അബുദാബി- അബുദാബിയിലെ വാടക 12.73 ശതമാനം വരെ കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിനെക്കാള്‍ കുറവാണ് മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് റിയല്‍ എസ്‌റ്റേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഖലീഫ സിറ്റിയില്‍ ഒറ്റ കിടപ്പുമുറി ഫഌറ്റിനാണ് കൂടുതല്‍ വിലത്തകര്‍ച്ച നേരിട്ടത്, 12.73 ശതമാനം. ഇവിടെ സ്റ്റുഡിയോക്ക് 9.38 ശതമാനവും വില കുറഞ്ഞിട്ടുണ്ട്.
മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഒറ്റ കിടപ്പുമുറി ഫഌറ്റ് വാടകയില്‍ 9.09 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജനവാസ കേന്ദ്രങ്ങളില്‍ ഒന്നു മുതല്‍ ഒന്‍പതു ശതമാനം വരെ കെട്ടിട വാടക കുറഞ്ഞിട്ടുണ്ട്. ഖലീഫ സിറ്റിയില്‍ 55,000 ദിര്‍ഹമുണ്ടായിരുന്ന ഒരു കിടപ്പുമുറി ഫഌറ്റിന് ഇപ്പോള്‍ 48,000 ദിര്‍ഹമായി. സ്റ്റുഡിയോക്ക് 32,000ത്തില്‍നിന്ന് 29,000 ദിര്‍ഹം ആയാണ് കുറഞ്ഞിരിക്കുന്നത്. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 44,000 ദിര്‍ഹമുണ്ടായിരുന്ന ഒരു കിടപ്പുമുറി ഫഌറ്റിന് 40,000 ദിര്‍ഹമായും കുറഞ്ഞു. എന്നാല്‍ മുറൂര്‍ റോഡില്‍ ഒരു കിടപ്പുമുറി ഫഌറ്റിന് ഡിമാന്‍ഡ് കൂടിയപ്പോള്‍ വില 9.09 ശതമാനമായി വര്‍ധിച്ചു.
അല്‍ റീം ഐലന്‍ഡില്‍ സ്റ്റുഡിയോ ഫഌറ്റിന് 8.62 ശതമാനവും ഒരു കിടപ്പുമുറി ഫഌറ്റിന് 8.24 ശതമാനവും വാടക കുറഞ്ഞു. സാദിയാത് ഐലന്‍ഡിലെ വില്ലകള്‍ക്ക് അഞ്ചു ശതമാനം വരെ വിലക്കുറവുണ്ട്. അല്‍റീഫ്, സാദിയാത് മേഖലകളിലും രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ വില കുറഞ്ഞിട്ടുണ്ട്.
അല്‍കറാമ മേഖലയിലെ വില്ലകളുടെ വിലയും ഗണ്യമായി കുറഞ്ഞു. 2,10,000 ദിര്‍ഹമുണ്ടായിരുന്ന അഞ്ചു കിടപ്പുമുറിയുള്ള വില്ലയുടെ വാടക 14.29 ശതമാനം കുറഞ്ഞ് അത് 1,80,000 ദിര്‍ഹമായി. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ വില്ലകളുടെ വാടകയില്‍ ശരാശരി 13.64 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ഖലീഫ സിറ്റി എയിലെ വില്ലകള്‍ക്ക് ആവശ്യക്കാര്‍ ഏറിയപ്പോള്‍ വില 15.4 ശതമാനം വര്‍ധിച്ചു.