സിഡ്‌നി- എട്ടു ഒളിംപ്ക്‌സ് മെഡലുകള്‍ വാരിക്കൂട്ടിയ ട്രാക്കിലെ വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ട് പ്രൊഫഷണല്‍ ഫുട്‌ബോളിലും മിന്നുന്ന അരങ്ങേറ്റം കുറിച്ചു. ഓസ്‌ട്രേലിയന്‍ ക്ലബായ സെന്‍ട്രല്‍ കോസ്‌റ്റേഴ്‌സ് മറീനേഴ്‌സിനു വേണ്ടി തന്റെ അരങ്ങേറ്റമത്സരത്തിനിറങ്ങിയ ബോള്‍ട്ട് രണ്ടു ഗോളുകള്‍ നേടിയാണ് എതിരാളികളേയും തന്റെ ആരാധകരേയും ഞെട്ടിച്ചത്. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ മകാര്‍തുര്‍ സൗത്ത് വെസ്റ്റ് യുനൈറ്റഡിനെതിരായ സൗഹൃത മത്സരത്തിലാണ് ബോള്‍ട്ട് തന്റെ മറ്റൊരു വരവ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം അത്‌ലറ്റിക്‌സില്‍ നിന്നും ബോള്‍ട്ട് വിരമിച്ചിരുന്നു. ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളറാകുക എന്ന സ്വപ്‌നത്തിനു പിന്നാലെയായിരുന്നു. മത്സരത്തിന്റെ 47, 68 മിനിറ്റുകളില്‍ നേടിയ ഗോളുകള്‍ ബോള്‍ട്ട് ട്രാക്കിലെ തന്റെ സ്വതസിദ്ധമായ നൃത്തച്ചുവട് വച്ചാണ് ആഘോഷിച്ചത്. ഓസ്‌ട്രേലിയന്‍ എ ലീഗ് സീസണ്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുകയാണ്. ഇതിനു മുന്നോടിയായിരുന്നു സൗഹൃദ മത്സരം. എന്നാല്‍ പുതിയ സീസണില്‍ ബോള്‍ട്ടുമായി ക്ലബ് കരാറിലെത്തുമോ എന്നു വ്യക്തമല്ല. ഫുട്‌ബോള്‍ ടീമില്‍ കയറിപ്പറ്റാന്‍ യുറോപ്പിലടക്കം പലയിടത്തും ശ്രമം നടത്തിയിരുന്നെങ്കിലും പ്രഫഷനല്‍ മികവില്ലെന്ന കാരണത്താല്‍ തഴയപ്പെടുകയായിരുന്നു. ഓഗസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ക്ലബിനു വേണ്ടി ഒരു സൗഹൃദ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയിരുന്നെങ്കിലും പ്രകടനം മോശമായിരുന്നു. എന്നാല്‍ ഇത്തവണ കോച്ച് ബോള്‍ട്ടിന് ആദ്യ ഇലവനില്‍ തന്നെ അവസരം നല്‍കി. ആദ്യ പകുതില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച ബോള്‍ട്ട് രണ്ടാം പകുതിയിലാണ് കളി വരുതിയിലാക്കിയത്.