റിയാദ് - ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്തോനേഷ്യയുമായി ഇന്ന് കരാർ ഒപ്പുവെക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്തോനേഷ്യൻ അധികൃതരുമായി ധാരണയിലെത്തിയിട്ടുണ്ട്. തുടക്കത്തിൽ ആറു മാസക്കാലം പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്തോനേഷ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക. ഇക്കാലയളവിൽ 30,000 വേലക്കാരികളെ മാത്രമാണ് റിക്രൂട്ട് ചെയ്യുക. ഇതിനു ശേഷം ഇന്തോനേഷ്യയിൽ നിന്ന് പൂർണ തോതിൽ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കും.
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വിപണിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് മന്ത്രാലയം ശ്രമിക്കും. ഫിലിപ്പൈൻസിൽനിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിനുള്ള ചെലവ് പതിനേഴായിരം റിയാലിൽ നിന്ന് പതിനായിരം റിയാലായി കുറക്കും. വിദേശങ്ങളിൽ നിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിന് എടുക്കുന്ന സമയം ആറു മാസത്തിൽ നിന്ന് രണ്ടു മാസമായും കുറക്കുമെന്ന് മന്ത്രി പറഞ്ഞു.
ഒന്നര വർഷത്തിനുള്ളിൽ 1800 ഓളം പുതിയ സഹകരണ, സന്നദ്ധ സൊസൈറ്റികൾ സ്ഥാപിക്കും. മുപ്പതു വർഷത്തിനിടെ സ്ഥാപിച്ച സൊസൈറ്റികളുടെ ആകെ എണ്ണത്തേക്കാൾ കൂടുതലാണിത്. മൂന്നു ദശകത്തിനിടെ 950 സൊസൈറ്റികളാണ് സ്ഥാപിച്ചത്. സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള 35 പദ്ധതികൾ മൂന്നു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.