Sorry, you need to enable JavaScript to visit this website.

ശബരിമല: സി.പി.എമ്മും സംഘ്പരിവാറും  വിശ്വാസികളെ വഞ്ചിക്കുന്നു -ചെന്നിത്തല

തിരുവനന്തപുരം- ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും ആർ.എസ്.എസും വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബ്രൂവറി, ഡിസ്റ്റിലറി അഴിമതി അന്വേഷിക്കുക,  പെട്രോൾ-ഡീസൽ വില വർധനവിന്റെ കാര്യത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കള്ളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ഇന്നലെ വൈകിട്ട് 140 നിയോജക മണ്ഡലങ്ങളിലും നടത്തിയ സായാഹ്ന ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേകോട്ടയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ശബരിമല കാര്യത്തിൽ കോടതി വിധി വന്നപ്പോൾ ധൃതി പിടിച്ച് നടപടികൾ സ്വീകരിക്കുന്നതിനു പകരം ബന്ധപ്പെട്ട എല്ലാ വിഭാഗക്കാരുമായും ആശയവിനിമയം നടത്തി അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം വേണമായിരുന്നു തുടർ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നത്. അതിനു പകരം അന്തരീക്ഷം കലുഷിതമാക്കാനാണ് സർക്കാർ ശ്രമിച്ചത്. ബി.ജെ.പി ലോങ് മാർച്ച് നടത്തേണ്ടത് തിരുവനന്തപുരത്തേക്കല്ല, വിധിക്കെതിരെ ഓർഡിനൻസ് കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ദൽഹി പാർലമെന്റിലേക്കാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  മന്ത്രി കെ.ടി.ജലീലും സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് വിശ്വാസികളെ പ്രകോപിതരാക്കുവാൻ വേണ്ടി മാത്രമാണ്. ഇക്കാര്യങ്ങളിൽ തീരുമാനം പറയേണ്ടത് കോടിയേരിയോ, ജലീലോ അല്ല, മറിച്ച് വിശ്വാസികളാണ്. യു.ഡി.എഫും കോൺഗ്രസും എന്നും വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസികളുടെ മനസ്സ് കണ്ടു വേണം ഇക്കാര്യങ്ങളിലെല്ലാം തീരുമാനങ്ങൾ എടുക്കേണ്ടത്. 
അഴിമതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരും, കേന്ദ്ര സർക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇവർ അഴിമതിയുടെ കാര്യത്തിൽ മത്സരിക്കുകയാണ്. ബ്രൂവറി, ഡിസ്റ്റിലറി അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് സർക്കാർ തീരുമാനം റദ്ദ് ചെയ്യാൻ നിർബന്ധിതമായത്. കട്ട മുതൽ തിരിച്ചു നൽകിയാൽ മോഷണം മോഷണമല്ലാതാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നേതാക്കൾ സംസ്ഥാനത്തെ വിവിധ സായാഹ്ന ധർണകൾ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം നിയോജക മണ്ഡല സായാഹ്ന ധർണയിലും,  കെ.എം.മാണി പാലാ മണ്ഡലത്തിലും, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം ജംഗ്ഷനിലും, ഷിബു ബേബിജോൺ ചവറ നിയോജക മണ്ഡലത്തിലും, ജോണി നെല്ലൂർ ഇടുക്കിയിലും, സി.പി.ജോൺ തിരുവല്ലയിലും, പി.ജെ.ജോസഫ് തൊടുപുഴയിലും, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ആലുവയിലും സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു.

Latest News