Sorry, you need to enable JavaScript to visit this website.

ചാരക്കക്കഥയിലെ ചുല്യാറ്റായി പിണറായി


വീട്ടിൽ നിന്നിറങ്ങിപ്പോകുമ്പോൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ചയും നമ്പി ഇങ്ങനെ വേദനയായി പകർത്തുന്നുണ്ട്: പിന്നിൽ തളർന്ന കണ്ണുകളുമായി നിന്ന ഭാര്യ മീന ഒരു നിമിഷം നിലത്തൂർന്നു വീണു. ഞാൻ തിരിഞ്ഞു നോക്കിയില്ല. അതെ അദ്ദേഹത്തിന്റെ പ്രിയ ഭാര്യ പിന്നെയൊരിക്കലും നോർമലായിട്ടില്ല.


കുപ്രസിദ്ധമായ ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ചരിത്രത്തിലെ  സുപ്രധാനമായ ദിനമായിരുന്നു ചൊവ്വാഴ്ച. നമ്പി നാരായണൻ (77) എന്ന പീഡിതനായ ശാസ്ത്രജ്ഞന് നഷ്ടപരിഹാരം നൽകിയ ദിവസമായതുകൊണ്ടൊന്നുമല്ല ദിനം ഈ വിധം പ്രധാനമാകുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എം എന്ന പാർട്ടിയുടെ അഖിലേന്ത്യ നായകരിലൊരാളുമായ പിണറായി വിജയന്റെ തുറന്ന നിലപാടും അത് പ്രഖ്യാപിക്കാൻ കാണിച്ച ആർജവവും കൊണ്ടാണ്.  ഐ.എസ്.ആർ.ഒ കേസിനെക്കുറിച്ച ചോദ്യമുയരുമ്പോൾ  തീയില്ലാതെ പുകയുണ്ടാകുമോ എന്ന എവിടെയും തൊടാത്ത, എല്ലാവരെയും സംശയ മുനയിൽ നിർത്തുന്ന  സമീപനമായിരുന്നു തൊട്ട് മുമ്പുള്ള നിമിഷം വരെ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ ഉൾപ്പെടെ എല്ലാവർക്കും.   അക്കാര്യത്തിൽ കോൺഗ്രസെന്നോ കമ്യൂണിസ്റ്റെന്നോ വ്യത്യാസമുണ്ടായിരുന്നില്ല.  ചാരക്കേസിന്റെ പടയോട്ട കാലത്ത്  കേരളത്തിന്റെ ദേശസ്‌നേഹ മൗലികവാദത്തിന്റെയും ഭ്രാന്തോളമെത്തുന്ന മറ്റ് മലിന വികാരങ്ങളുടെയും അനന്തരഫലങ്ങൾ  അനുഭവിച്ചു തീർത്തവർ എത്രയോ ഉണ്ട്. ആ നിലപാടുകളിലെ എവിടെയൊക്കെയോ,  ഇപ്പോഴും മുളച്ചു നിൽക്കുന്ന അസത്യത്തിന്റെ കുറ്റിക്കാടുകൾക്കാണ്  പിണറായി വിജയൻ ചൊവ്വാഴ്ച വൈകുന്നേരം തന്റെ വാക്കുകൾ കൊണ്ട് തീയിട്ടു കളഞ്ഞത്. ഇപ്പറയുന്നത് അദ്ദേഹം തന്നെയോ എന്ന് ആദ്യമാദ്യം കേട്ടു നിന്നവരുടെ മുഖം ചുളിഞ്ഞിരിക്കണം. 
ഐ.എസ്.ആർ.ഒ ചാരക്കേസിൽ പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നീതി നേടിയ നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം രൂപ  കൈമാറി സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്റെ നിലപാട് പ്രഖ്യാപനം നടത്തി എല്ലാവരെയും വിസ്മയിപ്പിച്ചത്. കാൽ നൂറ്റാണ്ടിലധികമായി ഇവരിൽ നിന്നെല്ലാം കേൾക്കുന്ന തീയില്ലാതെ പുകയുണ്ടാകുമോ എന്ന മട്ടിലുള്ള വർത്തമാനം തന്നെയായിരുന്നു തീർച്ചയായും എല്ലാവരും ഇവിടെയും പ്രതീക്ഷിച്ചത്- പക്ഷേ പിണറായി തിരുത്തിയിരിക്കുന്നു.   


ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നവർക്കെല്ലാം  ഇതിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെ നിറഞ്ഞ സദസ്സിൽ മുഖ്യമന്ത്രിയുടെ അളന്നു മുറിച്ച വാക്കുകൾ.  ഇതുപോലൊരു സംഭവത്തിൽ പരസ്യ ചടങ്ങിലൂടെ നഷ്ടപരിഹാരത്തുക നൽകുന്നതാണ് നന്നാവുക എന്നാണ് സർക്കാർ കരുതുന്നത് എന്ന് പറഞ്ഞപ്പോഴെ കാര്യങ്ങളുടെ ഏകദേശ സൂചന ലഭിച്ചു. 50 ലക്ഷം അക്കൗണ്ടിലിട്ട് മിണ്ടാതിരുന്നാൽ മതിയായിരുന്നു. എന്തിനായിരുന്നു ചടങ്ങെന്ന് അത് കഴിഞ്ഞപ്പോൾ എല്ലാവർക്കും ബോധ്യമായി. നമ്പി നാരായണന്റെ പോരാട്ട മനസ്സിനെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർ കേസിൽ വഴി തെറ്റി സഞ്ചരിച്ചതിനെപ്പറ്റിയുമെല്ലാം എണ്ണിയെണ്ണി പറഞ്ഞ ശേഷം മുഖ്യമന്ത്രി നേരെ മാധ്യമങ്ങളിലേക്കെത്തി 
''  പലവിധ താൽപര്യങ്ങരളോടെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് കാര്യങ്ങൾ നീക്കാൻ ബാധ്യതപ്പെട്ടവരല്ല അന്വേഷണ ഉദ്യോഗസ്ഥർ. ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ യഥാർഥ വശം കണ്ടെത്താനുള്ള ശ്രമമായിരിക്കണം അന്വേഷണ ഉദ്യോഗസ്ഥർ നടത്തേണ്ടത്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ വഴിതിരിച്ചുവിടാൻ നടക്കുന്ന ഒട്ടേറെ കൂട്ടരുണ്ട്. അതിൽ ആദ്യത്തെ പങ്ക് മാധ്യമങ്ങൾക്ക് തന്നെയാണ്. മാധ്യമങ്ങൾ കാണിക്കേണ്ട ജാഗ്രതയും ചാരക്കേസ് നമ്മെ ഓർമിപ്പിക്കുകയാണ്. ഒരു സംഭവം അന്വേഷിക്കുന്ന സമയത്ത് ഊഹത്തിനനുസരിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നത് എത്ര കണ്ട് വഴിതെറ്റിപ്പോകും എന്നതിന്റെ ശരിയായ അനുഭവ പാഠമാണ് ഈ കേസ്. 
ഇത്തരം അന്വേഷണ ഘട്ടങ്ങളിൽ മാധ്യമങ്ങൾ വിധികർത്താക്കളാകുന്നത് നിരപരാധികളെ ചിലപ്പോൾ ക്രൂശിക്കുന്ന അവസ്ഥയിലേക്ക്  കാര്യങ്ങൾ ചെന്നെത്തിക്കും.'' വേട്ടക്കാരുടെ പക്ഷം ചേർന്ന് പൊതുബോധമുണ്ടാക്കുന്ന  വിഭാഗത്തിൽപെട്ട മാധ്യമ സമൂഹത്തിന്റെ   നെഞ്ച് നോക്കി വാക്കുകൾ പാഞ്ഞു ചെന്നു. 
എന്തെല്ലാം കോലാഹലങ്ങളുണ്ടായാലും അന്വേഷണ ഏജൻസിയും ഉദ്യോഗസ്ഥരും കൃത്യമായ നിഷ്പക്ഷതയും ജാഗ്രതയും പാലിച്ച് യഥാർത്ഥ വസ്തുത കണ്ടെത്തുകയാണ് വേണ്ടത്. ഈ കേസിൽ അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി തുറന്നു പറഞ്ഞു. സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാരത്തുക സർക്കാർ നൽകിയിരിക്കുകയാണ്. ഇത് യഥാർഥത്തിൽ നൽകേണ്ടത് ഈ പീഡനങ്ങൾ നടത്തിയ ഉദ്യോഗസ്ഥരാണെന്ന് കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.  ആ ഉദ്യോഗസ്ഥരെ ഇതിന് ബാധ്യതയുള്ളവരാക്കി മാറ്റാൻ പറ്റുമോ എന്ന കാര്യം സർക്കാർ നിയമപരമായി പരിശോധിക്കുമെന്ന പിണറായിയുടെ പ്രഖ്യാപനം അന്ന് പീഡനത്തിനിറങ്ങിയ എത്രയെത്ര ഉദ്യോഗസ്ഥരെ നെഞ്ചിടിപ്പായിരിക്കും ഇപ്പോൾ ഉയർത്തുന്നുണ്ടാവുക. തീർച്ചയായും ഇപ്പോഴത്തെ പൊതുബോധം ആ  ഉദ്യോഗസ്ഥർക്കെതിരാണ്. 
അവർ മാസാമാസം വാങ്ങിക്കൂട്ടുന്ന പെൻഷനിൽ നിന്ന് ഈ തുക പിടിച്ചെടുക്കാനാകുമോ? ഇക്കാലത്തിന്റെ പൊതുജന വികാരമുൾക്കൊള്ളുന്ന ചോദ്യം അതാണ്. അങ്ങനെയൊരു നടപടിയുണ്ടായാലെങ്കിലും ഇനി മേലിൽ ഇതുപോലെ നിരപരാധികൾ ക്രൂശിക്കപ്പെടുന്ന അവസ്ഥ കുറച്ചുകൊണ്ടു വരാനെങ്കിലുമാകും. രാജ്യത്തെങ്ങുമുള്ള , പീഡനമനുഭവിക്കുന്നവരെ പിന്തുണക്കുന്നവർ ഈ കേസിൽ സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും പങ്കുവെക്കുന്ന വികാരമതാണ്.
തന്റെ ഒപ്പം സർക്കാരുണ്ടെന്ന സന്തോഷം കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്ന നിലപാടിലൂടെ  നമ്പി നാരായണനും വേദിയിൽ  ബുദ്ധിപൂർവ്വം പക്ഷം ചേർന്നു.  ഈ സർക്കാരിനൊപ്പം എപ്പോഴുമുണ്ടാകും- എന്ന ഉറപ്പ് പോലും നമ്പി നാരായണനിൽ നിന്നുണ്ടായതിന് കാരണം മുഖ്യമന്ത്രിയിൽ നിന്നുണ്ടായ പുതിയ സമീപനം തന്നെയെന്നുറപ്പ്. 
ചാരക്കേസിന്റെ സംഭവ പരമ്പരകൾക്കിടയിൽ വന്നുപോയത് ആറ് മുഖ്യമന്ത്രിമാരാണ്. കെ. കരുണാകരൻ, എ.കെ. ആന്റണി, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി. ഇവരിൽ  നിന്നെല്ലാം  വ്യത്യസ്തനായാണ്  പിണറായിയെ നമ്പി നാരായണൻ നിരീക്ഷിക്കുന്നത്. കാരണം  ചാരക്കേസ് കള്ളക്കേസാണെന്ന പൂർണ ബോധ്യം വന്ന ഭരണാധികാരിയാണദ്ദേഹം. 
വേദിയിലുണ്ടായിരുന്ന മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയെയും നമ്പി പ്രത്യേകം പരാമർശിച്ചു. ഇപ്പോഴദ്ദേഹം മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണ്. പ്രതിയായില്ലെങ്കിലും ഒരുപാട് പീഡനം ഏറ്റുവാങ്ങിയ മനുഷ്യൻ. അദ്ദേഹത്തെ സ്വീകരിക്കുക വഴി തന്നെ മുഖ്യമന്ത്രി പൂർവ്വ നിലപാട് തിരുത്തിയിരുന്നുവെന്ന നിരീക്ഷണവും നമ്പി നാരായണൻ വേദിയിൽ പങ്കുവെച്ചു. (ഓർമ്മകളുടെ ഭ്രമണ പഥത്തിൽ ശ്രീവാസ്തവയെപ്പറ്റി പറയുന്ന കുറച്ചു വരികൾ: രമൺ ശ്രീവാസ്തവ ഉൾപ്പെടെ കുറ്റാരോപിതരായ ആറുപേർ ഒരു ഗ്രൂപ്പായി പ്രവർത്തിക്കുകയും റോക്കറ്റ് ടെക്‌നോളജി മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ മാലി വനിതകളിലൂടെ പാക്കിസ്ഥാന് വിൽക്കുകയും ചെയ്തു. രമൺ ശ്രീവാസ്തവയായിരുന്നു സംഘത്തലവൻ. അവർ 1994 ജനുവരി 4 ന് ഒത്തുചേരുകയും ശ്രീലങ്കൻ വനിതയായ സുഹൈറയുമായി ഒരു ഡീൽ ഉറപ്പിക്കുകയും ചെയ്തു.) 


''തനിക്കൊപ്പം പീഡനം അനുഭവിച്ച നിരവധി പേരുണ്ട്. നിരപരാധികളായ അവരിൽ പലരുടെയും കുടുംബം എല്ലാം തകർന്ന അവസ്ഥയിലാണ്. അവർക്ക് കൂടി സഹായം ലഭ്യമാക്കാൻ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കണം.   ചന്ദ്രശേഖർ അടുത്ത ദിവസം മരിച്ചുപോയി. മറ്റൊരാൾ  അർബുദത്തോട് മല്ലിടുന്നു. ആ മാലിദ്വീപ് സ്വദേശിനികൾ എന്ത് ചെയ്യുന്നുവെന്നറിയില്ല. എല്ലാവരുടെയും നില പരിതാപകരമാണ്. അവരെ കൂടി സഹായിച്ചെങ്കിൽ എത്രയോ ഉപകാരമായിരുന്നു.'' കേരള സമൂഹം കാൽ നൂറ്റാണ്ടായി വേട്ടയാടുന്ന മനുഷ്യരെ നമ്പി നാരായണൻ ഈ വിധം ഓർത്തപ്പോൾ പലരുടെയും കണ്ണു നിറഞ്ഞു. 
മൂന്ന് മണിക്കായിരുന്നു ചടങ്ങ്. ആ സമയം തെരഞ്ഞെടുത്തതിനും പ്രത്യേകതയുണ്ടെന്ന് നമ്പിനാരായണന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിലായി. 24 കൊല്ലം മുമ്പ് ഇതു പോലൊരു വൈകുന്നേരം മൂന്ന് മണിക്കായിരുന്നു അദ്ദേഹത്തെ ചാരക്കേസിൽ പെടുത്താനായി പോലീസ് പിടിച്ചു കൊണ്ടുപോയത്. 
നമ്പി നാരായണന്റെ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥ'ത്തിൽ  ആ അറസ്റ്റ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 1994 നവംബർ 30 ബുധൻ. ചെറിയ തണുപ്പുള്ള വെയിലായിരുന്നു അന്ന്. ഉദ്ദേശം മൂന്ന് മണിയാകും. ഉച്ചയൂണിന്റെ ആലസ്യം വിട്ടിരിക്കുമ്പോൾ ഗേറ്റിന് മുന്നിൽ ഒരു ജീപ്പ് വന്നു നിന്നു. അതിൽ നിന്ന് നാലുപേർ പുറത്തിറങ്ങി. ....ഡി.ഐ.ജിക്ക് എന്തോ സംസാരിക്കണം. കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞു. 
വീട്ടിൽ നിന്നിറങ്ങിപ്പോകുമ്പോൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ചയും നമ്പി ഇങ്ങനെ വേദനയായി പകർത്തുന്നുണ്ട്: പിന്നിൽ തളർന്ന കണ്ണുകളുമായി നിന്ന ഭാര്യ മീന ഒരു നിമിഷം നിലത്തൂർന്നു വീണു. ഞാൻ തിരിഞ്ഞു നോക്കിയില്ല. അതെ അദ്ദേഹത്തിന്റെ പ്രിയ ഭാര്യ പിന്നെയൊരിക്കലും നോർമലായിട്ടില്ല.
ആത്മകഥ തയ്യാറാക്കിയ ജി. പ്രജേഷ് സെൻ തന്റെ ഫേസ് ബുക്കിൽ ചൊവ്വാഴ്ച  ഇങ്ങനെ കുറിച്ചു:
1994 നവംബർ 30
വൈകിട്ട് മൂന്നു മണി.
പോലീസ് എന്ന ബോർഡുമായി ഒരു സർക്കാർ ജീപ്പ് വീട്ടുമുറ്റത്ത് വന്നു നിൽക്കുന്നു.
ഡി.ഐ.ജിക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുന്നു.
അവിടെ തുടങ്ങുകയാണ് നമ്പി നാരായണൻ എന്ന സയന്റിസ്റ്റിന്റെ ജീവിതവും കരിയറും ആരൊക്കെയോ ചേർന്ന് ചവച്ചു തുപ്പുന്ന നിമിഷങ്ങൾ.
24 വർഷങ്ങൾക്കിപ്പുറം
വൈകിട്ട് മൂന്നു മണിയോടടുത്ത സമയം. മറ്റൊരു സർക്കാർ വാഹനം
വീട്ടുമുറ്റത്ത് വന്നു നിൽക്കുന്നു.
അതെ ഒരു സ്‌റ്റേറ്റ് കാർ.
പക്ഷേ ഇന്നദ്ദേഹം സർക്കാരിന്റെ അതിഥിയാണ്.
ഔദ്യോഗികമായി സെക്രട്ടറിയേറ്റിലേക്ക് ക്ഷണിച്ചു കൊണ്ടു പോകാൻ എത്തിയതാണ്. സെക്രട്ടറിയേറ്റിൽ മാധ്യമങ്ങളുടെ നീണ്ട നിര അന്നത്തെ പോലെ തന്നെ.
വളഞ്ഞു നിന്ന് ചിത്രങ്ങൾ പകർത്തുന്ന മുഖമില്ലാത്ത വെളിച്ചങ്ങൾ.
അന്ന് പകർത്താൻ ആഗ്രഹിച്ചത് ഒരു ചാരന്റെ ചിത്രമെങ്കിൽ ഇന്ന് മിന്നിച്ചത് സത്യത്തിന്റെ കൂസലില്ലായ്മയിലേക്ക് എന്നു മാത്രം. ഒരു താപസന്റെ ശാന്തതയോടെ, കുനിയാത്ത ശിരസ്സോടെ എല്ലാ ഫഌഷുകളെയും അദ്ദേഹം സ്വതഃസിദ്ധമായ പുഞ്ചിരിയോടെ നേരിട്ടു.
കൃത്യമായി പറഞ്ഞാൽ കാൽ നൂറ്റാണ്ടു മുൻപ് വഞ്ചിയൂർ പോലീസ് സ്‌റ്റേഷനു മുന്നിൽ മിന്നിയ ഫഌഷുകൾ ഒരായിരം നുണകൾ ഒന്നിച്ചു തുപ്പുന്നവയായിരുന്നു. വേദനയുടെയും പോരാട്ടത്തിന്റെയും വർഷങ്ങൾക്കിപ്പുറം സത്യത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ അതേ ഫഌഷുകൾ ഏറ്റ് ആ മുഖം സായാഹ്ന സൂര്യനെ പോലെ ചുവന്നു തുടുക്കുന്നത് ഇത്തിരി മാറി നിന്ന് കണ്ണീർ മൂടിയ കണ്ണുകൾ കൊണ്ട് ഞാൻ കണ്ടു- അതെ, ഈ രംഗം കണ്ടപ്പോൾ ഇതെഴുതുന്നയാളുടെ മനസ്സിൽ പക്ഷേ വലിയ വിജയത്തിന്റെ ചിരിയായിരുന്നു. സത്യം വീണ്ടും വീണ്ടും ജയിക്കുന്നതു കണ്ടുള്ള ചിരി. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ അടുത്ത കാലത്തൊന്നും ഇതുപോലെ ജനനിബിഢമായ പരിപാടി നടന്നിട്ടില്ല. പ്രായശ്ചിത്തം ചെയ്യാനെന്ന പോലെയാണ് ആളുകൾ ഹാളിൽ തിങ്ങിവിങ്ങിയത്. അന്ന് ഇതു പോലൊരു 3 മണിക്ക് ഈ മനുഷ്യനെ പോലീസ് പിടിച്ചു കൊണ്ടുപോകുമ്പോൾ പിടിയവനെ, വിടരുതവനെ എന്നാർത്തു വിളിച്ചതും ജനങ്ങൾ തന്നെയായിരുന്നു. അങ്ങനെ ആർത്തുവിളിച്ചവരിൽ എല്ലാ പാർട്ടിക്കാരുമുണ്ടായിരുന്നു.
 ഈ കേസ് ഇങ്ങനെയൊന്നുമാകരുതേ എന്ന് മനസ്സുകൊണ്ടാഗ്രഹിക്കുന്നവരാണ്   സമൂഹത്തിലൊരു പക്ഷമെന്ന്  പിണറായിയെ പോലെ അറിയാവുന്നവർ മറ്റാരു മുണ്ടാകില്ല.  അതുകൊണ്ടാണദ്ദേഹം ഈ വിധത്തിൽ തിരുത്തിയത്. മാധ്യമങ്ങൾ ഉണ്ടാക്കിയെടുക്കുന്ന പൊതുബോധത്തിന്റെ പേരിലുള്ള വേട്ടയാടലുകൾ ഇടതടവില്ലാതെ തുടരുന്ന ഇക്കാലത്ത് ഇതുപോലുള്ള നിലപാടിന്റെ വില വളരെ വലുതാണ്. അത്തരം വേട്ടയിൽ പിണറായിയും അദ്ദേഹത്തിന്റെ പാർട്ടിയും എവിടെ നിൽക്കുന്നുവെന്ന് കാത്തിരുന്നു കാണാം എന്നേ പറയാൻ പറ്റൂ. ചാരക്കേസിന്റെ പരിണതി ഇങ്ങനെയായിരുന്നില്ലെങ്കിലുള്ള അവസ്ഥയാണ് ഈ  വരി കുറിക്കുമ്പോൾ എന്റെ മനസ്സിൽ.  കേസിന് ഇങ്ങനെ ഒരവസ്ഥ വരുത്തിയവരുടെയെല്ലാം തലയിൽ ഇടിത്തീ വീഴണേ എന്നായിരിക്കും ഇപ്പോൾ അന്നത്തെ വേട്ടക്കാരുടെയെല്ലാം മനസ്സ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരുടെ നിർഭാഗ്യം. അങ്ങനെ സംഭവിച്ചില്ല.
 അത്ര കണ്ട് ചേരുന്നില്ലെങ്കിലും എൻ.എസ്. മാധവന്റെ പ്രസിദ്ധമായ 'തിരുത്ത് 'എന്ന കഥയാണ് മുഖ്യമന്ത്രിയുടെ പുതിയ നിലപാടിന്  ചേരുക എന്ന് തോന്നുന്നു. കഥാപാത്രം ചുല്യാറ്റ്  വാശിയോടെ തലക്കെട്ട് തിരുത്തുന്നതാണ് കഥ. ഇവിടെ അതെ വാശിയോടെയാണ് പിണറായി വിജയൻ ചാരക്കഥയുടെ തലക്കെട്ട് തിരുത്തിയിരിക്കുന്നത്. ഉളി പോലെ പേന മുറുക്കിപ്പിടിച്ച് തലക്കെട്ട് തിരുത്താൻ ചുല്യാറ്റ് കാണിച്ച ആ ധീരത കണ്ട് കഥാപാത്രം സുഹറയുടെ കണ്ണിൽ നിന്ന് ചറം പോലെ കണ്ണീർ തുള്ളി തുള്ളിയായി ഒഴുകുന്നുണ്ട്. ചുല്യാറ്റിന് പേനയാണ് ഉളി. പിണറായിക്ക് വാക്കെന്ന  വ്യത്യാസം മാത്രം.

Latest News