റിയാദ്- സൗദി അറേബ്യയിൽനിന്ന് അവധിയിൽ പോയി നിശ്ചിത കാലാവധിക്കകം തിരിച്ചുവരാനാകാത്ത വിദേശികൾക്ക് റീ എൻട്രി വിസ ദീർഘിപ്പിച്ചു നൽകുന്നതിന് സൗദി വിദേശകാര്യ മന്ത്രാലയം ഫീസ് ഏർപ്പെടുത്തി. സൗജന്യമായിരുന്ന ഈ സേവനത്തിന് ഈ മാസം ആദ്യത്തോടെയാണ് ഒരു മാസത്തിന് 100 റിയാൽ എന്ന തോതിൽ ഫീസ് ഏർപ്പെടുത്തിയത്.
ആവശ്യമായ രേഖകൾ സഹിതം കോൺസുലേറ്റിലോ എംബസിയിലോ അപേക്ഷ സമർപ്പിച്ചാൽ ഫീസൊന്നും ഈടാക്കാതെ രണ്ടാഴ്ചത്തേക്ക് വരെ എൻട്രി കാലാവധി ദീർഘിപ്പിച്ച് നൽകിയിരുന്നു. വർഷങ്ങളായി തുടരുന്ന ഈ സംവിധാനത്തിന് ഈ മാസം മുതലാണ് മാറ്റം വന്നത്. ഒക്ടോബർ മുതൽ ഒരു മാസത്തിന് 100 റിയാൽ എന്ന തോതിൽ ഫീസ് നടപ്പാക്കുമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ നേരത്തെ അറിയിച്ചിരുന്നു.
റീ എൻട്രി അവസാനിച്ചതിന് ശേഷമേ കാലാവധി ദീർഘിപ്പിക്കാനുള്ള അപേക്ഷ നൽകാനാവൂ. ആറു മാസം കാലാവധിയുള്ള പാസ്‌പോർട്ട്, ഇഖാമ കോപ്പി, ചേംബർ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും അറ്റസ്റ്റ് ചെയ്ത സ്‌പോൺസറുടെ അപേക്ഷ, ജവാസാത്ത് പ്രിന്റ്്, രണ്ട് ഫോട്ടോ എന്നിവ സഹിതം ട്രാവൽ ഏജൻസികളെ സമീപിക്കുന്നതാണ് റീ എൻട്രി നീട്ടിനൽകുന്നതിനുള്ള നിലവിലെ രീതി. ട്രാവൽ ഏജൻസികൾ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി റീ എൻട്രി അവസാനിച്ച തീയതി, ആവശ്യമായ എൻട്രി കാലാവധി, എത്ര ദിവസം കൊണ്ട് സൗദിയിലെത്തണം തുടങ്ങിയവ തെരഞ്ഞെടുത്ത് കോൺസുലേറ്റിലേക്ക് അപേക്ഷ നൽകും. എൻട്രി കാലാവധി ഒരു മാസമാണെങ്കിൽ 100 റിയാലും രണ്ടു മാസമാണ് സെലക്ട് ചെയ്യുന്നതെങ്കിൽ 200 റിയാലും അടയ്ക്കണം. 12 മാസം വരെ സെലക്ട് ചെയ്യാമെങ്കിലും കൂടുതൽ മാസം സെലക്ട് ചെയ്താൽ അപേക്ഷ തള്ളപ്പെടാൻ സാധ്യതയേറെയാണ്. ഫീ അടയ്‌ക്കേണ്ടതും മന്ത്രാലയം വെബ്‌സൈറ്റ് വഴി തന്നെയാണ്.
ഫീസ് അടച്ച് കോൺസുലേറ്റിൽ പാസ്‌പോർട്ട് സമർപ്പിച്ചാൽ ഇഖാമയുടെ കാലാവധി പരിശോധന നടക്കും. ഒരു മാസത്തേക്ക് എൻട്രി നീട്ടി നൽകണമെങ്കിൽ മറ്റൊരു മാസം കൂടി ഇഖാമയിൽ കാലാവധി വേണം. രണ്ട് മാസത്തേക്കാണെങ്കിൽ മറ്റൊരു രണ്ട് മാസവും. എല്ലാ വ്യവസ്ഥകളും പാലിച്ചുവെന്നുറപ്പു വരുത്തിയ ശേഷം പ്രത്യേക വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യും. നിശ്ചിത കാലാവധി ഇഖാമക്കില്ലെങ്കിൽ കോൺസുലേറ്റ് അപേക്ഷ സ്വീകരിക്കില്ല. ഒരു മാസം പോലും ഇഖാമക്ക് കാലാവധിയില്ലെങ്കിൽ റീ എൻട്രി പുതുക്കി നൽകാൻ പ്രയാസമാണെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.