ജിദ്ദ - നാളെ മുതൽ സർവീസുകൾ ആരംഭിക്കുന്ന ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ ട്രെയിനുകളിൽ സീറ്റ് ബുക്കിംഗിന് യാത്രക്കാരിൽ നിന്ന് വലിയ പ്രതികരണം. ആദ്യ ദിവസങ്ങളിലെ സർവീസുകളിൽ 99 ശതമാനം സീറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. പരിമിതമായ സീറ്റുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. രണ്ടു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കണം. ഇവർക്ക് പ്രത്യേക സീറ്റുണ്ടാകില്ല. ബന്ധുക്കൾക്കൊപ്പം അവരുടെ സീറ്റുകളിലാണ് കുട്ടികൾ യാത്ര ചെയ്യേണ്ടത്. പ്രായപൂർത്തിയായവർക്കൊപ്പമല്ലാതെ കുട്ടികൾ ഒറ്റക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്.
അതേസമയം, ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയിൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. തുടക്കത്തിൽ രണ്ടു മാസക്കാലം ആഴ്ചയിൽ നാലു ദിവസം മാത്രമാണ് സർവീസുകളുണ്ടാവുക. ഈ ദിവസങ്ങളിൽ ഒരു ദിശയിൽ നാലു സർവീസുകൾ വീതമുണ്ടാകും. ഇത്രയും കുറഞ്ഞ സർവീസുകൾ മക്ക, മദീന സന്ദർശകർക്ക് പര്യാപ്തമാകില്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു.
ഹറമൈൻ ഹൈ സ്പീഡ് റെയിൽെേവയിൽ ഈ മാസം നാലു മുതൽ സർവീസ് തുടങ്ങുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ഈ മാസം പതിനൊന്നിലേക്ക് നീട്ടിവെക്കുകയായിരുന്നു. നാളെ മുതൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആയി പ്രതിവാരം നാലു സർവീസുകൾ വീതമാണ് ഒരു ദിശയിൽ തുടക്കത്തിലുണ്ടാവുക. പടിപടിയായി സർവീസുകളുടെ എണ്ണം ഉയർത്തുകയും എല്ലാ ദിവസവും സർവീസുകളുണ്ടാവുകയും ചെയ്യും. മക്ക, മദീന ഡയറക്ട് സർവീസുകളുടെ സമയം രണ്ടു മണിക്കൂറും ജിദ്ദ, റാബിഗ് സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള സർവീസുകളുടെ സമയം 2.20 മണിക്കൂറുമായിരിക്കും. എന്നാൽ തുടക്കത്തിൽ ട്രെയിൻ സർവീസുകൾക്ക് ഇതിൽ കൂടുതൽ സമയമെടുക്കും.
പ്രതിദിനം 1,60,000 ത്തിലേറെ പേർക്ക് വീതം പ്രതിവർഷം ആറു കോടി പേർക്ക് യാത്രാ സൗകര്യം നൽകുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകൽപന ചെയ്തു നിർമിച്ചിരിക്കുന്നത്. 450 കിലോമീറ്റർ നീളമുള്ള പാതയിൽ മണിക്കൂറിൽ 300 ലേറെ കിലോമീറ്റർ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. മുപ്പത്തിയഞ്ച് ട്രെയിനുകൾ പദ്ധതിയിൽ സർവീസിന് ഉപയോഗിക്കും.