തിരുവനന്തപുരം - മൂന്ന് ബ്രൂവറിക്കും ഡിസ്റ്റിലറിക്കും സർക്കാർ നൽകിയ അനുമതി റദ്ദാക്കിയത് ഗത്യന്തരമില്ലാതെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സൈസ് മന്ത്രി രാജിവക്കുംവരെ യു.ഡി.എഫിന്റെ പ്രക്ഷോഭം തുടരും. ആരും അറിയാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നടത്തിയ വലിയൊരു അഴിമതി കയ്യോടെ പിടിച്ചപ്പോഴാണ് അനുമതി പിൻവലിക്കുകയാണെന്ന് പറഞ്ഞ് സർക്കാർ രംഗത്തെത്തിയത്. കട്ടെടുത്ത മുതൽ തിരിച്ച് കൊടുത്താൽ അത് കളവല്ലാതെ ആകില്ല. മന്ത്രി ടി.പി. രാമകൃഷ്ണൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചില്ലായിരുന്നെങ്കിൽ മൈക്രോ ബ്രൂവറികൾ അനുവദിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകുമായിരുന്നു. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനെ ബാംഗ്ലൂരിലയച്ച് സർക്കാർ ഉണ്ടാക്കിയ റിപ്പോർട്ട് എക്‌സൈസ് മന്ത്രിയുടെ ഓഫീസിൽ അനുമതി കാത്ത് കിടക്കുകയാണ്. ഇപ്പോൾ ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നില്ലെങ്കിൽ അതിനും ഈ സർക്കാർ അനുമതി കൊടുക്കുമായിരുന്നു. അനുമതിക്കുള്ള ഫയൽ ഏഴ് മാസവും, എട്ട് ദിവസവും എക്‌സൈസ് മന്ത്രിയുടെ ഓഫീസിലായിരുന്നു. ഡീൽ ഉറപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് ഈ ഫയൽ പൂഴ്ത്തലിന് പിന്നിൽ ഉണ്ടായിരുന്നത്. തത്വത്തിൽ അംഗീകാരം നൽകിയെന്നാണ് ഇപ്പോഴും എക്‌സൈസ് മന്ത്രി പറയുന്നത്. 1965 ലെ എക്‌സൈസ് നിയമത്തിലും, 1967 ലെ ബ്രൂവറി നിയമത്തിലും എവിടെയെങ്കിലും തത്വത്തിലുള്ള അംഗീകാരം പറഞ്ഞിട്ടുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. നിരവധി രഹസ്യങ്ങൾ പുറത്ത് വരാതിരിക്കട്ടെ എന്ന് കരുതിയാണ് മുഖ്യമന്ത്രി ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കുമുള്ള അനുമതികൾ റദ്ദാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.