നിലമ്പൂർ- നിലമ്പൂരിൽ 1.34 കോടി രൂപയുടെ കുഴൽപണവുമായി രണ്ടുപേർ പിടിയിലായി. മഞ്ചേരി വള്ളുവമ്പ്രം സ്വദേശികളായ ഉള്ളാട്ട് പറമ്പിൽ റിയാസ് ബാബു (26), പാലേക്കോട് വീട്ടിൽ അൻവർ ഷഹദ് (32) എന്നിവരെയാണ് നിലമ്പൂർ സി.ഐ കെ.എം.ബിജുവും സംഘവും പിടികൂടിയത്. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന്റെ നിർദേശ പ്രകാരം നിലമ്പൂർ പോലീസ് സ്റ്റേഷനു മുൻപിൽ വെച്ചാണ് പിടികൂടിയത്. പ്രതികൾ പണവുമായി ബംഗളൂരുവിൽ നിന്ന് വള്ളുവമ്പ്രത്തേക്ക് വരികയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന റിറ്റ്‌സ് കാറിന്റെ മൂന്ന് ഡോറുകളുടെ ഉള്ളിലെ പ്രത്യേക അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. നോട്ടുകളെല്ലാം അഞ്ഞൂറിന്റേതാണ്. മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനുള്ളതാണ് പണമെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. മുൻപും ഇതേ പോലെ പണം കടത്തിയതായും മൊഴിയുണ്ട്. പ്രതികൾ പണം കൊണ്ടുവരുന്ന കരിയർ മാത്രമാണെന്നാണ് പോലീസിന്റെ നിഗമനം. കേസ് സംബന്ധിച്ചുള്ള വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും വരുമാന നികുതി വിഭാഗത്തിനും കൈമാറും. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ നിലമ്പൂരിൽ നിന്ന് ഒരു കോടിയുടെ നിരോധിത നോട്ടുകളും സെപ്റ്റംബറിൽ 110 കോടി ഇന്ത്യൻ രൂപയുടെ മൂല്യമുള്ള തുർക്കി കറൻസിയും പോലീസ് പിടികൂടിയിരുന്നു. എസ്.ഐ ജയപ്രകാശ്, വനിതാ എസ്.ഐ റസിയ ബംഗാളത്ത്, എ.എസ്.ഐ മോഹൻദാസ്, സി.പി.ഒമാരായ പ്രദീപ്, മാത്യൂസ്, സുരേഷ് ബാബു, സർജാസ്, ജയരാജ്, നൗഷാദ്, ഗിരീഷ്, റഹിയാനത്ത്, ഫിൽസർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.