ജിദ്ദ- വാടക തർക്കത്തെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് സെക്ഷൻ 16 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒന്നു മതുൽ അഞ്ചു വരെ ക്ലാസുകളാണ് 16ന് തുടങ്ങുക. ആൺകുട്ടികൾക്ക് രാവിലെ 9.30 മതുൽ ഉച്ചക്ക് 2.30 വരെയായിരിക്കും ക്ലാസുകൾ. ഇതേ വിഭാഗത്തിലെ പെൺകുട്ടികളുടെ ക്ലാസുകൾ പെൺകുട്ടികളുടെ സ്‌കൂളിൽ രാവിലെ 7.15 മുതൽ 12.15 വരെയായിരിക്കും. കോടതി ഉത്തരവിനെത്തുടർന്ന് സ്‌കൂൾ കെട്ടിടം ഒഴിയാൻ തീരുമാനിച്ച പാശ്ചാത്തലത്തിൽ ഈ വിഭാഗം ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. അതാണിപ്പോൾ പുനരാരംഭിക്കുന്നത്.
ആൺകുട്ടികളുടെ ക്ലാസുകൾ നേരത്തെ നടത്തിയിരുന്ന ക്ലാസുകളിൽ തന്നെയായിരിക്കും നടത്തുക. ഇതിനായി ക്ലാസ് മുറികൾ സജ്ജമാക്കുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കെട്ടിട ഉടമയുമായി കോടതിക്കു പുറത്തു നടത്തിയ ഒത്തുതീർപ്പു പ്രകാരമാണ് വീണ്ടും ഇതേ കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയത്. മറ്റു ക്ലാസുകൾ തുടങ്ങുന്നതിന് ഇനിയും കാലതാമസം ഉണ്ടാകും. ഈ ക്ലാസുകാരുടെ പരീക്ഷകൾ ഇപ്പോൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ സ്‌കൂളിൽ നടന്നു വരികയാണ്.
സ്‌കൂളിനെ പൂർവ സ്ഥിതിയിൽ കൊണ്ടുവരണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരും. ഒഴിഞ്ഞുപോക്കും മടങ്ങി വരവുമായി കനത്ത സാമ്പത്തിക നഷ്ടമാണ് സ്‌കൂളിനുണ്ടായിരിക്കുന്നത്.