തിരുവനന്തപുരം- പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം മാത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് ഫീസ് രണ്ടായിരം രൂപയാക്കി ഉയർത്തിയതായി മന്ത്രി എ.കെ.ബാലൻ.
മന്ത്രിമാരടക്കമുള്ളവർ രണ്ടായിരം രൂപ മുടക്കി ഡെലിഗേറ്റ് പാസെടുത്തായിരിക്കും സിനിമ കാണുകയെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കുള്ള ഫീസ് ആയിരം രൂപയായിരിക്കും. സൗജന്യ പാസ് ഉണ്ടായിരിക്കില്ല. ഈ പശ്ചാത്തലത്തിൽ ഐഎഫ്എഫ്‌കെ ചലഞ്ച് എന്ന കാമ്പയിനായി ഇത് വിജയിപ്പിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
ചലച്ചിത്രോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ ഫെസ്റ്റിവൽ പ്രസിഡന്റുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാൻസ്, മീഡിയ, ഡെലിഗേറ്റ് സെൽ, ടെക്‌നിക്കൽ, സ്‌പോൺസർഷിപ്പ്, വളന്റിയർ, ഓഡിയൻസ് പോൾ, തിയേറ്റർ കമ്മിറ്റി തുടങ്ങി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു.
പ്രളയ ദുരന്തത്തിൽ നിന്നു കരകയറുന്നതിനും പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുമായി സംസ്ഥാനമൊട്ടാകെ ശ്രമിക്കുകയാണെങ്കിലും ഇവിടെ സാംസ്‌കാരിക മാന്ദ്യം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ചെലവുകൾ ചുരുക്കി അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ദുരന്ത ബാധിതരുടെ മനസ്സിന് ഊർജം പകരാൻ കലയും സംഗീതവും സിനിമയും പോലുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾക്കു സാധിക്കുമെന്നതും ചലച്ചിത്രമേള നടത്താതിരിക്കരുത് എന്ന തീരുമാനമെടുക്കാൻ പ്രേരകമായെന്ന് മന്ത്രി പറഞ്ഞു.
മേള നടക്കുന്ന തിയേറ്ററുകളുടെ മുന്നിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനപ്പെട്ടികൾ സ്ഥാപിച്ച് പണം സ്വരൂപിക്കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളും വ്യക്തികളും മേളയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി സാമ്പത്തികമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
തിയേറ്റർ വാടക തുടങ്ങിയ കാര്യങ്ങളിൽ ചെലവു ചുരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. സിനിമയുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാവില്ലെന്നും മന്ത്രി സൂചിപ്പിച്ചു. വിദേശത്തു നിന്നുള്ള പ്രതിനിധികൾ, ചില അവാർഡുകൾ, വിദേശ ജൂറികൾ എന്നിവ ഒഴിവാക്കുന്നതിലൂടെ ചെലവ് പരമാവധി ചുരുക്കാനാവും. സർക്കാർ സംവിധാനങ്ങൾ സൗജന്യമായി ലഭിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അതും പ്രയോജനപ്പെടുത്തും. മൂന്നരക്കോടി രൂപ ചെലവിൽ ചലച്ചിത്രമേള നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഈ വർഷം മലയാളം റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ ലെനിൻ രാജേന്ദ്രന്റെ സിനിമകൾ പ്രദർശിപ്പിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.
എല്ലാ വർഷവും എട്ടു ദിവസം നീളുന്ന മേള ഇക്കൊല്ലം ഏഴു ദിവസം മാത്രമായിരിക്കും. കെടിഡിസി ചെയർമാൻ എം. വിജയകുമാർ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീകുമാർ, ലെനിൻ രാജേന്ദ്രൻ, സിബി മലയിൽ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ, ഡോ. ബി.ഇക്ബാൽ, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ സംബന്ധിച്ചു.