ലുബാൻ സൗദിയിലേക്ക്
റിയാദ്- അറബിക്കടലിൽ തീവ്ര ചുഴലിക്കാറ്റായി രൂപം കൊണ്ട ലുബാൻ സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകളിൽ വീശാൻ സാധ്യത തെളിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 95 മുതൽ 115 വരെ കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് വടക്കു പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങുകയാണ്. ഇന്നു മുതൽ തിങ്കളാഴ്ച വരെ നജ്‌റാൻ പ്രവിശ്യയിലെ ഖർഖീർ, ശറൂറ, നജ്‌റാൻ, റുബുൽ ഖാലി മരുഭൂമിയുടെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വ്യാപക പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ട്. എന്നാൽ ജിസാൻ, അസീർ പ്രവിശ്യകളിൽ തിങ്കളാഴ്ച മാത്രമേ ലുബാൻ ചുഴലി ബാധിക്കുകയുള്ളൂ.
ലുബാൻ ഈ ഭാഗങ്ങളിലെത്തുന്നതോടെ വൻതോതിൽ മഴമേഘങ്ങൾ അന്തരീക്ഷത്തിലേക്കെത്തുമെന്നും അതുവഴി നാളെ വൈകിട്ട് മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
അറബിക്കടലിൽ വീശുന്ന ലുബാൻ ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനകം യെമൻ-ഒമാൻ രാജ്യങ്ങൾക്കിടയിലെ തീരപ്രദേശങ്ങളിലേക്കെത്തുമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി കാലാവസ്ഥാ ഫാക്കൽറ്റി വിഭാഗം മേധാവി അലി അൽഹർബി അറിയിച്ചു. ഹളർമൗത്ത്, ശബ്‌വ ഭാഗങ്ങളിൽ ആഞ്ഞടിക്കുന്ന കാറ്റിനൊപ്പം കനത്ത മഴയും ഉണ്ടാകും. നജ്‌റാനിലെ ശറൂറയടക്കമുളള പ്രദേശങ്ങളെയും ഇതു ശക്തമായി ബാധിക്കും. അതേസമയം തീവ്രത കുറഞ്ഞ് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങാൻ നേരിയ സാധ്യതയുമുണ്ട്. ചുഴലി കാരണം സൗദി അറേബ്യയുടെ മധ്യ, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.