കോഴിക്കോട് - വിശ്വാസാചാരങ്ങളിൽ കോടതികൾ ഇടപെടരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് ഓർഡിനൻസ് പിൻവലിക്കണമെന്നതുൾപ്പെടെ ആവശ്യം ഉന്നയിച്ച് നാളെ കോഴിക്കോട്ട് ശരീഅത്ത് സമ്മേളനം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് ശരീഅത്ത് ദിനം ആചരിക്കും. പത്ത് ലക്ഷം പേർ ഒപ്പിട്ട ഭീമ ഹരജി രാഷ്ട്രപതിക്ക് സമർപ്പിക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഭരണഘടന ഉറപ്പു തരുന്ന മത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വ്യക്തിനിയമങ്ങൾ അനുഷ്ഠിക്കാൻ ഉള്ള സ്വാതന്ത്ര്യമെന്ന് ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു. ഹിന്ദുക്കൾക്കിടയിലെ വിവിധ നിയമങ്ങളെ ഏകീകരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഏക സിവിൽ കോഡ് നിർദേശിച്ചത്. വ്യക്തിനിയമങ്ങൾ ഏകീകരിക്കുക അസാധ്യമാണ്.
ഒന്നിച്ച് മൂന്ന് തലാഖും ചൊല്ലിയാൽ അത് വിവാഹ മോചനമായെന്നാണ് ഇസ്‌ലാമിക നിയമമെന്നിരിക്കെ അതിനെ ഓർഡിനൻസിലൂടെ തകർക്കുന്നത് ശരിയല്ല. ഓർഡിനൻസ് സ്ത്രീ വിരുദ്ധമാണ്. വിവാഹ മോചിതയായ സ്ത്രീക്കുള്ള അവകാശങ്ങൾ ലഭ്യമാക്കാൻ മൂന്ന് തലാഖ് വരെ കാത്തിരിക്കണമെന്ന അവസ്ഥ വരും.
വിവാഹ പ്രായപരിധി നിയമവും ശരീഅത്തിനെതിരാണ്. അത് അത്ര പ്രയാസം സൃഷ്ടിക്കുന്നില്ലെന്നതിനാലാണ് കൂടുതൽ പ്രതിഷേധങ്ങൾക്ക് മുതിരാതിരുന്നത്. ഇസ്‌ലാം വിവാഹ മോചനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും വിവാഹ മോചനാവകാശം നൽകിയിരിക്കുന്നു.
സ്ത്രീകൾക്ക് പളളിയിൽ പോകുന്നതിന് വിലക്കില്ല. എന്നാൽ അവർ കൂട്ട നമസ്‌കാരത്തിനായി പള്ളിയിൽ പോകേണ്ടതില്ല. അവർക്ക് നമസ്‌കരിക്കാൻ വേറെ പള്ളിയാകാം. സ്ത്രീകൾ വീട്ടിൽ നിന്ന് നമസ്‌കരിക്കുന്നതാണ് ഉത്തമം.
വിശ്വാസ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ശരിയല്ല. ഇടപെട്ടാൽ അംഗീകരിക്കാനുമാവില്ല. വിധിയെ മറികടക്കാൻ നിയമ വിധേയ മാർഗത്തിൽ ആവുന്നത് ചെയ്യും -അദ്ദേഹം പറഞ്ഞു.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, കെ.മോയിൻകുട്ടി മാസ്റ്റർ സംബന്ധിച്ചു.