Sorry, you need to enable JavaScript to visit this website.

ഉമ്മൻചാണ്ടി മത്സരിച്ചില്ലെങ്കിൽ ഇടുക്കി  സീറ്റ് ആവശ്യപ്പെടും -ജോണി നെല്ലൂർ 

തൊടുപുഴ- അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിന് അവകാശമുന്നയിക്കാൻ കേരള കോൺഗ്രസ്-ജേക്കബ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി ചെയർമാൻ ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. അതേ സമയം ഉമ്മൻചാണ്ടി മൽസര രംഗത്തു വന്നാൽ അവകാശവാദം ഉപേക്ഷിക്കും. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. പാർട്ടിക്ക് സീറ്റ് ലഭിച്ചാൽ സ്ഥാനാർഥിയാകാനും തയാറെന്ന് നെല്ലൂർ പറഞ്ഞു. 
ബ്രൂവറി-ഡിസ്റ്റിലറി അഴിമതി വിഷയത്തിൽ എക്‌സൈസ് മന്ത്രിയെ മാറ്റിനിർത്തി അന്വേഷണം നടത്തണം. അനുമതി റദ്ദാക്കിയെങ്കിലും ഇതിനു പിന്നിൽ വലിയ സാമ്പത്തിക അഴിമതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രിയെ മുന്നിൽ നിർത്തി മുഖ്യമന്ത്രിയാണ് അഴിമതിക്കു നേതൃത്വം നൽകിയതെന്നും ജോണി നെല്ലൂർ പറഞ്ഞു. 
 പ്രളയത്തിൽ എല്ലാം നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിലും അതിജീവന മാർഗങ്ങൾ ഒരുക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച 10000 രൂപയുടെ ധനസഹായം കെടുതിക്കിരയായ 40 ശതമാനം പേർക്കു പോലും ലഭിച്ചില്ല. പെട്രോളിന്റെയും പാചക വാതകത്തിന്റെയും വില വർധനവ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ധന വിൽപനയിലൂടെ സംസ്ഥാന സർക്കാരിനു ലഭിക്കുന്ന അധിക നികുതി കുറയ്ക്കാൻ  തയാറാകണം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. സുപ്രീം കോടതി വിധി തിടുക്കത്തിൽ നടപ്പാക്കാനുള്ള തീരുമാനം ശബരിമലയെ സംഘർഷ ഭൂമിയാക്കി മാറ്റാനും കേരളത്തെ കലാപത്തിലേക്ക് നയിക്കാനും ഇടയാക്കും. സാലറി ചലഞ്ചിന്റെ പേരിൽ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതു അവസാനിപ്പിക്കണം. ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് എല്ലാ ജില്ലകളിലും സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണിയും പങ്കെടുത്തു. 

Latest News