ജോഹോർ ബാറു (മലേഷ്യ)- ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യ ജോഹോർ ബാറു കപ്പ് ഹോക്കി ഫൈനലിൽ. ബ്രിട്ടനോട് 3-2നാണ് ഇന്ത്യ തോറ്റത്. ഇന്ന് നടക്കുന്ന ഫൈനലിൽ ഇന്ത്യക്ക് നേരിടേണ്ടതും ബ്രിട്ടനെ തന്നെ.
കഴിഞ്ഞ നാല് മത്സരങ്ങളിലും ജയിച്ചതോടെ 12 പോയന്റുമായി ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പാക്കിയിരുന്നു. ഇന്നലത്തേതടക്കം മൂന്ന് വിജയങ്ങൾ നേടിയ ബ്രിട്ടൻ ഒരു സമനിലയടക്കം പത്ത് പോയന്റുമായി രണ്ടാമതെത്തി.
മൻദീപ് മോറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവ ടീം ആക്രമിച്ചു കൊണ്ടാണ് തുടങ്ങിയത് ആദ്യം ഗോളടിച്ചതും ഇന്ത്യ തന്നെ. രണ്ട് തവണ ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങുന്നത്. അഞ്ചാം മിനിറ്റിൽ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് വിഷ്ണുകാന്ത് സിംഗ് ആദ്യ ഗോൾ നേടി.
എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ കാമറോൺ ഗോൾഡൻ ബ്രിട്ടനെ ഒപ്പമെത്തിച്ചു. 20-ാം മിനിറ്റിൽ മറ്റൊരു പെനാൽറ്റി കോർണറിലൂടെ ശൈലേന്ദ്ര ലാക്ര വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. മൂന്നാം ക്വാർട്ടറിൽ ബ്രിട്ടന്റെ ശക്തമായ ആക്രമണമാണ് കണ്ടത്. 39-ാം മിനിറ്റിൽ സ്റ്റുവർട്ട് റുഷ്മിയറിലൂടെ ബ്രിട്ടൻ വീണ്ടും സമനില പിടിച്ചു. തുടർന്നും ഇന്ത്യൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്ന ബ്രിട്ടൻ 51-ാം മിനിറ്റിൽ വിജയ ഗോൾ നേടി. പെനാൽറ്റി കോർണറിൽ നിന്ന് ക്യാപ്റ്റൻ എഡ്വേർഡ് വേയാണ് സ്‌കോർ ചെയ്തത്.