ജിദ്ദ- എയർ ഇന്ത്യയുടെ മുംബൈ വഴി കോഴിക്കോട്ടേക്കുള്ള സർവീസ് മുടങ്ങിയതു മൂലം യാത്രക്കാർ വലഞ്ഞു. ചെവ്വാഴ്ച രാത്രി 9.15 ന് പോകേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാറു മൂലം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. ഈ സർവീസ് വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിക്ക് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ബോർഡിംഗ് പാസ് നൽകി ലോഞ്ചിൽ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചത്. പിന്നീട് ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. എന്നാൽ ഫൈനൽ എക്‌സിറ്റിൽ പോകുന്നവരുടെ എമിഗ്രേഷൻ നടപടികൾ കഴിഞ്ഞിരുന്നതിനാൽ അവർക്ക് പുറത്തിറങ്ങാനായില്ല. അമ്പതോളം പേർ വിമാനത്താവളത്തിൽ കുടുങ്ങിയതായാണ് വിവരം. അവശേഷിക്കുന്ന 150 ഓളം പേർക്ക് ഹോട്ടലിൽ താമസ സൗകര്യം നൽകി. താമസ സൗകര്യം ലഭിച്ചുവെങ്കിലും ഇന്നലെ വൈകുന്നേരം വരെ പകരം സർവീസ് എപ്പോഴുണ്ടാകുമെന്ന വിവരം തങ്ങൾക്കു ലഭിച്ചില്ലെന്ന് ഹോട്ടലിൽ കഴിയുന്ന യാത്രക്കാർ പറഞ്ഞു. കുറഞ്ഞ അവധിക്കു നാട്ടിൽ പോകുന്നവരാണ് ഏറെ പ്രയാസത്തിലായത്. മകളുടെ നിക്കാഹിനായി പത്തു ദിവസത്തെ അവധിക്കു പോകുന്ന തനിക്ക് രണ്ടു ദിവസമാണ് നഷ്ടപ്പെട്ടതെന്ന് ജിദ്ദയിൽ ജോലി ചെയ്യുന്ന മൂസ പരാതിപ്പെട്ടു.