ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനത്ത് നടത്തി വരുന്ന സമരത്തില്‍ ഇടപെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിഷയം ആളിക്കത്തിക്കാനാണ് സംസ്ഥാന സമിതിയോടും നേതാക്കളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍എസ്എസിന്റെയും മറ്റും അഭിപ്രായങ്ങള്‍ കാര്യമാക്കേണ്ടെന്നും പ്രക്ഷോഭം വോട്ടാക്കി മാറ്റാനുമാണ് നിര്‍ദേശം. ഇതോടെ ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും രണ്ട് അഭിപ്രായങ്ങളാണ് ഉള്ളതെന്ന സംശയവും ശക്തമായിരിക്കുകയാണ്. ഇതുവരെ ശബരിമല വിഷയത്തില്‍ നിലപാടെന്താണെന്ന് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടില്ല. അതേസമയം ബിജെപിക്ക് വീണുകിട്ടിയ അവസരമാണ് ശബരിമല പ്രതിഷേധമെന്നും നേതാക്കള്‍ കൂടുതല്‍ സജീവമാകണമെന്നും നിര്‍ദേശമുണ്ട്. വെള്ളാപ്പള്ളി നടേശനും എസ്എന്‍ഡിപിയും അടക്കമുള്ളവരുടെ പ്രതിഷേധത്തെ കാര്യമാക്കാതെയാണ് ബിജെപി ശബരിമല വിഷയവുമായി മുന്നോട്ട് പോകുന്നത്. ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനുമാണ് അമിത് ഷായുടെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.