Sorry, you need to enable JavaScript to visit this website.

യു.എ.ഇ സ്‌പേസ് ഏജന്‍സിയും അബുദാബി പോലീസും സഹകരണ കരാര്‍ ഒപ്പിട്ടു

അബുദാബി-  യു.എ.ഇ ബഹിരാകാശ ഏജന്‍സിയും അബുദാബി പോലീസും കൈകോര്‍ക്കുന്നു. പ്രഫഷണല്‍പരിശീലന മേഖലകളില്‍ സഹകരിക്കുക, ബഹിരാകാശ ശാസ്ത്ര മേഖലയില്‍ സാങ്കേതിക സഹകരണം നല്‍കുക, ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, വിദഗ്ധരെ കൈമാറുക, നൂതന, ഭാവി കാര്യങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുക എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ. അബുദാബി പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സഹമന്ത്രിയും ക്യാബിനറ്റ് അംഗവും യുഎഇ സ്‌പെയ്‌സ് ഏജന്‍സി ചെയര്‍മാനുമായ ഡോ. അഹ്മദ് ബിന്‍ അബ്ദുള്ള ഹുമൈദ് ബെല്‍ഹൂല്‍ അല്‍ ഫലാസി, അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തിയും ധാരണാപത്രത്തില്‍ ഒപ്പിട്ടു. യുഎഇ സ്‌പെയ്‌സ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ജിനീയര്‍ മുഹമ്മദ് നാസര്‍ അല്‍ അഹ്ബാബിയും ചടങ്ങില്‍ പങ്കെടുത്തു.

അബുദാബിയിലെ സര്‍ക്കാര്‍ വകുപ്പുകളുമായി ബഹിരാകാശ ഏജന്‍സിക്കുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹകരണത്തിലൂടെ സാധിക്കുമെന്ന് ഡോ. അല്‍ഫലാസി പ്രത്യാശിച്ചു. ബഹിരാകാശ മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രകടമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യു.എ.ഇ ഭരണാധികാരികളുടെ പിന്തുണ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ സഹായകമായതായും ഡോ. അല്‍ ഫലാസി പറഞ്ഞു. ബഹിരാകാശ മേഖലയുമായുള്ള സഹകരണത്തെ മേജര്‍ ജനറല്‍ അല്‍ റുമൈത്തി പ്രശംസിച്ചു. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ സഹകരണത്തിലൂടെ സാധിക്കട്ടെയെന്നും പ്രത്യാശിച്ചു.

 

 

 

Latest News