Sorry, you need to enable JavaScript to visit this website.

ഖശോഗിയുടെ തിരോധാനം: മൂന്നാം കക്ഷിയുടെ ഗൂഢാലോചന തള്ളിക്കളയുന്നില്ലെന്ന് തുർക്കി

യാസീൻ അക്തായ്  

റിയാദ് - സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാനത്തിൽ മൂന്നാമതൊരു കക്ഷിയുടെ ഗൂഢാലോചന തള്ളിക്കളയുന്നില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഉപദേഷ്ടാവ് യാസീൻ അക്തായ് പറഞ്ഞു. ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ വെച്ച് ഖശോഗി കൊല്ലപ്പെട്ടിരിക്കാമെന്ന് യാസീൻ അക്തായ് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ നിലപാടിൽനിന്ന് ഇദ്ദേഹം പിന്നോക്കം പോയി. ശക്തമായ തെളിവില്ലാതെ ഇക്കാര്യത്തിൽ ഒന്നും പറയാൻ കഴിയില്ലെന്ന് യാസീൻ അക്തായ് പറഞ്ഞു. 
സൗദി-തുർക്കി ബന്ധം വഷളാക്കുന്നതിന് മൂന്നാമതൊരു കക്ഷിയുടെ ഗൂഢാലോചന ഖശോഗിയുടെ തിരോധാനത്തിന് പിന്നിലുണ്ടാകുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഖശോഗിയുടെ തിരോധാനം സൗദി അറേബ്യക്കും തുർക്കിക്കും ഗുണം ചെയ്യില്ല. ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു സാധ്യതക്കും വ്യക്തമായ തെളിവുകളില്ലെന്ന് അക്തായ് പറഞ്ഞു. അതേസമയം, ഖശോഗിയുടെ പ്രതിശ്രുത വധുവാണെന്ന് അവകാശപ്പെട്ട് രംഗത്തു വന്ന തുർക്കി യുവതിയുടെ വെളിപ്പെടുത്തൽ താൻ വിശ്വസിക്കുന്നതായും യാസീൻ അക്തായ് പറഞ്ഞു. ഖശോഗിയുടെ പ്രതിശ്രുത വധുവാണെന്ന് അവകാശപ്പെട്ട ഖദീജ ജാൻകീസിനെ തങ്ങൾക്ക് അറിയില്ലെന്ന് ഖശോഗിയുടെ പുത്രനും കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. 
ഖശോഗിയെ കാണാതായതിനെ തുടർന്ന് ഖദീജ ജാൻകീസ് താനുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം മാത്രമാണ് ഇവർ ഖശോഗിയുടെ പ്രതിശ്രുത വധുവാണെന്ന കാര്യം താൻ അറിഞ്ഞതെന്ന് യാസീൻ അക്തായ് പറഞ്ഞു. ഇരുവർക്കുമിടയിൽ ബന്ധമുണ്ടെന്ന് തനിക്ക് അതിനു മുമ്പ് അറിയില്ലായിരുന്നെന്നും അക്തായ് പറഞ്ഞു. 
അതേസമയം, ജമാൽ ഖശോഗി സൗദി പൗരനാണെന്നും അദ്ദേഹത്തിന്റെ സുരക്ഷ സൗദി അറേബ്യക്ക് പരമപ്രധാനമാണെന്നും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ പുത്രനും അമേരിക്കയിലെ സൗദി അംബാസഡറുമായ ഖാലിദ് രാജകുമാരൻ പറഞ്ഞു. ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ വെച്ച് ഖശോഗിയെ കാണാതായെന്നും അദ്ദേഹത്തെ കോൺസുലേറ്റിൽ തടഞ്ഞുവെച്ചിരിക്കുകയോ വധിക്കുകയോ ചെയ്തിരിക്കാമെന്നുമുള്ള നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകളെല്ലാം സത്യവുമായി ബന്ധമില്ലാത്ത പച്ചക്കള്ളമാണ്. സൗദി കോൺസുലേറ്റിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഖശോഗിയെ കാണാതായതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. വൈകാതെ കോൺസുലേറ്റിൽ വെച്ചാണ് ഖശോഗിയെ കാണാതായതെന്ന ആരോപണം ഉന്നയിക്കപ്പെട്ടു. തുർക്കി അധികൃതരെയും മാധ്യമ പ്രവർത്തകരെയും കോൺസുലേറ്റ് കെട്ടിടം പരിശോധിക്കുന്നതിന് അനുവദിച്ച ശേഷം ഔദ്യോഗിക പ്രവൃത്തി സമയത്തിനിടെ ഡസൻ കണക്കിന് ഉദ്യോഗസ്ഥരും സന്ദർശകരുമുള്ള സമയത്ത് കോൺസുലേറ്റിൽ വെച്ച് ഖശോഗി വധിക്കപ്പെട്ടിരിക്കാമെന്ന പുതിയ ആരോപണം ഉയർന്നുവന്നു. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്നോ അവരുടെ ഉദ്ദേശ്യമെന്താണെന്നോ തനിക്കറിയില്ലെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 
ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഗൂഢോദ്ദേശ്യത്തോടെയുള്ള കിംവദന്തികൾ പ്രചരിക്കുന്നത് അപലപനീയമാണ്. ജീവിതത്തിൽ നല്ലൊരു ഭാഗവും രാജ്യത്തെ സേവിക്കുന്നതിന് വിനിയോഗിച്ച വ്യക്തിയാണ് ജമാൽ ഖശോഗി. അദ്ദേഹത്തിന്റെ കുടുംബവും സൗദി ഭരണകൂടവും കടുത്ത ആശങ്കയിലാണ്. ജമാൽ ഖശോഗിക്ക് സൗദിയിൽ നിരവധി സുഹൃത്തുക്കളുണ്ട്. താനും അക്കൂട്ടത്തിൽ ഒരാളാണ്. അദ്ദേഹം തന്നെ പറയുന്നതു പോലെ സ്വയം വിപ്രവാസം തെരഞ്ഞെടുത്തത് അടക്കമുള്ള പല പ്രശ്‌നങ്ങളിലും തങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും വാഷിംഗ്ടണിലുണ്ടായിരുന്നപ്പോൾ തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരുന്നു. ഖശോഗി ആദ്യമായല്ല ഇസ്താംബൂൾ സൗദി കോൺസുലേറ്റ് സന്ദർശിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇസ്താംബൂൾ സൗദി കോൺസുലേറ്റും വാഷിംഗ്ടണിലെ സൗദി എംബസിയും പല തവണ ഖശോഗി സന്ദർശിച്ചിട്ടുണ്ട്. ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുർക്കി സുരക്ഷാ വകുപ്പുകൾ നടത്തുന്ന അന്വേഷണവുമായി ഇസ്താംബൂൾ സൗദി കോൺസുലേറ്റ് പൂർണ തോതിൽ സഹകരിക്കുന്നുണ്ട്. തുർക്കി ഗവൺമെന്റിന്റെ അനുമതിയോടെ സൗദി അറേബ്യ തുർക്കിയിലേക്ക് അന്വേഷണ സംഘത്തെ അയച്ചിട്ടുമുണ്ട്. ഖശോഗിയുടെ തിരോധാനത്തിനു പിന്നിലെ യാഥാർഥ്യം വെളിച്ചത്തു കൊണ്ടുവരുന്നതിനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും ഖാലിദ് രാജകുമാരൻ പറഞ്ഞു.

Latest News