ഒരു മഹാപ്രളയത്തിൽ നിന്ന് കരകയറ്റിയ പ്രതീതിയാണിപ്പോൾ ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന്. ഇന്ത്യയുടെ അഭിമാനമായ, പതിനായിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകിയ ഒരു സ്ഥാപനം കുത്തിയൊലിച്ചു പോകുന്നതിനെതിരെ പ്രതിരോധത്തിന്റെ സേതുബന്ധനം തീർത്ത് തിരിച്ചുപിടിച്ചതിന്റെ ആശ്വാസമാണ് ഇന്ത്യക്കാരായ ഓരോരുത്തരുടെയും മുഖത്ത്. അതിനായി 'അണ്ണാറക്കണ്ണനും തന്നാലായത്' എന്നു പറഞ്ഞതു പോലെ വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയ അതിർവരമ്പുകളില്ലാതെ, പ്രായഭേദമെന്യേ എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിച്ചതാണ് നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കാനുള്ള സാഹചര്യം ഒരുക്കിയത്. മറ്റെന്ത് പ്രശ്‌നങ്ങളിലുമെന്ന പോലെ എന്നും ജനവികാരങ്ങൾക്കൊപ്പം നിൽക്കുന്ന മലയാളി സമൂഹമായിരുന്നു ഇക്കാര്യത്തിലും മുൻപന്തിയിൽ.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് സെക്ഷൻ കെട്ടിട വാടകയുമായി ബന്ധപ്പെട്ട പ്രശ്‌നം താൽക്കാലികമായാണ് പരിഹരിക്കപ്പെട്ടിട്ടുള്ളതെങ്കിലും അത് പ്രതീക്ഷക്ക് വക നൽകുന്നതാണ്. 2019 ജൂലൈ വരേക്കുള്ള വാടക ഒത്തുതീർപ്പ് കരാറാണ് കെട്ടിട ഉടമയുമായി ഇപ്പോഴുണ്ടായിട്ടുള്ളതെങ്കിലും തുടർന്നും അവിടെ പ്രവർത്തിക്കുന്നതിന് ആവശ്യമായ കളമൊരുക്കാൻ ഈ കാലയളവ് തീർച്ചയായും സഹായിക്കും. സ്‌കൂൾ ഭരണ സമിതിയും പ്രിൻസിപ്പലുമില്ലാത്തൊരു ശൂന്യത സൃഷ്ടിക്കപ്പെട്ടതാണ് കോടതി ഉത്തരവിനെ തുടർന്ന് സ്‌കൂൾ കെട്ടിടം ഒഴിയാനുള്ള തീരുമാനം എടുക്കുന്നതിൽ കൊണ്ടെത്തിച്ചത്. താമസിയാതെ ഇതുണ്ടാകുമെന്നതും രക്ഷിതാക്കളും കുട്ടികളും ഇനി കൂടുതൽ വിജിലന്റ് ആയിരിക്കുമെന്നതും വീണ്ടുമൊരു പ്രതിസന്ധി സൃഷ്ടിക്കാത്ത വിധം കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും.
1992 ൽ സ്‌കൂൾ നിർമാണത്തിന് തുടക്കമിട്ടുകൊണ്ട് രൂപപ്പെടുത്തിയ 49 വർഷത്തെ കരാർ പ്രകാരമായിരുന്നുവെങ്കിൽ വാടക കുറഞ്ഞുവരികയും ഉടമസ്ഥാവകാശം കരാറിന്റെ കാലാവധി അവസാനിക്കുന്നതോടെ സ്‌കൂളിന് വന്നു ചേരേണ്ടതുമായിരുന്നു.
അതു പ്രകാരമാണ് സ്‌കൂളിൽ പ്രവേശനം തേടുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് കെട്ടിട നിർമാണ ഫണ്ട് എന്ന നിലയിൽ തുക ഈടാക്കിക്കൊണ്ടിരുന്നത്.
3000 റിയാലിൽ തുടങ്ങി പിന്നീടത് ഘട്ടം ഘട്ടമായി കുറച്ച് ആയിരം റിയാലിലെത്തി നിൽക്കുന്ന കെട്ടിട നിർമാണ ഫണ്ട് ശേഖരണത്തിലൂടെയായിരുന്നു 17,000 സ്‌ക്വയർ മീറ്റർ വലിപ്പത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയും ഈ കെട്ടിട സമുച്ചയം പടുത്തുയർത്തിയത്. പ്രവാസം അവസാനിപ്പിച്ചു പോയവരും അല്ലാത്തവരുമായ ആയിരക്കണക്കിനു രക്ഷിതാക്കളുടെ വിയർപ്പിന്റെ അംശമാണ് ഈ സ്‌കൂൾ. അതുകൊണ്ടു തന്നെ അതവരുടെ വികാരമാണ്. അതു കൈവിട്ടു പോകുമെന്നായപ്പോൾ എത്ര നഷ്ടങ്ങളുണ്ടായാലും അതു തിരിച്ചുപിടിക്കണമെന്ന വികാരത്തിന്റെ ബഹിർസ്ഫുരണമാണ് 'സേവ് ഇന്ത്യൻ സ്‌കൂൾ' കാമ്പയിനിൽ പ്രതിഫലിച്ചത്.
ഇന്ത്യൻ വംശജനായ സ്വദേശി പൗരനുമായി ഉണ്ടാക്കിയ ആദ്യ കരാർ നിലനിൽക്കേ കെട്ടിടം മറ്റൊരാൾക്ക് കൈമാറിയതോടെ തുടക്കമിട്ട നിയമ പോരാട്ടത്തിന് ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കേസ് നടത്തിപ്പിനു മാത്രമായി ലക്ഷങ്ങൾ സ്‌കൂളിന് ഇതിനകം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. വളരെ പ്രശസ്ത നിയമ സ്ഥാപനങ്ങളെയായിരുന്നു കേസ് നടത്തിപ്പ് ചുമതല ഏൽപിച്ചിരുന്നതെങ്കിലും ഓരോ ഘട്ടത്തിലും കേസ് പ്രതികൂലമായി മാറുകയായിരുന്നു. അതുകൊണ്ടു തന്നെ കോടതി ഉത്തരവിനെ തുടർന്ന് 32 ദശലക്ഷം റിയാൽ മുൻകാലങ്ങളിലെ വാടകയെന്ന നിലയിൽ സ്‌കൂളിന് ഏതാനും മാസം മുൻപ് നൽകേണ്ടി വന്നു. അവിടെയും പ്രശ്‌നം അവസാനിക്കാതെ ഉടമസ്ഥാവകാശവും അധിക വാടകക്കുള്ള അവകാശവും അതല്ലെങ്കിൽ കെട്ടിടം ഒഴിയണമെന്ന ഉത്തരവും കോടതി നടപടികളിലൂടെ ഉടമ സമ്പാദിച്ചെടുത്തു. കോടതികൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിക്കുന്നത്. പഴയ കരാറിന്റെ യഥാർത്ഥ കോപ്പി അടക്കമുള്ള തെളിവുകൾ ഹാജരാക്കാൻ കഴിയാതെ പോയതുകൊണ്ടാണ് വിധി പ്രതികൂലമായി മാറാൻ ഇടയാക്കിയതെന്നാണ് കേസുമായി അവസാന ഘട്ടത്തിൽ ബന്ധപ്പെട്ടിരുന്ന പിരിച്ചുവിട്ട മാനേജിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ പറഞ്ഞത്.
നിയമങ്ങൾ ഏറെ കർശനമായുള്ള സൗദി അറേബ്യയിൽ ജിദ്ദ പോലുള്ള വികസിത നഗരത്തിൽ ഒരു സ്ഥാപനം കെട്ടിപ്പടുക്കണമെങ്കിൽ അതിന് വ്യവസ്ഥാപിതമായ കരാറുകളും ചട്ടങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല, കൃത്യമായ ഓഡിറ്റിംഗും അനിവാര്യമായതിനാൽ സ്‌കൂളിനായി ചെലവഴിച്ച ഓരോ റിയാലിന്റെയും കണക്കുകളും ലഭ്യമാണെന്നിരിക്കേ എല്ലാം ശൂന്യതയിലായിപ്പോയെന്ന വാദം ഒരിക്കലും നിലനിൽക്കുന്നതല്ല. അപ്പോൾ എവിടെയോ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതിന് ഉത്തരവാദികൾ ആരെന്നതാണ് ചോദ്യം?
ഇതുവരെയുണ്ടായ കേസിന്റെ നാൾവഴികളെക്കുറിച്ചൊന്നും രക്ഷിതാക്കൾ ബോധവാൻമാരായിരുന്നില്ല. കോടതി ഉത്തരവ് വന്ന് ഒക്ടോബർ 9 ന് മുൻപ് കെട്ടിടം ഒഴിയണമെന്ന നോട്ടീസ് ഈ മാസമാദ്യം സ്‌കൂൾ മതിലിൽ പതിച്ചപ്പോഴാണ് എല്ലാരും ഞെട്ടിയുണർന്നത്. അപ്പോഴേക്കും സാധനങ്ങൾ മാറ്റി കെട്ടിടം ഒഴിഞ്ഞു കൊടുക്കാനുള്ള തീരുമാനം എടുത്തിരുന്നു. ഈ തീരുമാനത്തെയാണ് വിയർപ്പിന്റെ അംശമുള്ള സ്വന്തം സ്‌കൂൾ എന്ന വികാരം കൊണ്ട് രക്ഷിതാക്കളും കുട്ടികളും പ്രതിരോധിച്ചത്. ഇത് കൂട്ടായ്മയുടെ വിജയമാണ്. ഈ ജാഗ്രത വരും നാളുകളിലും സ്‌കൂളിന്റെ ഓരോ പ്രവർത്തനങ്ങളിലും പുലർത്തിയാൽ ഇന്ത്യയുടെ അഭിമാനമായ ഈ അക്ഷരക്കോട്ട തകരാതെ കാത്തുസൂക്ഷിക്കാം.