റിയാദ്- ദമാമിലെ അബ്‌ഖൈഖിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് തൃത്താല അത്താണിക്കൽ സ്വദേശി പുത്തൻപീടികയിൽ ബഷീറിന് സുഹൃത്തുക്കളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ രാത്രി ഇത്തിഹാദ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം ഇന്ന് കാലത്ത് നാട്ടിലെത്തി ഖബറടക്കും. സുഹൃത്ത് ഉസൈർ ആണ് മൃതദേഹത്തെ അനുഗമിച്ചത്.
ദമാമിൽ നിന്ന് റിയാദിലേക്ക് അബ്‌ഖൈഖ് വഴി മടങ്ങുമ്പോൾ ഞായറാഴ്ച വൈകുന്നേരം കാറിൽ ട്രെയിലറിടിച്ചുണ്ടായ അപകടത്തിലാണ് ബഷീർ മരിച്ചത്. വിവരമറിഞ്ഞയുടനെ തന്നെ സുഹൃത്തുക്കൾ അബ്‌ഖൈഖിലെത്തുകയും മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ അബ്‌ഖൈഖ് ആശുപത്രിയിൽ നിന്ന് മൃതദേഹം ദമാം മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുവന്നു. റിയാദിലെയും ദമാമിലെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ മയ്യിത്ത് നമസ്‌കാരം നടത്തിയാണ് ദമാം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. ഇന്ന് രാവിലെ 8.30നാണ് മയ്യിത്ത് നാട്ടിലെത്തുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദമാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കം, ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ സാരഥി റഫീഖ് കൂട്ടിലങ്ങാടി, റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ബശീർ ചേലേമ്പ്ര എന്നിവർ രംഗത്തുണ്ടായിരുന്നു. ശക്കീബ് കൊളക്കാടൻ, മൊയ്തു അറ്റ്‌ലസ്, കമ്മു, മുനീർ തുടങ്ങിയവർ റിയാദിൽ നിന്നെത്തി അനന്തര ചടങ്ങുകളിൽ സംബന്ധിച്ചു. ദമാമിൽ മയ്യിത്ത് നമസ്‌കാരവും അനുശോചനവും വെള്ളിയാഴ്ച നടക്കും.
അപകടത്തിൽ മരിച്ച തമിഴ്‌നാട് തഞ്ചാവൂർ ശ്രീരാം ശ്രീനിവാസന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഗുരുതരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശി അബ്‌ഖൈഖ് ആശുപതി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.