നജ്‌റാന്‍- മൂന്നര പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം സാമൂഹിക, സേവന പ്രവര്‍ത്തനങ്ങളിലൂടെ ധന്യമാക്കിയ അബ്ദുല്ലത്തീഫ് കാടഞ്ചേരി നജ്‌റാനോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നു. ജാതി,മത സംഘടനാ ഭേദമില്ലാതെ നജ്‌റാന്‍ പ്രവാസികളുടെ പ്രിയപ്പെട്ട സഹായിയും സേവകനുമായി മാറാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
നിയമ സഹായ മേഖലയിലെ ഇന്ത്യക്കാരുടെ ആശ്രയം എന്ന് വിശേഷിപ്പിക്കാവുന്ന മത സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനാണ് പ്രവാസി സമൂഹത്തിന് നഷ്ടമാകുന്നത്.
മലപ്പുറം ജില്ലയിലെ കാലടി പഞ്ചായത്തിലെ കാടഞ്ചേരി പരേതനായ മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുല്ലത്തീഫ് 1983-ല്‍ ഒരു സ്വദേശിയുടെ പാചകഗ്യാസ് വിതരണ സ്ഥാപനത്തിലേക്കാണ് ആദ്യമായി എത്തിയത്.
അക്കാലത്ത് തന്നെ താന്‍ ജോലിചെയ്ത സ്ഥാപനത്തിനടുത്ത പളളിയില്‍ സൗദി ഔഖാഫിന്റെ അംഗീകൃത മുഅദ്ധിനായി നിയമനം ലഭിച്ചു. അധികം താമസിയാതെ ഇമാമായി ഉയര്‍ത്തി ജംഇയ്യത്തു തഹ്ഫീളില്‍ ഖുര്‍ആനില്‍കരീം എന്ന സ്ഥാപനത്തില്‍ നിയമിതനായി.
തുടര്‍ന്ന് സൗദി മതകാര്യ മന്ത്രാലയത്തിന്റെ നജ്‌റാന്‍ ബ്രാഞ്ചില്‍ പരിഭാഷകനായി 22 വര്‍ഷം സേവനമനുഷ്ടിച്ചു. 35 വര്‍ഷത്തെ പ്രവാസത്തിനു ശേഷം നജ്‌റാനോട് വിട പറയുമ്പോള്‍ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ മുഴുവന്‍ സംഘടനകള്‍ക്കും നികത്താനാവാത്ത ഒരു വിടവാണ് സൃഷ്ടിക്കപ്പെടുന്നത്. ഇസ്ലാഹി സെന്റര്‍,കെ.എം.സി.സി,ഫോക്കസ് നജ്‌റാന്‍ എന്നീ സംഘടനകളുടെ സ്ഥാപകനും ഔദ്യോഗിക ഭാരവാഹിയുമായിരിക്കെത്തന്നെ മറ്റെല്ലാ സംഘടനകളോടും സൗഹൃദവും സന്മനസ്സും കാത്തു സൂക്ഷിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
ഫോക്കസ് നജ്‌റാന്‍ ഉപഹാരം അബൂ സാലിഹ് സമ്മാനിക്കുന്നു.
ഇസ്ലാഹി സെന്റര്‍, കെ.എം.സി.സി, ഫോക്കസ് നജ്‌റാന്‍, കൈരളി, തനിമ, പ്രതിഭ തുടങ്ങിയ എല്ലാ സംഘടനകളും പ്രിയപ്പെട്ട അബ്ദുല്ലത്തീഫ് കാടഞ്ചേരിക്ക് യാത്രയയപ്പ് നല്‍കി.
മലയാളം,തമിഴ്,ഹിന്ദി, ഉര്‍ദു എന്നീ ഭാഷകള്‍ സംസാരിക്കുന്ന മുഴുവന്‍ വിദേശികളുടേയും പരിഭാഷക്കായി ശരീഅത്ത് കോടതിയും പബ്‌ളിക് പ്രോസിക്യൂട്ടറുടെ ഓഫീസും പോലീസ് സ്‌റ്റേഷനുകളും ഒരുപോലെ ഇദ്ദേഹത്തിന്റെ സേവനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇതര മതവിഭാഗങ്ങളില്‍ പെട്ടവര്‍ ഇസ്ലാം പഠിക്കാനും ഇദ്ദേഹത്തെ ആശ്രയിച്ചിരുന്നു.
നജ്‌റാന്‍ പ്രതിഭ സാംസ്‌കാരികവേദി നല്‍കിയ യാത്രയയപ്പില്‍നിന്ന്.
ലൈല ബിന്‍ത് അബൂബക്കറാണ് ഭാര്യ. രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമുണ്ട്. മുതിര്‍ന്ന പെണ്‍കുട്ടി വിവാഹിതയായി.മറ്റുള്ളവര്‍ പഠിക്കുന്നു. ഒക്ടോബര്‍ 14നാണ് നാട്ടിലേക്ക് യാത്രയാകുന്നത്. ബന്ധപ്പെടാവുന്ന നമ്പര്‍ 0508304191. നാട്ടിലെ നമ്പര്‍ 97469211132