ജിദ്ദ- ഹറമൈൻ ഹൈസ്പീഡ് റെയിൽവേ പദ്ധതിയിൽ തുടക്കത്തിൽ ജിദ്ദയിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കും മൂന്നു വീതവും റാബിഗിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കും രണ്ടു വീതവും സർവീസുകളാണ് നടത്തുന്നത്. മക്കയിൽ നിന്ന് മദീനയിലേക്കും തിരിച്ചും നാലു വീതം സർവീസുകളുണ്ട്. മക്കയിൽ നിന്ന് രാവിലെ എട്ടിനും പത്തിനും ഉച്ചക്ക് 12.30 നും വൈകീട്ട് അഞ്ചിനുമാണ് ട്രെയിൻ സർവീസുകൾ. ഇവ മദീനയിൽ യഥാക്രമം രാവിലെ 11.05 നും ഉച്ചക്ക് 1.02 നും വൈകീട്ട് 3.25 നും രാത്രി 8.05 നും എത്തിച്ചേരും. മദീനയിൽ നിന്ന് രാവിലെ എട്ടിനും ഉച്ചക്ക് 12.03 നും 2.30 നും വൈകീട്ട് അഞ്ചു മണിക്കുമാണ് സർവീസുകൾ. ഇവ മക്കയിൽ യഥാക്രമം രാവിലെ 11.05 നും വൈകീട്ട് 3.32 നും 5.25 നും 8.05 നും എത്തിച്ചേരും. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് രാവിലെ 10.22 നും ഉച്ചക്ക് 2.49 നും വൈകീട്ട് 7.22 നും ആണ് സർവീസുകൾ. ജിദ്ദയിൽ നിന്ന് മദീനയിലേക്ക് രാവിലെ 8.46 നും 10.46 നും വൈകീട്ട് 5.46 നും സർവീസുകളുണ്ടാകും.
റാബിഗിൽ നിന്ന് മദീനയിലേക്ക് രാവിലെ 9.33 നും വൈകീട്ട് 6.33 നും മക്കയിലേക്ക് രാവിലെ 9.35 നും വൈകീട്ട് 6.35 നും സർവീസുകളുണ്ടാകും.
ജിദ്ദയിൽ നിന്ന് മക്കയിലേക്ക് ഇക്കോണമി ക്ലാസിൽ 40 റിയാലും ബിസിനസ് ക്ലാസിൽ 50 റിയാലും മക്കയിൽ നിന്ന് മദീനയിലേക്ക് ഇക്കോണമി ക്ലാസിൽ 150 റിയാലും ബിസിനസ് ക്ലാസിൽ 250 റിയാലുമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാരെ ആകർഷിക്കുന്നതിന് രണ്ടു മാസക്കാലം പ്രൊമോഷൻ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. രണ്ടു മാസക്കാലം പകുതി നിരക്കിൽ ടിക്കറ്റുകൾ നൽകും. ഇക്കോണമി ക്ലാസിൽ മക്കയിൽ നിന്ന് ജിദ്ദയിലേക്ക് 20 റിയാലും റാബിഗിലേക്ക് 40 റിയാലും മദീനയിലേക്ക് 75 റിയാലും ജിദ്ദയിൽ നിന്ന് റാബിഗിലേക്ക് 23 റിയാലും മദീനയിലേക്ക് 63 റിയാലും റാബിഗിൽ നിന്ന് മദീനയിലേക്ക് 50 റിയാലും ആണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിൽ മക്കയിൽ നിന്ന് ജിദ്ദയിലേക്ക് 25 റിയാലും റാബിഗിലേക്ക് 55 റിയാലും മദീനയിലേക്ക് 125 റിയാലും ജിദ്ദയിൽ നിന്ന് റാബിഗിലേക്ക് 33 റിയാലും മദീനയിലേക്ക് 105 റിയാലും റാബിഗിൽ നിന്ന് മദീനയിലേക്ക് 75 റിയാലും ആണ് നിരക്ക്.
ഡിസംബർ അവസാനം വരെയുള്ള കാലത്ത് വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും വൈകീട്ടുമായി ഒരു ദിശയിൽ പ്രതിദിനം നാലു വീതം ഇരു ദിശകളിലും എട്ടു സർവീസുകൾ വീതമാണുണ്ടാവുക. അടുത്ത വർഷാദ്യം മുതൽ ആഴ്ചയിൽ ഏഴു ദിവസവും സർവീസുകളുണ്ടാകും. ഇതോടൊപ്പം പ്രതിദിന സർവീസുകളുടെ എണ്ണം 12 ആയി ഉയർത്തുകയും ചെയ്യും. യാത്രക്കാരിൽ നിന്നുള്ള ആവശ്യം വർധിക്കുന്നതിന് അനുസൃതമായി പിന്നീട് സർവീസുകളുടെ എണ്ണം ഉയർത്തും. തുടക്കത്തിൽ മക്ക, ജിദ്ദ സുലൈമാനിയ, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന സ്റ്റേഷനുകൾക്കിടയിലാണ് സർവീസുകളുള്ളത്. പുതിയ ജിദ്ദ എയർപോർട്ടിലെ റെയിൽവേ സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്ന മുറക്ക് ഈ സ്റ്റേഷനിലും സർവീസുകളുണ്ടാകും.
മൂന്നു ഘട്ടങ്ങളായാണ് ബൃഹദ് പദ്ധതി യാഥാർഥ്യമാക്കിയത്. ആദ്യ ഘട്ടത്തിൽ സിവിൽ ജോലികളാണ് പൂർത്തിയാക്കിയത്. ഈ ഘട്ടത്തിൽ 138 പാലങ്ങളും 850 ഓവുപാലങ്ങളും നിർമിച്ചു. രണ്ടാം ഘട്ടത്തിൽ മക്കയിലും മദീനയിലും ജിദ്ദയിലും റാബിഗിലും നാലു റെയിൽവേ സ്റ്റേഷനുകൾ നിർമിച്ചു. മൂന്നാം ഘട്ടത്തിൽ റെയിൽപാളങ്ങൾ സ്ഥാപിക്കുന്നതിന്റെയും സിഗ്നൽ, കൺട്രോൾ സംവിധാനങ്ങൾ ഇറക്കുമതി ചെയ്ത് സ്ഥാപിക്കുന്നതിന്റെയും ട്രെയിനുകൾ നിർമിക്കുന്നതിന്റെയും അറ്റകുറ്റപ്പണികൾ നടത്തി പദ്ധതി പന്ത്രണ്ടു വർഷത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന്റെയും കരാറുകൾ ഉൾപ്പെട്ടു. പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് ആറു വൈദ്യുതി നിലയങ്ങൾ നിർമിച്ചു. പ്രതിദിനം 1,60,000 ലേറെ പേർക്ക് വീതം, പ്രതിവർഷം ആറു കോടി പേർക്ക് യാത്രാ സൗകര്യം നൽകുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുത്. മുപ്പത്തിയഞ്ച് ട്രെയിനുകൾ പദ്ധതിയിൽ സർവീസിന് ഉപയോഗിക്കും. ഓരോ ട്രെയിനിലും 417 സീറ്റുകൾ വീതമാണുള്ളത്. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ട് ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറും അടങ്ങിയതാണ് ട്രെയിനുകൾ.