കൽപറ്റ-ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൽ തുടരണമോ എന്നതിൽ 14 നു കോഴിക്കോട്ടു ചേരുന്ന ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.എസ്) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനമെടുക്കും. രാവിലെ 10 നു സാംബവ മഹാസഭ ഹാളിലാണ് യോഗം. നേതൃത്വം മര്യാദ കാട്ടാത്ത സാഹചര്യത്തിൽ മുന്നണി വിടണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായിരിക്കേയാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. വയനാട്ടിലെ തൃശ്ശിലേരിയിൽനിന്നുള്ള ആദിവാസി നേതാവും മുത്തങ്ങ സമരനായികയുമായ സി.കെ. ജാനുവാണ് ജെ.ആർ.എസ് അധ്യക്ഷ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു ജാനു. മുത്തങ്ങ സമരത്തിൽ ജാനുവിന്റെ മുഖ്യ സഹായിയായിരുന്ന ഗോത്രമഹാസഭ കോ ഓർഡിനേറ്റർ എം. ഗീതാനന്ദന്റെ ഉപദേശങ്ങൾ വകവെയ്ക്കാതെ തിടുക്കത്തിൽ രൂപീകരിച്ച ജെ.ആർ.എസിനെ എൻ.ഡി.എയുടെ ഭാഗമാക്കിയാണ് ജാനു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കളുടെ സമ്മർദവും പ്രലോഭനങ്ങളുമാണ് ആദിവാസി നേതാവെന്ന നിലയിൽ രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന ജാനുവിനെ തെരഞ്ഞടുപ്പിൽ എൻ.ഡി.എയുടെ കുടക്കീഴിൽ നിർത്തിയത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന പക്ഷം ദേശീയ പട്ടികവർഗ കമ്മീഷൻ അംഗത്വമാണ് ബി.ജെ.പി നേതാക്കൾ ജാനുവിന് വാഗ്ദാനം ചെയ്തത്. മണ്ഡലത്തിൽ കോൺഗ്രസിലെ ഐ.സി. ബാലകൃഷ്ണൻ. സി.പി.എമ്മിലെ രുക്മണി സുബ്രഹ്മണ്യൻ എന്നിവരുമായുള്ള മത്സരത്തിൽ മൂന്നാം സ്ഥാനത്തായ ജാനുവിനു നൽകിയ വാഗ്ദാനം രണ്ടു വർഷം കഴിഞ്ഞിട്ടും ബി.ജെ.പിയും എൻ.ഡി.എയും പാലിച്ചില്ല. ഇതിൽ പാർട്ടി നേതാക്കളിലും പ്രവർത്തകരിലും അമർഷം ശക്തമാണ്.
ജെ.ആർ.എസ് അധ്യക്ഷ എന്ന നിലയിൽ എൻ.ഡി.എ ചട്ടക്കൂടിൽ നിൽക്കാൻ നിർബന്ധിതയായ ജാനുവിന് ഗോത്രമഹാസഭ അധ്യക്ഷ എന്ന നിലയിൽ പല വിഷയങ്ങളിലും നിലപാടുകൾ തുറന്നടിക്കാൻ കഴിയുന്നില്ല. ഗോത്രമഹാസഭയുടെ പ്രവർത്തനങ്ങളിൽ മുഴുകാനും മുന്നണി ബന്ധം തടസ്സമാകുകയാണ്.
14 നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നു ജാനു പറഞ്ഞു.
മുന്നണി ബന്ധം വിഛദേിക്കണമെന്ന വികാരം പാർട്ടി പ്രവർത്തകരിൽ ശക്തമാണ്.
കേരളത്തിലെ യു.ഡി.എഫിനും എൽ.ഡി.എഫിനും ഇല്ലാത്ത ഒരു പ്രത്യേകതയും എൻ.ഡി.എയിൽ കാണാനാകാത്ത സ്ഥിതിയാണുള്ളത്. പട്ടികവർഗ പ്രത്യേക മേഖല പ്രഖ്യാപനം, വനാവകാശ നിയമം അട്ടിമറിക്കുന്നതു തടയുന്നതിനു ഇടപെടൽ എന്നിവയാണ് ജെ.ആർ.എസ് ദേശീയ ജനാധിപത്യ സഖ്യത്തിൽ പ്രധാനമായും ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബോർഡുകളിലും മറ്റും അർഹമായ പ്രാതിനിധ്യവും ആവശ്യപ്പെട്ടു. എന്നാൽ മുന്നണി നേതൃത്വം തീർത്തും നിരാശപ്പെടുത്തുകയാണുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ആറു മാസം മാത്രം അവശേഷിച്ചിരിക്കേ മുന്നണി നേതൃത്വത്തിൽ പാർട്ടിക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കയാണ്.
പാർട്ടിയെ ശാക്തീകരിക്കാനാണ് പാർട്ടി സംസ്ഥാന കൗൺസിൽ തീരുമാനം. എൻ.ഡി.എ വിടുന്നതിനെക്കുറിച്ചു പുറമെ കേരളത്തിലെ ഇടതു, വലതു മുന്നണി സംവിധാനങ്ങളുടെ ഭാഗമാകാനുള്ള സാധ്യതകളും സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്യും. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200 ദളിത് കുടുംബങ്ങൾ വൈകാതെ ജെ.ആർ.എസിൽ എത്തുമെന്നും ജാനു പറഞ്ഞു.