റിയാദ് - സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് സൗദി സംഘം അങ്കാറയിലെത്തിയതായി തുർക്കി വൃത്തങ്ങൾ പറഞ്ഞു. കേസന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ച് വിശകലനം ചെയ്യുന്നതിന് സൗദി സംഘം തുർക്കി അധികൃതരുമായി കൂടിക്കാഴ്ചകൾ നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ജമാൽ ഖശോഗിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് സൗദി, തുർക്കി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത സംഘം രൂപീകരിക്കുന്നതിന് ധാരണയിലെത്തിയതായി തുർക്കി പ്രസിഡൻഷ്യൽ വക്താവ് ഇബ്രാഹിം കാലിൻ വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നു. ജമാൽ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും കണ്ടെത്തുന്നതിന് സംയുക്ത അന്വേഷണ സംഘം രൂപീകരിക്കണമെന്ന നിർദേശം സൗദി അറേബ്യയാണ് മുന്നോട്ടു വെച്ചതെന്നും പ്രസിഡൻഷ്യൽ വക്താവ് പറഞ്ഞു.
അതേസമയം, അൽജസീറ ചാനലും മുസ്‌ലിം ബ്രദർഹുഡ് മാധ്യമങ്ങളും സൗദി അറേബ്യക്കെതിരെ രൂക്ഷമായ മാധ്യമ ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തിൽ സൗദി അറേബ്യക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് യു.എ.ഇ, ബഹ്‌റൈൻ വിദേശ മന്ത്രിമാർ പറഞ്ഞു. 'യാഥാർഥ്യം കണ്ടെത്തുകയല്ല ലക്ഷ്യം, മറിച്ച് സൗദി അറേബ്യയാണ് അവരുടെ ലക്ഷ്യം. നിങ്ങൾ മുഖംമൂടികൾ വലിച്ചെറിയുക. ജീവൻ നൽകി തങ്ങൾ സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കും' -ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് അൽഖലീഫ ട്വീറ്റ് ചെയ്തു. സൗദി അറേബ്യയോടുള്ള അൽജസീറയുടെ ശത്രുതയും ചാനൽ തുടർച്ചയായി കള്ളം പ്രചരിപ്പിക്കുന്നതും ഖത്തറിന്റെ രാഷ്ട്രീയ നയമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ നയവുമായി അനുരഞ്ജനം സാധ്യമല്ലെന്നും ബഹ്‌റൈൻ വിദേശ മന്ത്രി കൂട്ടിച്ചേർത്തു. യു.എ.ഇ എക്കാലവും സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്ന് വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്‌യാൻ പറഞ്ഞു. ആദരവിനും യശസ്സിനും സ്ഥിരതക്കും പ്രത്യാശക്കുമൊപ്പമുള്ള നിലയുറപ്പിക്കലാണിതെന്നും യു.എ.ഇ വിദേശ മന്ത്രി പറഞ്ഞു.
സൗദി അറേബ്യക്കെതിരായ രൂക്ഷമായ മാധ്യമ ആക്രമണവും ഇതിന് പ്രേരിപ്പിക്കുന്ന കക്ഷികൾ തമ്മിലെ ഏകോപനവും പ്രതീക്ഷിച്ചതാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. സൗദി അറേബ്യയെ രാഷ്ട്രീയമായി ലക്ഷ്യം വെക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കും താങ്ങാൻ കഴിയില്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കണം. സൗദി അറേബ്യയുടെ വിജയമാണ് മേഖലക്കും മേഖലാ നിവാസികൾക്കും ഗുണകരമായി ഭവിക്കുകയെന്നും ഡോ. അൻവർ ഗർഗാശ് പറഞ്ഞു.
ജമാൽ ഖശോഗിക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യം അറിയുന്നതിൽ അമേരിക്കൻ അന്വേഷണോദ്യോഗസ്ഥർ ഏറെ മുന്നോട്ടുപോയതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറ്റവും മികച്ചതാണ്. ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെ ചുരുളുകൾ അഴിക്കുന്നതിന് അമേരിക്കൻ അന്വേഷണോദ്യോഗസ്ഥർ തുർക്കിയിലുണ്ട്. ഇവർ തുർക്കി, സൗദി അന്വേഷണോദ്യോഗസ്ഥരുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ജമാൽ ഖശോഗിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയൽ നിർബന്ധമാണ്. നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതലായി അമേരിക്കൻ അന്വേഷണോദ്യോഗസ്ഥർ തങ്ങളുടെ ദൗത്യത്തിൽ മുന്നോട്ടു പോയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.