ദുബായ്- ഒമ്പത് മാസമായി ശമ്പളം ലഭിക്കാതെ ദുബായില്‍ കുടുങ്ങിയ എട്ട് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ ഒടുവില്‍ നാട്ടിലേക്ക് പറന്നു. എം.വി ടോപ്മാന്‍ എന്ന പനാമ കപ്പലിലെ ജീവനക്കാരായിരുന്നു ഇവര്‍.
ദുബായ് മാരിടൈം സിറ്റിയില്‍ തമ്പടിച്ച കപ്പലില്‍നിന്ന് ഇവരെ സാമൂഹിക പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും രക്ഷിക്കുകയായിരുന്നു. നാവികരുടെ ദുര്‍വിധി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അധികൃതര്‍ ഇടപെട്ടു.
ശമ്പളമോ ഭക്ഷണമോ ഇന്ധനമോ നല്‍കാതെ കമ്പനി തങ്ങളെ ഉപേക്ഷിച്ചതായി ഇവര്‍ പരാതിപ്പെട്ടു. 2017 നവംബറില്‍ ദുബായ് തീരത്തെത്തിയശേഷം ഒരു മാസം മാത്രമാണ് ഇവര്‍ക്ക് ശമ്പളം ലഭിച്ചത്. ഇന്ത്യയിലെത്തിക്കഴിഞ്ഞാല്‍ നാലു മാസത്തെ ശമ്പളം നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. പനാമ കോണ്‍സുലേറ്റ് മുന്‍കൈയെടുത്താണ് പ്രശ്‌നപരിഹാരമുണ്ടാക്കിയത്.