസരങ്ങൾ തുറന്നു.
85-ാം മിനിറ്റിൽ മുഹമ്മദ് അൽ ഉവൈസ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതോടെ സൗദി പത്തു പേരായി ചുരുങ്ങി. ബോക്‌സിനു പുറത്ത് റിച്ചാർലിസണിൽ നിന്ന് പന്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കൈകൊണ്ട് തട്ടിയതിനായിരുന്നു ചുവപ്പ് കാർഡ്. വാർ പ്രകാരം വീഡിയോ റീപ്ലേ കണ്ട ശേഷമായിരുന്നു റഫറിയുടെ തീരുമാനം.